International
ഗവര്‍ണറുടെ രാജി ആവശ്യപ്പെട്ട് ഇന്തോനേഷ്യയില്‍ വന്‍ പ്രക്ഷോഭം


മതനിന്ദ നടത്തിയ ഗവര്‍ണറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ജക്കാര്‍ത്തയില്‍ നടന്ന പ്രക്ഷോഭം
ജക്കാര്‍ത്ത: വിശുദ്ധ ഖുര്‍ആനെ അപമാനിച്ച ഗവര്‍ണര്‍ ബസൂക്കി തഹാജ പുര്‍നാമയെ ജയിലിലടക്കണമെന്നാവശ്യപ്പെട്ട് ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ പടുകൂറ്റന്‍ റാലി. മധ്യ ജക്കാര്‍ത്തയിലെ ദേശീയ സ്മാരകത്തിന് സമീപം മുദ്രാവാക്യം വിളിച്ച് പതിനായിരങ്ങളാണ് ബാനറുകളുമായി റാലിയില്‍ അണിനിരന്നത്.
ചൈനീസ് ക്രിസ്ത്യന്‍ ഗോത്രത്തില്‍പ്പെട്ട പുര്‍നാമ തന്റെ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹത്തിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. പ്രാദേശിക തിരഞ്ഞെടുപ്പില്‍ തന്റെ എതിരാളികള്‍ പ്രചാരണത്തിന് ഖുര്‍ആന്‍ ഉപയോഗിക്കുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വിരുദ്ധ പരാമര്‍ശം. ജക്കാര്‍ത്തയിലെ പ്രതിഷേധ റാലിയില്‍ ഒന്നര ലക്ഷം പേര്‍ പങ്കെടുത്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എല്ലാ മുസ്‌ലിംകളും ഒറ്റക്കെട്ടാണെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്ന് റാലിയില്‍ പങ്കെടുത്ത സലിസ്റ്റ് നുര്‍സോലിക്ക പറഞ്ഞു. പടുകൂറ്റന്‍ റാലിയുടെ പാശ്ചാത്തലത്തില്‍ ജക്കാര്‍ത്തയില്‍ 22,000 പോലീസുകാരെയാണ് സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി വിന്യസിച്ചിരിക്കുന്നത്. സമാധാനപരമായി നടന്ന റാലിയെ പ്രശംസിച്ച ഇന്തോനേഷ്യന്‍ പ്രസിഡന്റ്, രാഷ്ട്രീയ കുതന്ത്രങ്ങളുടെ ഭാഗമായി ഗവര്‍ണര്‍ക്കെതിരെ നടന്ന ഗൂഡാലോചന നടന്നെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത ഫെബ്രുവരിയില്‍ ജക്കാര്‍ത്ത ഗവര്‍ണര്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നുണ്ട്.