മുംബൈയിലെ ഒരു കുടുംബം വെളിപ്പെടുത്തിയത് രണ്ട് ലക്ഷം കോടി രൂപയുടെ കള്ളപ്പണം

Posted on: December 4, 2016 8:56 pm | Last updated: December 4, 2016 at 9:57 pm

black-moneyമുംബൈ: മുംബെെയിലെ ഒരു കുടുംബം രണ്ട് ലക്ഷം കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയത് ആദായ നികുതി വകുപ്പ് അംഗീകരിച്ചില്ല. ഇൗ കുടുംബത്തിന് എതിരെ ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി.  മുംബൈ ബാന്ദ്രയിലെ അബ്ദുല്‍ റസാഖ് മുഹമ്മദ്, മകന്‍ മുഹമ്മദ് ആരിഫ്, ഭാര്യ റുക്‌സാന, സഹോദരി നൂര്‍ജഹാന്‍ എന്നിവരടങ്ങിയ കുടുംബമാണ് വന്‍ തുക വെളിപ്പെടുത്തിയത്. പണം ഇവരുടെത് തന്നെയാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ആദായ നികുതി വകുപ്പ് കേന്ദ്രങ്ങള്‍ പറഞ്ഞു.

കള്ളപ്പണം സ്വയം വെളിപ്പെടുത്തി ടാക്സ് അടച്ച് നിയമവിധേയമാക്കാൻ അനുമതി നൽകിയപ്പോഴാണ് റസാഖും കുടുംബവും വൻ തുക വെളിപ്പെടുത്തിയത്. സ്വയം വെളിപ്പെടുത്തൽ പദ്ധതി പ്രകാരം വെളിപ്പെടുത്തിയ ആകെ തുകയുടെ മൂന്നിരട്ടിയിലധികം തുക ഒരു കുടുംബം മാത്രം വെളിപ്പെടുത്തിയത് സംശയത്തിന് ഇടനൽകിയതാണ് ഇത് തള്ളാൻ ആദായ നികുതി വകുപ്പ് അധികൃതരെ പ്രേരിപ്പിച്ചത്. 65,250 കോടി രൂപയുടെ കള്ളപ്പണമാണ് സെപ്തംബർ 30 വരെ നല്‍കിയ കാലപരിധിക്കുള്ളില്‍ സ്വയം വെളിപ്പെടുത്തല്‍ പദ്ധതിയില്‍ വെളിപ്പെടുത്തപ്പെട്ടത്.

നേരത്തെ അഹമ്മദാബാദിലെ ഒരു വ്യവസായി മഹേഷ് ഷാ 13000 കോടി രൂപ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായിരുന്നു. ഇയാളുടെ വെളിപ്പെടുത്തലും ആദായ നികുതി വകുപ്പ് അംഗീകരിച്ചിരുന്നില്ല. താന്‍ വെളിപ്പെടുത്തിയത് തന്റെ പണമല്ലെന്നും കമ്മീഷന്‍ ലഭിക്കാന്‍ വേണ്ടി ബിസിനസുകാരുടെയും രാഷ്ട്രീയക്കാരുടെയും പണം ഏറ്റെടുക്കുകയായിരുന്നുവെന്നും ഇയാള്‍ പിന്നീട് മൊഴി നല്‍കിയിരുന്നു.