Connect with us

Kerala

കൊച്ചിയിലെ വ്യവസായിയുടെ അക്കൗണ്ടില്‍ 59 കോടി രൂപ; കള്ളപ്പണമെന്ന സംശയത്തില്‍ അന്വേഷണം

Published

|

Last Updated

കൊച്ചി: കൊച്ചിയിലെ വ്യവസായിയുടെ അക്കൗണ്ടിലേക്ക് ബള്‍ഗേറിയയില്‍ നിന്ന് 59 കോടി രൂപയുടെ കള്ളപ്പണം എത്തിയതായി സംശയം. കയറ്റുമതി വ്യവസായിയായ കൊച്ചി എളമക്കര സ്വദേശി ജോസ് ജോര്‍ജിന്റെ അക്കൗണ്ടിലേക്കാണ് പണം എത്തിയത്. പണത്തിന്റെ ഉറവിടം അന്വേഷിച്ച ബാങ്ക് ഉദ്യോഗസ്ഥരോട്, ബള്‍ഗേറിയില്‍ നിന്ന് ഭക്ഷ്യ എണ്ണ ഇറക്കുമതിയുടെ ആവശ്യത്തിലേക്കുള്ള പണം എന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഇങ്ങനെയൊരു കയറ്റുമതി നടന്നതിന് രേഖകളില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ പറയുന്നു. സംഭവത്തില്‍ തോപ്പുംപടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ജൂലായിലാണ് ജോസ് ജോര്‍ജിന്റെ അക്കൗണ്ടില്‍ വന്‍തുക എത്തിയത്. 15 ദിവസത്തിനകം തന്നെ ഇതില്‍ നിന്ന് 29 കോടിയിലധികം രൂപ പിന്‍വലിക്കുകയും ബന്ധുക്കളുടെയും മറ്റും അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. കള്ളപ്പണമെന്ന സംശയത്തെ തുടര്‍ന്ന് ഇയാളുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് മരവിപ്പിച്ചിരിക്കുകയാണ്.

അതേസമയം, തന്റെ അക്കൗണ്ടില്‍ എത്തിയത് കള്ളപ്പണമല്ലെന്ന് ജോസ് മാധ്യമങ്ങളോട് പറഞ്ഞു. കയറ്റുമതിക്കുള്ള തുക തന്നെയാണ് എത്തിയതെന്നും അന്വേഷണ ഏജന്‍സികള്‍ തന്നോട് പക തീര്‍ക്കുകയാണെന്നും ഇയാള്‍ പറഞ്ഞു.

Latest