Connect with us

Articles

മാവോയിസ്റ്റ് വേട്ട: ഒരു നിലമ്പൂരുകാരന്റെ വിചാരങ്ങള്‍

Published

|

Last Updated

ആദ്യമൊക്കെ, നിലമ്പൂര്‍ കാട്ടില്‍ മാവോയിസ്റ്റുകള്‍ എന്ന് നിരന്തരം വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അതത്ര വിശ്വാസയോഗ്യമായി തോന്നിയിരുന്നില്ല. ചില ആദിവാസി ഊരുകളില്‍ വന്ന് ചിലരോടൊക്കെ ഭക്ഷണസാധനങ്ങള്‍ ചോദിക്കുന്നു, ചില വീടുകളില്‍ കയറി ക്ലാസെടുക്കും പോലെ എന്തൊക്കെയോ പറഞ്ഞുപോകുന്നു, പട്ടാള വേഷത്തിലാണ് വരവ്, അരിയും മുളകും ചോദിച്ചു വാങ്ങുന്നു… എന്നൊക്കെയുള്ള തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ഇതെന്തു മാവോയിസ്റ്റുകള്‍? തുടക്കത്തില്‍ ആ തരത്തിലുള്ള ചിന്തകളും സംശയങ്ങളും തന്നെയായിരുന്നു നിലമ്പൂരിലും പരിസരങ്ങളിലും ഉള്ള പലരേയും പിടികൂടിയിരുന്നത്. കാരണം അത്രക്കും അസ്വാഭാവിക സംഭവങ്ങളായിരുന്നു കേട്ടുവന്നിരുന്നതത്രയും.
എന്നാല്‍ കുപ്പു ദേവരാജ് എന്ന മാവോയിസ്റ്റ് കേന്ദ്രകമ്മറ്റി അംഗവും കാവേരിയെന്ന അജിതയും കരുളായിയിലെ പടുക്കാ ഫോറസ്റ്റ് ഓഫീസില്‍ നിന്നു ഏതാനും കിലോമീറ്റര്‍ അകലെ വെച്ച് കൊല്ലപ്പെട്ടതോടെ നിലമ്പൂരിലെ മാവോയിസ്റ്റ് സാന്നിധ്യത്തിന് സ്ഥിരീകരണമായി. ഇപ്പോള്‍ വെടിവെപ്പ് നടന്ന സ്ഥലവും ഇവര്‍ തമ്പുകെട്ടി താമസിച്ചിരുന്നു എന്ന് പറയുന്ന സ്ഥലവുമൊക്കെ പരിശോധിച്ചാല്‍ ഇത്രമാത്രം കീഴടക്കാന്‍ പ്രയാസമുള്ള ഒരിടമായിരുന്നു താവളം എന്ന് തോന്നുന്നില്ല. പടുക്ക ഫോറസ്റ്റ് ഓഫീസില്‍ നിന്നു ഏതാനും കിലോമീറ്റര്‍ മാത്രം ഉള്ളിലോട്ടു സഞ്ചരിച്ചാല്‍ എത്തിപ്പെടാവുന്ന ഒരിടത്താണ് മാവോയിസ്റ്റുകള്‍ താവളമാക്കിയതെന്നാണ് പുറത്തുവന്ന വിവരം. ഈ താവളത്തിന് തൊട്ടു താഴെയായി എണ്‍പതോളം ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയാണ്. തണ്ടര്‍ബോള്‍ട്ടും കേരളാ പോലീസും ശരിക്കും മനസ്സുവെച്ചിരുന്നെങ്കില്‍ ഇവിടെ നിന്നൊക്കെ എന്നോ ഇവരെ തുരത്തി ഓടിക്കുകയോ പിടിക്കുകയോ ചെയ്യാമായിരുന്നു എന്ന് സംശയിച്ചാല്‍ തെറ്റുപറയാനാകില്ല.

