Connect with us

Wayanad

നോട്ട് പ്രതിസന്ധിക്കിടെ ബേങ്കുകാരുടെ ജപ്തി നടപടി

Published

|

Last Updated

മാനന്തവാടി: നോട്ടു പ്രതിസന്ധിക്കിടെ കണ്ണില്‍ ചോരയില്ലാതെ ബേങ്കുകാരുടെ ജപ്തി നടപടി.സ്‌റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ മാനന്തവാടി ശാഖ യില്‍ നിന്നാണ് ഇന്നലെ വൈകുന്നേരത്തോടെ കോടതി ഉത്തരവിന്റെ മറവില്‍ നിര്‍ധനകുടുംബത്തെ ബലം പ്രയോഗിച്ച് പെരുവഴിയിലിറക്കിയത്.മുഴുവന്‍ തുകയും ലഭിക്കാതെ വീടിന്റെ താക്കോല്‍ തരില്ലെന്ന് വാശി പിടിച്ചിരുന്ന ബേങ്കതികൃതര്‍ വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ ലോണിലേക്ക് 50,000 രൂപയുടെ ചെക്ക് കൈപ്പറ്റിയ ശേഷമാണ് തിരിച്ചു പോയത്. പിച്ചംകോട് അംബേദ്കര്‍ റോഡിലെ നിര്‍ധന കുടുംബത്തെയാണ് പോലീസുമായെത്തിയ ബേങ്കധികൃതര്‍ ബലം പ്രയോഗിച്ച വീട്ടില്‍ നിന്നും പുറത്താക്കി വീടിന്റെയും വീട്ടിനുള്ളിലുണ്ടായിരുന്ന അലമാരയുടെയും താക്കോല്‍ കൈവശപ്പെടുത്തി വിലപേശിയത്.

ബേങ്ക് മാനേജരുള്‍പ്പെടെ വീട്ടിലെത്തുമ്പോള്‍ സ്ത്രീകളും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ തയ്യാറാവാതിരുന്ന ഇവരെ ബലം പ്രയോഗിച്ച പുറത്തിറക്കി വീട്ു പൂട്ടുകയായിരുന്നു. ഇതിനിടയില്‍ അടുക്കളഭാഗത്തെ വാതില്‍ തകരുകയും ചെയ്തു.ഗൃഹനാഥന്‍ വിട്ടിലെത്തിയപ്പോള്‍ അടക്കാനുള്ള തുകയില്‍ ഒരു ലക്ഷം രൂപ വൈകുന്നേരത്തോടെ എത്തിക്കാമെന്ന് പറഞ്ഞെങ്കിലും അധികൃതര്‍ ജപ്തി നിര്‍ത്തി വെക്കാന്‍ തയ്യാറായില്ല.നാട്ടുകാര്‍ വിവരമറിഞ്ഞെത്തിയതോടെ ബേങ്കധികൃതരെ പോകാനനുവദിച്ചില്ല.

തുടര്‍ന്ന് മാനനന്തവാടിയില്‍ നിന്ന് പോലീസ് സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തുകയും നാട്ടുകാരിലൊരാള്‍ 50,000രൂപയുടെ ചെക്ക് കൈയ്യോടെ നല്‍കുകയും ചെയ്ത ശേഷമാണ് വീടിന്റെ താക്കോല്‍ തിരിച്ചു നല്‍കിയത്.വീടിനുണ്ടായ നാശനഷ്ടങ്ങള്‍ ബേങ്ക് മാനേജര്‍ വഹിക്കാമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.2010 ല്‍ വീട് നിര്‍മാണത്തിനായി വായ്പയെടുത്ത മൂന്ന് ലക്ഷം രൂപയില്‍ 1,65,000രൂപാ തിരിച്ചടക്കുകയും തുടര്‍ ഗഡുക്കളുടെ അടവ് തെറ്റുകയുമായിരുന്നു.ചെറുകിട പാട്ടക്കച്ചവടക്കാരനായ ഗൃഹനാഥന്‍ ഈ വര്‍ഷം പാട്ടത്തിനെടുത്ത അടക്ക നോട്ടു നിരോധനത്തെ തുടര്‍ന്ന് വന്‍ നഷ്ടത്തിലായിരുന്നു. ഇതിനിടയിലാണ് ബേങ്കധികൃതരുടെ ജപ്തി നടപടി.

 

Latest