ബഷീറിന്റെ കഥകള്‍ അയവിറക്കി ഭക്ഷണം കഴിക്കാം

Posted on: December 8, 2016 7:59 pm | Last updated: December 10, 2016 at 5:07 pm

ദുബൈ: വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങള്‍ആലേഖനം ചെയ്ത ചുവര്‍ ചിത്രങ്ങളുമായി ഒരു റസ്റ്റോറന്റ്. തീന്‍മേശക്ക് ചുറ്റുമിരിക്കുന്ന മലയാളികളുടെ സംഭാഷണങ്ങളില്‍ എന്നും ഇടംപിടിക്കാറുള്ള ബിഗ്‌ഷെഫ് നൗഷാദ്, സത്‌വയില്‍ ആരംഭിക്കാനിരിക്കുന്ന നൗഷാദ്‌സ് സിഗ്‌നേച്ചര്‍ റസ്റ്റോറന്റിലാണ് പാത്തുമ്മയുടെ ആടും ആനവാരിയും മറ്റും ഇടം പിടിച്ചത്. സത്‌വ റൗണ്ട് എബൗട്ടിനടുത്ത ചെല്‍സിയ പ്ലാസ ഹോട്ടലില്‍ 11ന് ഉച്ചക്ക് 12ന് ചെല്‍സിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഷിറാസ് ഖസ്സാമി ഉദ്ഘാടനം ചെയ്യും.

പരമ്പരാഗത ശൈലിയില്‍ തനി കേരളീയ അന്തരീക്ഷത്തിന്റെ സുഖം പകരുന്ന അകത്തളങ്ങളുള്ള ഈ റസ്റ്റോറന്റ് സാഹിത്യലോകത്തെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകളെ ആസ്പദമാക്കിയുള്ള പ്രമേയത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. മലയാളികളില്‍ ഭൂരിഭാഗവും വായന ആരംഭിക്കുന്ന പാത്തുമ്മയുടെ ആടിലെ പാത്തുമ്മയും ആടും ബാല്യകാലസഖിയിലെ സുഹ്‌റയും മജീദും ന്റുപ്പൂപ്പാക്കൊരാനണ്ടാര്‍ന്നുവിലെ കഥാപാത്രങ്ങളും ഭക്ഷണം കഴിക്കുമ്പോള്‍ ചുമര്‍ചിത്രങ്ങളായി നിങ്ങളുടെ അരികിലുണ്ടാകും. തനി നാടന്‍ ഉരുളി, മണ്‍ചട്ടി, കല്ല് തുടങ്ങിയവ ഉപയോഗിച്ചാണ് ഭക്ഷണം പാചകംചെയ്യുന്നതെന്നാണ് മറ്റൊരു സവിശേഷത. നൗഷാദിന്റെ മുദ്രകള്‍ പതിഞ്ഞ, സ്വന്തമായി ഉണ്ടാക്കുന്ന മസാല ചേര്‍ത്തുള്ള ബിരിയാണിയും കുട്ടനാട്, മലബാര്‍, നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങളും രുചിമുകുളങ്ങളെ ഉണര്‍ത്തും. മത്സ്യവിഭവങ്ങള്‍ക്ക് ലൈവ് കൗണ്ടര്‍ ഒരുക്കിയിട്ടുണ്ട്. മീന്‍ തലക്കറി, ആട് തലക്കറി, ലിവര്‍, ബ്രെയിന്‍, കുടല്‍, മട്ടന്‍ പായ-സൂപ്പ് മസാല എന്നിവയും മറ്റു പ്രത്യേകതകളാണ്. മലയാളികള്‍ക്ക് ഗൃഹാതുരത്വമുണ്ടാക്കുന്ന സമോവര്‍ ചായയും 30 തരം ദോശയുമാണ് മറ്റൊന്ന്. മൂന്ന് വിഭാഗങ്ങളായി ഭക്ഷണം വിളമ്പും. ഉച്ചക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് വരെ ഉച്ചഭക്ഷണം.

മൂന്നു മുതല്‍ ഏഴ് വരെ ചായയും നാടന്‍ പലഹാരങ്ങളും വൈകിട്ട് ഏഴ് മുതല്‍ അര്‍ധരാത്രി വരെ രാത്രി ഭക്ഷണം. 12 മുതല്‍ പുലര്‍ച്ചെ മൂന്ന് വരെ മിഡ്‌നൈറ്റ് സ്‌പെഷ്യല്‍ എന്നിങ്ങനെയായിരിക്കും പ്രവര്‍ത്തനം. 70 ശതമാനവും പരമ്പരാഗത ശൈലിയിലുള്ള ഭക്ഷണമാണ്.