മാവോയിസ്റ്റ് ബെല്‍റ്റുകള്‍ എന്നറിയപ്പെടുന്ന ഛത്തിസ്ഗഢിലേയും ജാര്‍ഖണ്ഡിലേയും ആന്ധ്രയിലേയും മഹാരാഷ്ട്രയിലേയും ഘോര വനങ്ങളിലും എല്ലാം തമ്പടിച്ച് പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് ഗ്രൂപ്പുകളുടെ സുരക്ഷിത താവളം പോലുള്ള ഒരിടമൊന്നുമല്ല നിലമ്പൂര്‍ കാട്ടില്‍ ഇപ്പോള്‍ കണ്ടെത്തി എന്നു പറയുന്ന മാവോയിസ്റ്റുകളുടെ ഒളിത്താവളം. ഇതില്‍ നിന്നു ഒരു കാര്യം ഊഹിക്കാം. അത്രയൊന്നും സുരക്ഷിതമല്ലാത്ത ഇങ്ങനെയുള്ള ഒരു സ്ഥലത്തു നിന്നു ഒരു സംസ്ഥാനത്തിന്റെ പോലീസ് സേനയെ ആക്രമിച്ച് കീഴ്‌പ്പെടുത്താമെന്നൊന്നും വിചാരിക്കാന്‍ മാത്രം മണ്ടന്മാരാകില്ല മാവോയിസ്റ്റുകള്‍. പിന്നെ അറുപതംഗങ്ങള്‍ ഉള്ള തണ്ടര്‍ബോള്‍ട്ട് സേനക്ക് ഇത്രയും ചുരുങ്ങിയ അംഗസംഖ്യയുള്ള സംഘത്തെ ജീവനോടെത്തന്നെ പിടിക്കാവുന്നതേയുള്ളൂ. അതിനു വേണ്ടിയുള്ള കാര്യമായ ഒരു ശ്രമവും നടന്നിട്ടില്ലെന്ന് വേണം കരുതാന്‍. കൂട്ടത്തില്‍ അവശരായ രണ്ടു പേരെ വെടിവെച്ചു വീഴ്ത്തി ഏറ്റുമുട്ടല്‍ വധമെന്ന ഉത്തരേന്ത്യന്‍ പല്ലവി ആവര്‍ത്തിച്ചെന്നു മാത്രം. അങ്ങനെ അല്ലായിരുന്നുവെങ്കില്‍ മാവോയിസ്റ്റുകള്‍ പൊലീസിനു നേരെ നടത്തിയ ആക്രമണത്തിന്റെ തെളിവായി എന്തെങ്കിലും ഒരു കച്ചിത്തുരുമ്പെങ്കിലും പോലീസ് ഹാജരാക്കണമായിരുന്നു. അതുണ്ടായില്ല എന്നത് ഏറ്റുമുട്ടിയിട്ടില്ലെന്നതിനു ബലം പകരുന്നു.

