കാട്ടാനയുടെ ആക്രമണം; ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളില്‍ പതിനൊന്ന് മാസത്തിനിടെ കൊല്ലപ്പെട്ടത് 14 പേര്‍

Posted on: December 8, 2016 9:05 pm | Last updated: December 8, 2016 at 10:30 pm
SHARE

ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കില്‍ പതിനൊന്ന് മാസത്തിനിടെ 14 പേര്‍ കാട്ടാനാക്രമണത്തില്‍ കൊല്ലപ്പെട്ടു. 2015 ജനുവരി മുതല്‍ 2016 ഡിസംബര്‍ 7 വരെയുള്ള കണക്കാണിത്. കാട്ടാനാക്രമണങ്ങള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ധിച്ചിട്ടുണ്ട്. കടുവ, കരടി, കാട്ടുപോത്ത് എന്നി വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ക്ക് പുറമെയാണിത്. 2016 ജനുവരി 14. പടച്ചേരി സ്വദേശി അനീഷ് (28) മാര്‍ച്ച് 18. മസിനഗുഡി സ്വദേശി പാപ്പണ്ണന്‍ (60) മാര്‍ച്ച് 31. പെരിയാര്‍ നഗര്‍ സ്വദേശികളായ രാധാകൃഷ്ണന്‍ (45) ഏപ്രില്‍ ഒന്ന്. മേങ്കോറഞ്ച് സ്വദേശികളായ മണിശേഖര്‍ (45) കര്‍ണന്‍ (41) ഏപ്രില്‍ 16. ചേരമ്പാടി സ്വദേശി മുഹമ്മദ് ഷാഫി, ജൂണ്‍ 11. ഇരുമ്പ് പാലം സ്വദേശി ചടയന്‍, ജൂണ്‍ 30. കൊളപ്പള്ളി സ്വദേശി മുരുകേശന്‍, ജൂലൈ ആദ്യവാരം ഓവാലി സ്വദേശി രംഗരാജന്‍, കുറ്റിമൂച്ചി സ്വദേശി കന്തസ്വാമി,
സെപ്തംബര്‍ 17. മഴവന്‍ ചേരമ്പാടി സ്വദേശി മുത്തയ്യന്‍, സെപ്തംബര്‍ 24. വനംവകുപ്പ് വാച്ചര്‍ സുനില്‍കുമാര്‍, സെപ്തംബര്‍ 30. ബൊക്കാപുരം സ്വദേശി കൃഷ്ണരാജ് തുടങ്ങിയവരാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ ഓവാലി പഞ്ചായത്തിലെ ധര്‍മഗിരിയില്‍ വീട്ടമ്മ കൊല്ലപ്പെട്ടു. ലീന (45)നെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. കാട്ടാനകളുടെ കൊലവിളി തുടരുകയാണ്. ജോലിക്ക് പോകുന്നവരും വീട്ട് സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവരും ആരാധനാലയങ്ങളില്‍ പ്രാര്‍ഥനക്ക് പോകുന്നവരും കാട്ടാനകളുടെ ആക്രമണങ്ങള്‍ക്ക് ഇരയാവുകയാണ്. കാട്ടാനാക്രമങ്ങള്‍ക്ക് നിരന്തര പരിഹാരം ഉണ്ടാക്കാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. ആക്രമണ വേളകളില്‍ മുതലകണ്ണീരൊഴുക്കി പ്രദേശങ്ങളിലെത്തുന്ന അധികാരികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഇതിന് ശാശ്വത പരിഹാരം കാണാന്‍ ഇതുവരെ സാധിച്ചിട്ടില്ല. നാട്ടുകാര്‍ എത്തുന്നതിന് മുമ്പ് തന്നെ മൃതദേഹം എടുത്ത് കൊണ്ടുപോകുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

ജനങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ പോലും സമയം നല്‍കുന്നില്ല. നൂറില്‍പ്പരം പേര്‍ക്ക് കാട്ടാനാക്രമണത്തില്‍പരുക്കേറ്റിട്ടുമുണ്ട്. നൂറുക്കണക്കിന് വീടുകളും തകര്‍ത്തിരുന്നു. വന്‍ കൃഷിനാശവും വരുത്തിയിരുന്നു. മൂന്ന് ലക്ഷം രൂപയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കുന്നത്. പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് ജനങ്ങള്‍ നിരന്തരം ആവശ്യപ്പെടുന്നത്.
കാട്ടാനയുടെ ആക്രമണം

LEAVE A REPLY

Please enter your comment!
Please enter your name here