ഐ എസ് എല്ലില്‍ തിളങ്ങുന്നത് നവാഗതരായ പരിശീലകര്‍

Posted on: December 6, 2016 12:26 pm | Last updated: December 6, 2016 at 12:26 pm

ഐ എസ് എല്‍ സെമിയില്‍ കേരളബ്ലാസ്റ്റേഴ്‌സ് ഡല്‍ഹിയെയും കൊല്‍ക്കത്ത മുംബൈയെയും നേരിടും. പത്തിന് കൊല്‍ക്കത്തയിലാണ് ആദ്യ സെമി. ഇരുപാദത്തിലുമായാണ് സെമി പോരാട്ടം. പതിനൊന്നിന് ബ്ലാസ്റ്റേഴ്‌സ് ആദ്യപാദ സെമി ഹോംഗ്രൗണ്ടില്‍ കളിക്കും. ആവേശകരമായ സീസണിന്റെ വലിയ പ്രത്യേകത സെമിയിലെത്തിയ ടീമുകളുടെ പരിശീലകരെല്ലാം തന്നെ ഐ എസ് എല്ലിലെ അരങ്ങേറ്റക്കാരാണ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റീവ് കോപ്പലിനെ പോലെ നവാഗതരാണ് മറ്റു മൂന്നുപേരും. സ്പാനീഷ് ക്ലബുകളെ പരിശീലിപ്പിച്ചിരുന്ന അതല്റ്റിക്കോ ഡി കൊല്‍ക്കത്തയുടെ കോച്ച് ഹോസെ മൊളിനൊ,റോബര്‍ട്ടോ കാര്‍ലോസിന്റെ പിന്‍ഗാമിയായി സ്ഥാനം എടുത്ത ജിയാന്‍ ലൂക്ക സാംബ്രോട്ട (ഡല്‍ഹി ഡൈനാമോസ്), 2002ലോകകപ്പില്‍ കളിച്ച കോസ്റ്ററിക്കന്‍ ടീമിന്റെ പരിശീലകനായ അലക്‌സാന്ദ്രോ ഗുയിമെറസ് ( മുംബൈ സിറ്റി),എന്നിവരെല്ലാം ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നവാഗതരായ പരിശീലകരാണ്. ഇവരുടെ തന്ത്രങ്ങളാണ് ഒടുവില്‍ വിജയം കണ്ടത്. തന്ത്രങ്ങളുടെ പഴയ ആശാന്മാര്‍ പരാജയപ്പെട്ട സീസണില്‍ പുതിയ ആശാന്മാര്‍ വിജയം കണ്ടു.

കഴിഞ്ഞ സീസണില്‍ സെമിഫൈനല്‍ വരെ എത്തിയ ടീമുകളെയാണ് മൊളിനോയ്ക്കും സാംബ്രോട്ടയ്ക്കും പരിശീലിപ്പിക്കാന്‍ ലഭിച്ചത് എന്നാല്‍ ഗുയിമെറസും സ്റ്റീവ് കോപ്പലും കഴിഞ്ഞ സീസണില്‍ യഥാക്രമം ആറാമതും എട്ടാമതും നിന്ന ടീമുകളെയാണ് സെമിയില്‍ എത്തിച്ചതെന്ന് ഹെര്‍ബര്‍ട്ട് ചൂണ്ടിക്കാട്ടി. സെമിയില്‍ മുംബൈ സിറ്റി മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്തയെയും മറുവശത്ത് ഡല്‍ഹി ആദ്യ സീസണിലെ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്‌സിനെയുമാണ് നേരിടുന്നത്.