ഇതില്‍ കേരളാ സര്‍ക്കാര്‍ പോലും വിചാരിക്കാത്ത എന്തെങ്കിലും രഹസ്യഅജന്‍ഡ നടപ്പാക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചോ എന്ന ശങ്കക്കും സാധ്യത തള്ളിക്കളയാനാവില്ല. കാനം രാജേന്ദ്രന്‍ സംശയിച്ച തരത്തിലുള്ള ഫണ്ടുതട്ടല്‍ ലക്ഷ്യം ഉണ്ടാവുമോ? അത്രമാത്രം ചീപ്പാവാന്‍ നമ്മുടെ പോലീസ് സേനക്ക് ആകില്ലെന്ന് കരുതാനാണ് ഇഷ്ടം. പക്ഷേ ഭരണകൂടങ്ങളുടെ ചില രഹസ്യഅജന്‍ഡകള്‍ നടപ്പാക്കാന്‍ പോലീസ് സേനക്ക് കൂട്ടുനിന്നേ മതിയാകൂ. അത് സംസ്ഥാനത്തിന്റെതായാലും കേന്ദ്രത്തിന്റെതായാലും; പോലീസിന് മറിച്ചുചിന്തിക്കാനാകില്ല. ആരുടെ താത്പാര്യമാണ് നിലമ്പൂര്‍ കാട്ടില്‍ പ്രാവര്‍ത്തികമായതെന്ന് ഇപ്പോള്‍ പറയാനാകില്ല. പക്ഷേ ഒരു കാര്യം ഉറപ്പിച്ചുപറയാം, നിലമ്പൂര്‍ മേഖലയില്‍ മാവോയിസ്റ്റുകള്‍ പോലീസിനു നേരെയോ മറ്റാര്‍ക്കെങ്കിലും നേരെയോ കടുത്ത ആക്രമങ്ങളൊന്നും നടത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍, ഇത്രയും നിഷ്ഠൂരമായി രണ്ടുപേരെ ഇത്ര ലാഘവത്തോടെ വെടിവെച്ചുകൊന്നിട്ടും സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ പോലീസിനെ ന്യായീകരിച്ചുള്ള സമീപനം വ്യാജഏറ്റുമുട്ടല്‍ കൊലകള്‍ക്ക് ഈ സര്‍ക്കാറും പച്ചക്കൊടി കാണിക്കുന്നു എന്ന തോന്നലാണ് ഉണ്ടാക്കിയത്.
ഒരു ഇടതുപക്ഷ സര്‍ക്കാറിനെ സംബന്ധിച്ചേടത്തോളം അക്ഷന്തവ്യമായ കൃത്യവിലോപമായി ഇതിനെ കാണണം. ഇതു പറയുമ്പോള്‍ മാവോയിസത്തിന്റെ പാതയിലേക്ക് പോകണമെന്നല്ല അര്‍ഥമാക്കേണ്ടത്. ചിന്താ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിട്ട് അടിസ്ഥാനവര്‍ഗത്തിന്റെ പ്രശ്‌നങ്ങളെ എന്നും ഭരണകൂട ഭീകരത കൊണ്ട് നേരിടുന്ന ശൈലി ഇടതുപക്ഷവും സ്വീകരിക്കരുത് എന്നാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഉത്ഭവകാലത്തെ പ്രവര്‍ത്തനങ്ങളെല്ലാം ഒളിവില്‍ താമസിച്ചുകൊണ്ടായിരുന്നു. ഇ എം എസിന്റെയും എ കെ ജിയുടെയും ഒളിവുകാലത്തെ സ്മരണകള്‍ പ്രസിദ്ധമാണല്ലോ. തോപ്പില്‍ ഭാസിയുടെ ഒളിവിലെ ഓര്‍മകള്‍, മലയാളത്തിലെ ഇടതുപക്ഷ സാഹിത്യത്തിന് ഇന്നും മുതല്‍ക്കൂട്ടായി നിലനില്‍ക്കുന്നു. ആ കാലത്തു കമ്യൂണിസ്റ്റുകാരെ ഒളിത്താവളങ്ങള്‍ വളഞ്ഞിട്ടുപിടിക്കുക എന്നതു തന്നെയായിരുന്നു ഭരണകൂടങ്ങളുടെ ലക്ഷ്യം. എന്നാല്‍, കമ്യൂണിസ്റ്റുകാര്‍ ഭരണം കൈയാളുമ്പോഴും എതിരാളികള്‍ക്കു നേരെ ഇതേ നയം തുടരുക എന്നത് വിചിത്രവും അനീതിയുമായി വ്യാഖ്യാനിക്കപ്പെടും. അതു തന്നെയാണിപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നതും. അന്നു ഒളിവു പ്രവത്തനവും സയുധ കലാപവും നയമായി സ്വീകരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പില്‍ക്കാലത്ത് ആ പാത കൈയൊഴിഞ്ഞു മുഖ്യധാരാ കമ്യൂണിസ്റ്റുകളായി രൂപമാറ്റം വരുത്തി. ഭാവിയില്‍ ഇന്നത്തെ മാവോയിസ്റ്റുകളും ആ പാതയിലേക്ക് പരിവര്‍ത്തനപ്പെടുകയില്ലെന്ന് ഉറപ്പ് പറയാനാകില്ല. ഒരു കാലത്ത് മാവോവാദത്തിന്റെയും സയുധകലാപത്തിന്റെയും വലിയ സന്ദേശവാഹകരായിരുന്ന നേപ്പാളിലെ മാവോയിസ്റ്റ് പാര്‍ട്ടി പിന്നീട് പാര്‍ലിമെന്ററി പാതസ്വീകരിച്ച് അവിടെ അധികാരത്തില്‍ വരെ എത്തിയ ഉദാഹരണം മുമ്പിലുണ്ട്.

