ആണ്‍കുട്ടികളുമൊത്തുള്ള നീന്തല്‍ പരിശീലനം: മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ഇളവില്ലെന്ന് ജര്‍മന്‍ കോടതി

Posted on: December 8, 2016 10:25 pm | Last updated: December 8, 2016 at 10:13 pm

ബെര്‍ലിന്‍: സ്‌കൂളുകളിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നുള്ള നീന്തല്‍ പരിശീലന ക്ലാസുകളില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം ഇളവ് അനുവദിക്കാനാകില്ലെന്ന് ജര്‍മന്‍ പരമോന്നത കോടതി. ഇടകലര്‍ന്നുള്ള നീന്തല്‍ പരിശീലനം ഇസ്‌ലാമിക വീക്ഷണങ്ങള്‍ക്ക് എതിരാണെന്നും അതിനാല്‍ ഇളവ് അനുവദിക്കണമെന്നുമാവശ്യപ്പെട്ട് 11കാരിയുടെ ഹരജിയിലാണ് കോടതിയുടെ വിധി. ശരീരം മുഴുന്‍ മറക്കുന്ന രീതിയിലുള്ള ബുര്‍ക്കിനി പോലുള്ള നീന്തല്‍ വസ്ത്രങ്ങള്‍ ധരിച്ചാല്‍ പോലും ആണ്‍കുട്ടികളുമൊത്തുള്ള നീന്തല്‍ പരിശീലനത്തിന് മതം അനുശാസിക്കുന്നില്ലെന്നും നീന്തല്‍ പരിശീലനത്തില്‍ നിന്ന് ഇളവ് അനുവദിക്കണമെന്നും വിദ്യാര്‍ഥിനിയുടെ പിതാവ് നല്‍കിയ ഹരജിയില്‍ പറയുന്നു.

ജര്‍മനിയിലേക്ക് ലക്ഷണക്കണക്കിന് മുസ്്‌ലിം അഭയാര്‍ഥികളാണ് ഇതിനകം ചേക്കേറിയത്. അഭയാര്‍ഥികളെ സ്വീകരിക്കുന്ന നയത്തിനെരെ ജര്‍മനിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത് പ്രദേശിക തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു. എയ്‌ഞ്ചെല മെര്‍ക്കലിന്റെ ഭരണ കക്ഷിക്ക് പ്രദേശിക തിരഞ്ഞെടുപ്പുകളില്‍ വന്‍തിരിച്ചടിയാണ് ഉണ്ടായത്.
ഇത് മുസ്്‌ലിംകളോടുള്ള സമീപനത്തില്‍ മാറ്റംവരുത്താന്‍ അധികൃതരെ പ്രേരിപ്പിച്ചിട്ടുണ്ട്. മുസ്്‌ലിം സ്ത്രീകളെ ബുര്‍ഖ ധരിക്കുന്നത് വിലക്കേര്‍പ്പെടുത്തുന്നതിനുള്ള നിയമം കൊണ്ടുവരുന്നതിനുള്ള ആലോചനയിലാണ് ഭരണ കക്ഷി. നീന്തല്‍ പരിശീലനം സംബന്ധിച്ച കോടതിയുടെ വിധി ഈ തീരുമാനത്തിന് കൂടുതല്‍ ബലമേകുന്നതായിരിക്കും.
ശരീര വടിവുകള്‍ കാണുന്ന തരത്തിലുള്ള വസ്ത്രമാണ് ബുര്‍ക്കിനിയെന്നും ഇത് ധരിച്ച് കൊണ്ട് നീന്തല്‍ പരിശീലനത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും കാണിച്ച് സമര്‍പ്പിച്ച ഹരജി കീഴ്‌ക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചത്.