Connect with us

Ongoing News

നാലാം ടെസ്റ്റിന് ഇന്ന് തുടക്കം; പരുക്കിന്റെ പിടിയില്‍ ഇന്ത്യ

Published

|

Last Updated

മുംബൈ: ഏഴ് ദിവസത്തെ ഇടവേളക്ക് ശേഷം ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ രാവിലെ 9.30 മുതലാണ് മത്സരം.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-0ത്തിന് മുന്നിട്ടുനില്‍ക്കുന്ന ഇന്ത്യ തുടര്‍ച്ചയായ മൂന്നാം ജയമാണ് ലക്ഷ്യമിടുന്നത്. ഈ മത്സരം ജയിക്കുകയോ സമനിലയാകുകയോ ചെയ്താല്‍ പരമ്പര സ്വന്തമാക്കാം. രാജ്‌കോട്ടില്‍ നടന്ന ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. വിശാഖപ്പട്ടണത്ത് നടന്ന രണ്ടാം മത്സരത്തില്‍ 246 റണ്‍സിന് ജയിച്ച ഇന്ത്യ മൊഹാലിയിലെ മൂന്നാം ടെസ്റ്റില്‍ എട്ട് വിക്കറ്റിനാണ് വിജയം കണ്ടത്. മൂന്നാം ടെസ്റ്റില്‍ ജയത്തോടെ പരമ്പര സ്വന്തമാക്കാന്‍ തന്നെയാണ് വിരാട് കോഹ്‌ലിയും ഇറങ്ങുക.

എന്നാല്‍, പ്രമുഖ താരങ്ങളുടെ പരുക്ക് കളത്തിലിറങ്ങും മുമ്പെ ഇന്ത്യക്ക് തിരിച്ചടിയായിരിക്കുകയാണ്. പരിശീലനത്തിനിടെ കൈവിരലിന് പരുക്കേറ്റ മധ്യനിര ബാറ്റ്‌സ്മാനും വൈസ് ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ല. പരമ്പരയില്‍ ഇതുവരെ മികച്ച പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഷമിയും പരുക്കുമൂലം കളിക്കില്ലെന്നാണ് സൂചന. രഹാനെക്ക് പകരക്കാരനായി മനീഷ് പാണ്ഡെയെയും ഷമിക്ക് പകരം ഷാര്‍ദുല്‍ ഠാക്കൂറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷമി കളിച്ചില്ലെങ്കില്‍ ഭുവനേശ്വര്‍ കുമാറിന് അവസരം നല്‍കിയേക്കും. അതേസമയം, പരുക്കേറ്റ വൃദ്ധിമാന്‍ സാഹക്ക് പകരം കഴിഞ്ഞ മത്സരത്തില്‍ കളിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ഥിവ് പട്ടേല്‍ മുംബൈയിലും ഇറങ്ങും. മൊഹാലി ടെസ്റ്റില്‍ പട്ടേല്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഓപണറായി ഇറങ്ങിയ പട്ടേല്‍ ഇംഗ്ലണ്ട് പേസ് ബൗളര്‍മാരെ നന്നായി നേരിട്ടിരുന്നു. കഴിഞ്ഞ ടെസ്റ്റില്‍ യഥാക്രമം 42, 67 ഉം റണ്‍സാണ് പട്ടേല്‍ സ്‌കോര്‍ ചെയ്തത്.

മുംബൈയില്‍ മുരളി വിജയ്‌യും കെ എല്‍ രാഹുലും ഇന്നിംഗ്‌സ് ഓപണ്‍ ചെയ്യുമെന്ന് നായകന്‍ വിരാട് കോഹ്‌ലി വ്യക്തമാക്കി. കഴിഞ്ഞ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച കരുണ്‍ നായര്‍ ഇന്നിറങ്ങും. മികച്ച ഫോമിലുള്ള വിരാട് കോഹ്‌ലിയും ചേതേശ്വര്‍ പുജാരയും ഇന്ത്യയുടെ ബാറ്റിംഗ് നെടുംതൂണുകളാകും. സ്പിന്‍ നിരയില്‍ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജയന്ത് യാദവ് എന്നിവര്‍ ഉജ്ജ്വല പ്രകടനം തുടര്‍ന്നാല്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ ഏറെ പണിപ്പെടേണ്ടിവരും.

മുംബൈയില്‍ ജയം നേടി പരമ്പരയില്‍ ഒരു തിരിച്ചുവരവാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. എന്നാല്‍, മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ ഫോമില്‍ തിരിച്ചെത്താത്തത് ടീമിന് വലിയ തലവേദന സൃഷ്ടിക്കുന്നു. ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്, ജോ റൂട്ട് എന്നിവര്‍ക്ക് വലിയ സ്‌കോറുകള്‍ നേടാന്‍ കഴിഞ്ഞിട്ടില്ല.

പരുക്കേറ്റ ഓപണിംഗ് ബാറ്റ്‌സ്മാന്‍ ഹസീബ് ഹമീദ്, ഇടംകൈയന്‍ സ്പിന്നര്‍ സഫര്‍ അന്‍സാരി എന്നിവര്‍ക്ക് പരക്കാരായി കീറ്റണ്‍ ജിന്നിംഗ്‌സ്, ലിയാം ഡാവ്‌സണ്‍ എന്നിവരെ ഇംഗ്ലണ്ട് ടീമില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. മൊഹാലി ടെസ്റ്റിനിടെയാണ് ഹമീദിന് പരുക്കേറ്റത്. സ്റ്റുവര്‍ട്ട് ബ്രോഡ് ഫിറ്റ്‌നസ് വീണ്ടെടുത്തത് സന്ദര്‍ശകര്‍ക്ക് ആത്മവിശ്വാസം പകരുമെന്നുറപ്പാണ്. ബൗളര്‍മാരെ തുണക്കുന്ന പിച്ചാണ് വാംഖഡെയിലേത് എന്നതിനാല്‍ ടോസ് നിര്‍ണായകമാകും.

സാധ്യതാ ടീം ഇന്ത്യ: കെ എല്‍ രാഹുല്‍, മുരളി വിജയ്, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), കരുണ്‍ നായര്‍, ആര്‍ അശ്വിന്‍, പാര്‍ഥിവ് പട്ടേല്‍, രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍.
ഇംഗ്ലണ്ട്: അലിസ്റ്റര്‍ കുക്ക് (ക്യാപ്റ്റന്‍), കീറ്റണ്‍ ജിന്നിംഗ്‌സ്, ജോ റൂട്ട്, മുഈന്‍ അലി, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍, ക്രിസ് വോക്‌സ്, ആദില്‍ റഷീദ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍.

---- facebook comment plugin here -----

Latest