പ്രാദേശിക വാദത്തിന് ഇറ്റലി ‘ശരി’ പറഞ്ഞു

Posted on: December 6, 2016 8:11 am | Last updated: December 6, 2016 at 12:12 pm
രാജി പ്രഖ്യാപിക്കാനായി റോമിലെ വസതിയില്‍വെച്ച് മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്ന ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സി
രാജി പ്രഖ്യാപിക്കാനായി റോമിലെ വസതിയില്‍വെച്ച് മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്ന ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സി

റോം: അമേരിക്കക്കും ബ്രിട്ടനും പിന്നാലെ പ്രാദേശിക വാദത്തിനും തീവ്ര വലതുപക്ഷ, കുടിയേറ്റവിരുദ്ധ നിലപാടുകള്‍ക്കും ഇറ്റലി ‘ശരി’പറഞ്ഞു. ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സിയുടെ ഭരണഘടനാ ഭേദഗതിക്ക് വേണ്ടിയുള്ള ഹിതപരിശോധന ജനം തള്ളി. ഫലം വന്നതിന് മണിക്കൂറുകള്‍ക്ക് ശേഷം രാജി പ്രഖ്യാപിച്ച് റെന്‍സി രംഗത്തെത്തി. 59.5 ശതമാനം പേരും ഭേദഗതിയെ എതിര്‍ത്തു. വോട്ടര്‍മാരില്‍ 70 ശതമാനത്തോളം പേര്‍ പങ്കെടുത്ത ഹിതപരിശോധനയുടെ ഫലം റെന്‍സിയുടെ രാഷ്ട്രീയ ഭാവിക്ക് കൂടിയാണ് മങ്ങലേല്‍പ്പിച്ചത്. സെനറ്റര്‍മാരുടെയും പ്രാദേശിക കേന്ദ്രങ്ങളുടെയും അധികാരം വെട്ടിക്കുറച്ച് പാര്‍ലിമെന്റ് സംവിധാനം കാര്യക്ഷമമാക്കാനുള്ള റെന്‍സിയുടെ പുരോഗമന നിലപാടുകളെയാണ് ഇറ്റാലിയന്‍ ജനത ചവറ്റുകൊട്ടയിലേക്ക് എറിഞ്ഞത്.

കടുത്ത പ്രാദേശികവാദവും ആഗോളവത്കരണ, കുടിയേറ്റവിരുദ്ധ നിലപാടുകളും ഉയര്‍ത്തുന്ന ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ നടന്ന ‘നോ’ ക്യാമ്പയിന്‍ ജനങ്ങള്‍ ഏറ്റെടുത്തിരുന്നു. കാലാവധി പൂര്‍ത്തിയാക്കാതെ മൂന്ന് വര്‍ഷത്തിനുള്ളില്‍ റെന്‍സി പടിയിറങ്ങേണ്ടിവരുന്നത് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തകര്‍ച്ചയിലേക്ക് വഴിവെച്ചേക്കും. കൂടാതെ വര്‍ഗീയ നിലപാടുകള്‍ ഉയര്‍ത്തി ജനപ്രീതി നേടിയ ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റ് പാര്‍ട്ടിക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ ഹിതപരിശോധനാ ഫലം കാരണമായേക്കും. ഹിത പരിശോധനക്കും പ്രധാനമന്ത്രിയുടെ രാജിക്കും പിന്നാലെ തിരഞ്ഞെടുപ്പ് ആവശ്യം ഉന്നയിച്ച് ഫൈവ് സ്റ്റാര്‍ പാര്‍ട്ടിയുടെ നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പില്‍ ഫൈവ്സ്റ്റാര്‍ മൂവ്‌മെന്റ് മുന്നേറ്റം നേടിയാല്‍ നിരവധി പ്രത്യാഘാതം യൂറോപ്യന്‍ യൂനിയനും പാശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കുമുണ്ടായേക്കും. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടന് പിന്നാലെ ഇറ്റലിയും പുറത്തു പോകാനുള്ള സാധ്യതയുണ്ട്. കടുത്ത ഇ യുവിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണിത്.

കുടിയേറ്റക്കാര്‍ക്കും സിറിയയില്‍ നിന്നും മറ്റും എത്തുന്ന അഭയാര്‍ഥികള്‍ക്കും അനുകൂലമായി മനുഷ്യത്വപരമായ നിലപാടുകള്‍ സ്വീകരിച്ചിരുന്ന റെന്‍സിയെ ഇതിന്റെ പേരില്‍ രൂക്ഷമായി വിമര്‍ശിച്ച പാര്‍ട്ടികള്‍ക്കാണ് ഹിതപരിശോധനയിലൂടെ ജനങ്ങള്‍ ‘ശരി’ പറഞ്ഞത്.
ഏറെ വൈകാരികമായ നിലപാടാണ് ഹിതപരിശോധനാ ഫലത്തോട് പ്രധാനമന്ത്രി പ്രതികരിച്ചത്. സര്‍ക്കാറിലുള്ള തന്റെ ഇടപെടല്‍ അവസാനിച്ചുവെന്നും ഹിത പരിശോധന വിജയത്തിലെത്താന് തന്നാല്‍ ആകുന്നതെല്ലാം ചെയ്തുവെന്നും റെന്‍സി പ്രതികരിച്ചു. വസതിയില്‍ നിന്ന് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ജനാധിപത്യം വിജയിച്ചുവെന്നും ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമാണെന്നും ഫൈവ് സ്റ്റാര്‍ സ്ഥാപകന്‍ ബെപ്പോ ഗ്രില്ലോ പ്രതികരിച്ചു. ഒരാഴ്ചക്കുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.