അപ്പോള്‍ മാവോയിസ്റ്റുകള്‍ സ്വീകരിക്കുന്ന മാര്‍ഗം അവരുടെ മാത്രം ശരിയായിരിക്കാം. പക്ഷേ ലക്ഷ്യം ആദിവാസികളടക്കമുള്ള പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയുടെ മോചനവുമായി ബന്ധപ്പെട്ട കാര്യമായിട്ടാണ് കരുതപ്പെടുന്നത്. അതുകൊണ്ടു തന്നെ അതിലെ ശരിയും തെറ്റും ഇഴകീറി പരിശോധിക്കേണ്ട വിഷയം തന്നെയാണ്. നിലമ്പൂരിലെ കാര്യം തന്നെ എടുക്കാം. റെഡ്‌ബെല്‍ട്ടായി അധികൃതര്‍ തന്നെ മുദ്രകുത്തിയ സ്ഥലങ്ങളിലെ ആദിവാസികള്‍ അനുഭവിക്കുന്ന തരത്തിലുള്ള കടുത്ത ചൂഷണങ്ങളോ മര്‍ദനങ്ങളോ ഒന്നും അനുഭവിക്കുന്നവരല്ല നിലമ്പൂര്‍ കാട്ടിലെ ആദിവാസികള്‍. എന്നിട്ടുപോലും അവരില്‍ പലരും മാധ്യമങ്ങള്‍ക്കു മുമ്പില്‍ പറഞ്ഞത്, ഇവിടെ മാവോയിസ്റ്റുകള്‍ വന്നു പോകാന്‍ തുടങ്ങിയതോടെ ഞങ്ങളോട് അധികൃര്‍ കാണിക്കുന്ന പല അനാസ്ഥകളും കുറഞ്ഞുവരുന്നുണ്ട് എന്നാണ്.
അതുകൊണ്ടുതന്നെ മവോയിസം പോലുള്ള ആക്രമണത്തിന്റെ പാത പച്ചപിടിക്കാതിരിക്കാന്‍ ഉചിതമായ മാര്‍ഗം മാവോയിസ്റ്റുകള്‍ ഉയര്‍ത്തു ന്ന രാഷ്ട്രീയ പ്രശ്‌നം ഗൗരവത്തോടെ കണക്കിലെടുക്കുക എന്നതു തന്നെയാണ്. മറിച്ച് അതിനു തുനിയാതെ മുളയിലേ നുള്ളിക്കളയുക എന്ന തത്വത്തില്‍ ഊന്നി കാണുന്നിടത്ത് വെച്ച് വെടിവെച്ചുകൊല്ലുകയെന്ന നയം സ്വീകരിച്ചാല്‍ അത് താത്കാലിക ശമനം മാത്രമേ ഉണ്ടാക്കൂ. വെടിയേല്‍ക്കാതെ അവശേഷിച്ചവരില്‍ ഉരുണ്ടുകൂടുന്ന പ്രതികാരത്തിന്റെ വൈകാരികത ഏതു രീതിയില്‍ പ്രതികരണങ്ങള്‍ സൃഷ്ടിക്കുമെന്നു പറയാനാകില്ല. ഇതൊക്കെയാണെങ്കിലും നിലമ്പൂര്‍ മേഖലയിലെ പൗരജീവിതത്തിനോ പോലീസ് സേനക്ക് നേരെയോ വലിയ തോതില്‍ അക്രമങ്ങള്‍ മാവോയിസ്റ്റുകള്‍ നടത്തിയിരുന്നുവെങ്കിലോ, ഗത്യന്തരമില്ലാത്ത ഒരവസ്ഥയില്‍ നടത്തിയ വെടിവെപ്പോ ആയിരുന്നെങ്കില്‍ പോലീസ് നടപടിയെ കുറച്ചെങ്കിലും ന്യായീകരിക്കാമായിരുന്നു.

