വിജയ പ്രതീക്ഷയില്‍ ബ്ലാസ്റ്റേസ് താരങ്ങള്‍

Posted on: December 2, 2016 3:18 pm | Last updated: December 2, 2016 at 3:05 pm

കൊച്ചി: നോര്‍ത്ത് ഈസ്റ്റിനെതിരെ ഞായറാഴ്ച കൊച്ചിയില്‍ നടക്കുന്ന നിര്‍ണായക മത്സരത്തില്‍ വിജയിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം സെഡ്രിക് ഹെംഗ്ബര്‍ട്ട്. ആത്മവിശ്വാസത്തോടെയാണ് കേരളം കളിക്കാനിറങ്ങുകയെന്നും അദ്ദേഹം പറഞ്ഞു.

ടീം ആരാധകരുമായുള്ള മുഖാമുഖത്തിനിടെയാണ് ഫ്രഞ്ച്താരം ഇക്കാര്യം വ്യക്തമാക്കിയത്. നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരത്തില്‍ ജയിച്ച് സെമി യോഗ്യത നേടുകയാണ് ലക്ഷ്യമെന്നും മത്സരത്തിനായി കാത്തിരിക്കുകയാണെന്നും മലയാളി താരം സി കെ വിനീത് പറഞ്ഞു. ആദ്യ രണ്ട് മത്സരങ്ങളില്‍ തോറ്റ ശേഷം ലീഗിലേക്ക് തിരിച്ചുവരാന്‍ ടീമിന് ഊര്‍ജമായത് ആരാധകരുടെ അകമഴിഞ്ഞ പിന്തുണയാണെന്ന് മറ്റൊരു താരമായ സന്ദേശ് ജിങ്കാന്‍ പറഞ്ഞു.

ആരാധകരുടെ പിന്തുണയെ കുറിച്ചാണ് പ്രഥിക് ചൗധരിയും വാചാലനായത്. മത്സരം ജയിച്ചാലും തോറ്റാലും ഒരേ പിന്തുണയാണ് അവര്‍ നല്‍കുന്നത്. ഇതാണ് മറ്റു ഫുട്‌ബോള്‍ പ്രേമികളില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വ്യത്യസ്തരാക്കുന്നതെന്നും പ്രഥിക് പറഞ്ഞു.
34ാം വയസിലും കളംനിറഞ്ഞ് കളിക്കുന്ന മുഹമ്മദ് റാഫിയുടെ ഫിറ്റ്‌നസ് രഹസ്യത്തെ കുറിച്ചായിരുന്നു ഒരു ആരാധകന് അറിയേണ്ടിയിരുന്നത്. ഒന്നുമില്ല, കഠിന പരിശീലനവും ഭക്ഷണ നിയന്ത്രണവും രണ്ടു വാക്കുകളില്‍ റാഫിയുടെ മറുപടിയെത്തി. ഫുട്‌ബോളിലേക്ക് എത്താനുണ്ടായ പ്രചോദനം ചേട്ടനാണെന്നും ചേട്ടനെ കണ്ടാണ് കളി തുടങ്ങിയതെന്നും റാഫി പറഞ്ഞു. കാണികളുടെ പിന്തുണ തന്നെയാണ് ടീമിന്റെ ശക്തി. നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരത്തില്‍ മുഴുവന്‍ ആരാധകരുടെയും പിന്തുണ ഉണ്ടാകണമെന്നും റാഫി അഭ്യര്‍ഥിച്ചു.
സ്‌ട്രൈക്കര്‍ അന്റോണിയോ ജെര്‍മെയ്‌ന്റെ വാക്കുകളോടെയാണ് മുഖാമുഖം അവസാനിച്ചത്. എല്ലായ്‌പോഴും സ്വപ്‌നങ്ങള്‍ കാണണമെന്നും അസാധ്യമായത് ഒന്നുമില്ലെന്നുമുള്ള ജെര്‍മെയ്‌ന്റെ വാക്കുകള്‍ ഹര്‍ഷാരാവത്തോടെയാണ് സദസ് സ്വീകരിച്ചത്. മുന്‍നിര താരം തോങ്കോസിം ഹോകിപും മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു.