സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി

Posted on: December 9, 2016 9:13 am | Last updated: December 9, 2016 at 9:13 am

പെരിന്തല്‍മണ്ണ: പ്രായ പൂര്‍ത്തിയാവാത്ത 11 ഉം 14 ഉം വയസുള്ള സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ പ്രതി കക്കൂത്ത് കിഴക്കേകര റജീബി (32) നെ അന്വേഷണ ഉേദ്യാഗസ്ഥനായ പെരിന്തല്‍മണ്ണ സി ഐ. സാജു കെ അബ്രഹാം കസ്റ്റഡിയില്‍ വാങ്ങി തെളിവ് ശേഖരണം നടത്തി. 2012 മുതല്‍ 2014 വരെ പ്രതി പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ നിരന്തരം പീഡനത്തിനിരയാക്കുകയും തുടര്‍ന്ന് മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 24 ന് പെരിന്തല്‍മണ്ണ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാള്‍ ഏഴ് മാസത്തിലധികം ഒളിവില്‍ കഴിഞ്ഞ് മൂന്ന് തവണ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷ നല്‍കിയിരുന്നു. ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് പ്രതി മഞ്ചേരി സെക്ഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ തിരിച്ച് മഞ്ചേരി കോടതിയില്‍ ഹാജരാക്കി ഈ മാസം 17 വരെ കോടതി റിമാന്‍ഡ് ചെയ്തു. എസ് ഐ. നരേന്ദ്രന്‍, രത്‌നാകരന്‍, വിവിന്‍ മണ്ണാര്‍ക്കാട് എന്നിവരാണ് കേസ് തുടരന്വേഷണം നടത്തുന്നത്.