അങ്ങനെയൊന്നുമല്ലാത്ത ചുറ്റുപാടില്‍ നടന്ന വെടിവെപ്പും കൊലയും ഒരു ചോദ്യം ഉന്നയിക്കുന്നുണ്ട്. എന്തിനു വീഴ്ത്തീ നിലമ്പൂരില്‍ ഈ രക്തം? തോട്ടംതൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് അവര്‍ക്കു വേണ്ടി വര്‍ഗശത്രുവിന്റെ വെടിയുണ്ട ഏറ്റുവാങ്ങി മരിച്ച കുഞ്ഞാലിയുടെ നാടാണ് നിലമ്പൂര്‍. കരുളായിക്കടുത്ത് ചുള്ളിയോട്ടിലാണ് കുഞ്ഞാലി വെടിയേറ്റുവീണത്. ആ സഖാവിന്റെ പോരാട്ട വീര്യത്തിന്റെ മേല്‍വിലാസം തന്നെയാണ് നിലമ്പൂരിലെ സി പി എമ്മിന് ഇന്നും മുന്നോട്ടുള്ള പ്രയാണത്തിന് ഊര്‍ജം നല്‍കുന്നത്. അതേ പാര്‍ട്ടിയുടെ ഭരണത്തണലില്‍ ഇരുന്ന് പോലീസിന്റെ അപക്വമായ നിലപാടിന്റെ ഭാഗമായി അതേ നിലമ്പൂര്‍ കാട്ടില്‍ തീവ്ര കമ്യൂണിസ്റ്റുകളായി അറിയപ്പെടുന്ന മവോയിസ്റ്റുകള്‍ക്കും രണ്ടു രക്തസാക്ഷികളെ സമ്മാനിക്കാന്‍ മാത്രമേ മാവോയിസ്റ്റു വേട്ടക്കായുള്ളൂ എന്നു വിലയിരുത്തണം.
മറ്റൊരു നേട്ടവും നിലമ്പൂരില്‍ വീഴ്ത്തിയ ഈ രക്തംകൊണ്ട് ഇടതുപക്ഷ സര്‍ക്കാറിനോ നിലമ്പൂരിലെ ആദിവാസികള്‍ക്കോ പൊതുസമൂഹത്തിനോ ഉണ്ടായിട്ടില്ല. മറിച്ചു അവരെ നിയമത്തിന്റെ മുമ്പില്‍ ഹാജരാക്കിയിരുന്നെങ്കില്‍ ഒരുപക്ഷേ അവരില്‍ പലരെയും കാലങ്ങള്‍ക്ക് ശേഷമെങ്കിലും മുഖ്യധാരയിലേക്ക് ആകഷിപ്പിക്കാന്‍ കഴിയുമായിരുന്നു. ഇടതുപക്ഷ സര്‍ക്കാറിന് അതൊരു മുതല്‍ക്കൂട്ടുമാകുമായിരുന്നു.

Latest