Connect with us

National

എം ബി എ വിദ്യര്‍ഥിനിയും സംഘവും കടത്തിയത് 42 ലക്ഷത്തിന്റെ കള്ളനോട്ടുകള്‍

Published

|

Last Updated

മൊഹാലി: പഞ്ചാബിലെ മൊഹാലിയില്‍ 42 ലക്ഷം വരുന്ന 2000 രൂപയുടെ കള്ളനോട്ടുകളുമായി എം ബി എ വിദ്യാര്‍ഥിനിയും ബന്ധുവുമടക്കം മൂന്ന് പേര്‍ അറസ്റ്റിലായി.

കപൂര്‍ത്തലയില്‍ നിന്നുള്ള എം ബി എ വിദ്യാര്‍ഥിനി വിശാഖ വെര്‍മ, ബന്ധുവും ബിടെക് വിദ്യാര്‍ഥിയുമായി അഭിനവ് വെര്‍മ, ലുധിയാനയില്‍ നിന്നള്ള സുമന്‍ നാഗ്പാല്‍ എന്നിവരാണ് അറസ്റ്റിലായത്. അനധികൃതമായി ചുവന്ന ബീക്കന്‍ ഘടിപ്പിച്ച ഓഡി കാറില്‍ കള്ളനോട്ടുകള്‍ കടത്താനുള്ള ഇവരുടെ ശ്രമം പോലീസ് പരാജയപ്പെടുത്തുകയായിരുന്നെന്ന് മൊഹാലി എസ് പി പര്‍മീന്ദര്‍ സിംഗ് പറഞ്ഞു.
നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന് ശേഷമാണ് ഇവര്‍ 2000 രൂപയുടെ കള്ളനോട്ടടി ആരംഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. യഥാര്‍ഥ രണ്ടായിരം രൂപാ നോട്ടുകളോട് കിടപിടിക്കുന്നതാണ് പിടികൂടിയ കള്ളനോട്ടുകള്‍. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ബക്കര്‍പുര്‍ ഗ്രാമത്തില്‍ വെച്ച്് ഇവരെ പിടികൂടുകയായിരുന്നു.

ലുധിയാനയിലെ സ്ഥലക്കച്ചവടക്കാരന് നല്‍കാന്‍ വേണ്ടിയാണ് കള്ളനോട്ടുകള്‍ കൊണ്ടുപോയതെന്ന് പ്രാഥമികാന്വേഷണത്തില്‍ മനസ്സിലായതായി പോലീസ് പറഞ്ഞു. അസാധുവായ 500,1000 നോട്ടുകള്‍ക്ക് പകരം കള്ളനോട്ടുകള്‍ നല്‍കി കച്ചവടക്കാരെ കബളിപ്പിക്കാനായിരുന്നു മൂവരുടെയും ശ്രമം. പണം മാറി നല്‍കുന്നതിന് മൊത്തം തുകയുടെ 30 ശതമാനം കമ്മീഷനും ഇവര്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഐ പി സി 420, 489 എ, ബി, സി, ഡി, 120 ബി വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.