Connect with us

Malappuram

അപൂര്‍വ്വ ഗ്രന്ഥങ്ങള്‍ കണ്ടെടുത്ത് കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍

Published

|

Last Updated

തേഞ്ഞിപ്പലം: അമൂല്യങ്ങളായ പുരാരേഖകള്‍ തേടിപ്പോയ കാലിക്കറ്റ് സര്‍വകലാശാല ചരിത്രപഠന വിഭാഗത്തിലെ ഗവേഷകര്‍ കണ്ടെടുത്തത് ഇന്ത്യയിലെ ആദ്യ ജ്യോതിഷ കൃതിയായ വരാഹമിഹിരന്‍ എഴുതിയ “ഹോര”, അടക്കമുള്ള അമൂല്യ ഗ്രന്ഥങ്ങള്‍. തൃശൂരിലെ വരകപ്പള്ളി ഇല്ലത്ത് നിന്നാണ് മുപ്പത്തിയൊന്‍പത് അമൂല്യ താളിയോല ഗ്രന്ഥങ്ങള്‍ ഗവേഷക സംഘം കഴിഞ്ഞ ദിവസം കണ്ടെടുത്തത്.

“ഹോര”യ്ക്ക് പുറമേ ദശമം കിളിപ്പാട്ട്, നളചരിതം കിളിപ്പാട്ട്, സംസ്‌കൃത ഭാഷ അലങ്കാരങ്ങള്‍ പ്രതിപാദിക്കുന്ന കുവലയാനന്ദം, ചമ്പുരാമായണം, ഭാഷാ ശാസ്‌ത്രോല്‍പ്പത്തിയെക്കുറിച്ച് വിശദീകരിക്കുന്ന യുധിഷ്ഠിര വിജയം, ശുക സന്ദേശം, പ്രശ്‌ന മാര്‍ഗം മനുഷ്യ ചന്ദ്രിക, വില്വപുരാണം തുടങ്ങിയ ഗ്രന്ഥങ്ങളാണ് തൃശൂര്‍ വരകപ്പിള്ളി ഇല്ലത്തു നിന്ന് കണ്ടെടുത്തത്. ആയുര്‍വേദ ചികിത്സ, ബാല ചികിത്സ, വിഷ ചികിത്സ, മര്‍മ വിജ്ഞാനീയം തുടങ്ങിയവയും താളിയോലകളുടെ കൂട്ടത്തിലുണ്ട്. കാലപ്പഴക്കം കാരണം രൂപഭേദം സംഭവിച്ച നിലയിലാണ് താളിയോലകള്‍ ലഭിച്ചത്.
ചില ഗ്രന്ഥങ്ങള്‍ അച്ചടി രൂപത്തിലുള്ളവയാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് വടക്കാഞ്ചേരിയിലെ ആമീനായിരുന്ന വരകപ്പിള്ളി വാസുദേവന്‍ പരമേശ്വരന്‍ ഇളയതിന്റെ പിന്‍മുറക്കാരാണ് അമൂല്യങ്ങളായ താളിയോല ഗ്രന്ഥങ്ങള്‍ കണ്ടെടുത്ത വരകപ്പള്ളി ഇല്ലത്ത് നിലവില്‍ താമസിക്കുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിലെ സംസ്‌കൃത ഭാഷാ പ്രചാരണവും പഠനവും വ്യാപകമായതിന്റെ തെളിവുകളാണ് ലഭിച്ചിരിക്കുന്നതെന്ന് ചരിത്ര പഠന വിഭാഗം മേധാവിയും സര്‍വകലാശാല സിന്‍ഡിക്കേറ്റംഗവുമായ ഡോ. പി ശിവദാസന്‍ പറഞ്ഞു.

ഇല്ലത്തെ സദാശിവന്‍, ഡോ. പി ശിവദാസന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇവര്‍ക്ക് പരിശോധനയിലൂടെ മുപ്പത്തിയൊന്‍പത് ഗ്രന്ഥങ്ങളുടെ പട്ടിക തയ്യാറാക്കാനായി. ലഭിച്ച അപൂര്‍വ്വ ചരിത്ര രേഖകള്‍ ശാസ്ത്രീയമായി പരിപാലിക്കുന്നതിനും ഡിജിറ്റല്‍ പകര്‍പ്പുകളെടുക്കുന്നതിനും ചരിത്ര പഠന വിഭാഗം ശ്രമം തുടങ്ങിയിട്ടുണ്ട്.

---- facebook comment plugin here -----

Latest