സ്മാരകങ്ങളില്ല; സ്മരിക്കാന്‍ ഹൃദയങ്ങളുണ്ട്

Posted on: December 5, 2016 6:00 am | Last updated: December 5, 2016 at 2:33 pm
ഫിദല്‍ കാസ്‌ട്രോയുടെ ചിതാഭസ്മവുമായി രാജ്യം ചുറ്റിയ വാഹനം സാന്റിയാഗോയിലെത്തിയപ്പോള്‍
ഫിദല്‍ കാസ്‌ട്രോയുടെ ചിതാഭസ്മവുമായി രാജ്യം ചുറ്റിയ വാഹനം സാന്റിയാഗോയിലെത്തിയപ്പോള്‍

സാന്റിയാഗോ: സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ഉജ്ജ്വല താരകം ഫിദല്‍ കാസ്‌ട്രോയുടെ ഓര്‍മകള്‍ ഇനി ഹൃദയങ്ങളിലും താളുകളിലും സൂക്ഷിക്കപ്പെടും. പതിനായിരക്കണക്കിന് ജനങ്ങളുടെ സാന്നിധ്യത്തില്‍, ക്യൂബന്‍ വിപ്ലവത്തിന് നാന്ദി കുറിച്ച സാന്റിയാഗോയില്‍ കാസ്‌ട്രോക്ക് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലിയാണ് ക്യൂബന്‍ ജനതയും ലോകത്തെമ്പാട് നിന്നുമെത്തിയ പ്രതിനിധികളും നല്‍കിയത്.

ഫിദലില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് ഇനിയും ഒരായിരം വിപ്ലവ രക്തം ധമനികളിലൂടെ ഒഴുകുമെന്ന വാഗ്ദാനവുമായി ‘ഞാന്‍ ഫിദല്‍’ എന്ന മുദ്രാവാക്യങ്ങളുടെ പശ്ചാത്തലത്തിലാണ് പോരാളിക്ക് ക്യൂബ യാത്രാമൊഴി നല്‍കിയത്.
സാന്റിയാഗോയിലെ ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ ഫിദല്‍ കാസ്‌ട്രോയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. ചിതാഭസ്മം ഇവിടെ സംസ്‌കരിച്ചു. 21 ഗണ്‍ സല്യൂട്ടോടെയായിരുന്നു സംസ്‌കാരം. വെനിസ്വേല, ബൊളിവിയ എന്നീ രാജ്യങ്ങളിലെ നേതാക്കള്‍ സംസ്‌കാര ചടങ്ങിനെത്തി.

വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് 90ാം വയസ്സില്‍ അന്തരിച്ച ഫിദല്‍ കാസ്‌ട്രോയുടെ ചിതാഭസ്മവുമായി ഒമ്പത് ദിവസം നീണ്ട രാജ്യപര്യടനത്തിന് ശേഷമാണ് ഇന്നലെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങ് നടന്നത്. പ്രാദേശിക സമയം രാവിലെ ഏഴിന് ആരംഭിച്ച ചടങ്ങ് മണിക്കൂറുകള്‍ നീണ്ടു. 35 വര്‍ഷം രാജ്യത്തെ നയിച്ച നായകന് അര്‍ഹിക്കുന്ന അന്ത്യോപചാരം ഏര്‍പ്പെടുത്താന്‍ അനുയായികള്‍ പ്രത്യേകം ശ്രദ്ധിച്ചു. ഫിദല്‍ കാസ്‌ട്രോയുടെ പേര് രാജ്യത്തെ സ്മാരകങ്ങള്‍ക്കും തെരുവുകള്‍ക്കും റോഡുകള്‍ക്കും നല്‍കില്ലെന്ന് ക്യൂബന്‍ പ്രസിഡന്റും ഫിദലിന്റെ സഹോദരനുമായ റൗള്‍ കാസ്‌ട്രോ വ്യക്തമാക്കി. സഹോദരന്റെ ആഗ്രഹമായിരുന്നിതെന്നും വ്യക്തിപൂജ തടയുകയെന്നതാണ് തീരുമാനത്തിന് പിന്നിലെന്നും റൗള്‍ വിശദീകരിച്ചു. പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി നടന്ന അനുസ്മരണ സമ്മേളനത്തിലാണ് റൗള്‍ ഈ നിലപാട് വ്യക്തമാക്കിയത്.
ഫിദലിന്റെ പേരുകളോടെയുള്ള സ്മാരകങ്ങള്‍ പണിയുന്നതിനും മറ്റും വിലക്കേര്‍പ്പെടുത്തിക്കൊണ്ട് അടുത്ത ദേശീയ അസംബ്ലിയില്‍ നിയമം പാസാക്കും.
ഹവാനയില്‍ രണ്ട് ദിവസത്തെ അനുസ്മരണ ചടങ്ങുകള്‍ക്ക് ശേഷമാണ് 800 കിലോമീറ്റര്‍ ദൂരമുള്ള കിഴക്കന്‍ ക്യൂബയിലെ സാന്റിയാഗോയിലേക്ക് വിലാപയാത്ര എത്തിയത്.
കാസ്‌ട്രോക്ക് അന്ത്യോപചാരം ഏര്‍പ്പെടുത്താനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരങ്ങളാണ് എത്തിയത്. കൂടാതെ മെക്‌സിക്കോ, വെനിസ്വേല, ഇന്ത്യ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് പ്രതിനിധികളും സംസ്‌കാര ചടങ്ങുകളില്‍ ഭാഗമാകാനെത്തി.

സാമ്രാജ്യത്വ ശക്തികളെ ഒറ്റക്ക് നേരിട്ട് ക്യൂബയെ ആധുനിക രാഷ്ട്രമായി കെട്ടിപ്പടുത്ത ഭരണാധികാരിയാണ് ഫിദല്‍ കാസ്‌ട്രോ.