താഴെപ്പാലം അപ്രോച്ച് റോഡിന് രണ്ട് കോടി അനുവദിക്കും: സി മമ്മുട്ടി

Posted on: December 8, 2016 9:15 pm | Last updated: December 8, 2016 at 9:35 pm

തിരൂര്‍: താഴെപ്പാലം പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിന് രണ്ട് കോടി രൂപ അനുവദിക്കുമെന്ന് സി മമ്മുട്ടി എം എല്‍ എ. അപ്രോച്ച് റോഡിന് റവന്യൂ ഭൂമി തന്നെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇതിനായി റീ സര്‍വേ നടത്താന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം എല്‍ എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിരൂര്‍ ജില്ലാ ആശുപത്രിയിലെ അടിസ്ഥാന വികസനം ചര്‍ച്ച ചെയ്യുന്നതിന് ആരോഗ്യമന്ത്രിയുടെ ചേമ്പറില്‍ യോഗം വിളിച്ചു ചേര്‍ക്കും.

ലിനാക് സംവിധാനത്തോടെയുള്ള കെട്ടിട നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും ഐ സി യു സംവിധാനം അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കാനാണ് ആഗ്രഹിക്കുന്നതെന്നും എം എല്‍ എ വ്യക്തമാക്കി. ജില്ലാ ആശുപത്രിക്ക് പുറമേ വെട്ടം കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററും വളവന്നൂര്‍ സി എച്ച് സിയും ജനങ്ങള്‍ക്ക് ആശ്രയിക്കാനുതകുന്ന ഫാമിലി ആശുപത്രികളാക്കി മാറ്റുമെന്നും എം എല്‍ എ പറഞ്ഞു. മണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ചെലവ് വരുന്ന 52 ലക്ഷം രൂപയില്‍ പകുതി എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും പകുതി സര്‍ക്കാറും വഹിക്കും. കല്‍പകഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ മണ്ഡലത്തിലെ ഹൈടെക് സ്‌കൂളായി വികസിപ്പിക്കും. തിരുന്നാവായ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കുമെന്നും തിരുന്നാവായ പൊതുശ്മശാനം ആധുനിക രീതിയില്‍ നവീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നഗരസഭയിലെ പത്താം വാര്‍ഡ് ആശാരിക്കടവ് ഭാഗത്തെ പൈപ്പ് ലൈന്‍ നീട്ടുന്നതിന് മൂന്ന് ലക്ഷം രൂപ അനുവദിച്ചതായും എം എല്‍ എ അറിയിച്ചു. വാക്കാട്ട് പുതിയ ഫിഷ് ലാന്‍ഡിംഗ് കേന്ദ്രവും പറവണ്ണയില്‍ ആധുനിക മത്സ്യ വിപണന കേന്ദ്രവും സ്ഥാപിക്കും. മലയാള സര്‍വകലാശാലക്ക് പുതിയ ബസ് അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ക്കും ആസ്വദിക്കാന്‍ സാധിക്കുന്ന ടൂറിസം സെന്റര്‍ പദ്ധതിയിലുണ്ടാകുമെന്നും ഇത്തവണ ആരോഗ്യ, വിദ്യാഭ്യാസ, ടൂറിസം മേഖലകളിലെ വികസനങ്ങള്‍ക്കായിരിക്കും മണ്ഡലത്തില്‍ പ്രാധാന്യം നല്‍കുക. മണ്ഡലത്തില്‍ നടപ്പാക്കേണ്ട വികസന കാര്യങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ മൂന്ന് ദിവസം കൂടി സ്വീകരിക്കുമെന്നും എം എല്‍ എ അറിയിച്ചു.