ജന്‍ധന്‍ അക്കൗണ്ടുകളില്‍ മിന്നല്‍ പരിശോധന; വന്‍ ക്രമക്കേട് കണ്ടെത്തി

Posted on: December 2, 2016 10:13 pm | Last updated: December 3, 2016 at 11:46 am

jan-dhanന്യൂഡല്‍ഹി: പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന പദ്ധതിക്ക് കീഴില്‍ ആരംഭിച്ച ജന്‍ധന്‍ അക്കൗണ്ടുകളില്‍ വന്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നതായി കണ്ടെത്തല്‍. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ വന്‍ തോതില്‍ നിക്ഷേപം നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് വന്‍ ക്രമക്കേട് കണ്ടെത്തിയത്. 1.64 കോടി രൂപയുടെ ക്രമക്കേട് വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് കേന്ദ്രങ്ങള്‍ അറിയിച്ചു.

കൊച്ചി, കൊല്‍ക്കത്ത, ബീഹാര്‍, വരാണസി എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. ഉറവിടം വെളിപ്പെടുത്താത്ത ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപങ്ങളാണ് അധികൃതര്‍ക്ക് കണ്ടെത്താനായത്. ബീഹാറിലെ ഒരു അക്കൗണ്ടില്‍ നിന്ന് മാത്രം 40 ലക്ഷം രൂപയുടെ നിക്ഷേപം കണ്ടെത്തി.

നോട്ട് പിന്‍വലിക്കലിന് ശേഷം ജന്‍ധന്‍ അക്കൗണ്ടുകളില്‍ 21000 കോടി രൂപയിലധികം നിക്ഷേപിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. കള്ളപ്പണക്കാര്‍ ജന്‍ധന്‍ അക്കൗണ്ട് ഉടമകളെ ഉപയോഗപ്പെടുത്തി പണം വെളുപ്പിക്കാന്‍ നീക്കം നടത്തുന്നതായി ഇതില്‍ നിന്ന് വ്യക്തമായിരുന്നു. ഇതേതുടര്‍ന്ന് ജന്‍ധന്‍ അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.