എം എസ് എഫ് പ്രവര്‍ത്തകര്‍ സര്‍വകലാശാല മാര്‍ച്ച് നടത്തി

Posted on: December 2, 2016 10:40 am | Last updated: December 2, 2016 at 10:40 am

തേഞ്ഞിപ്പലം: വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് എം എസ് എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം. 18 യു യു സി മാരെ അകാരണമായി വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയാണ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചതെന്നും സി പി എം സിന്‍ഡിക്കേറ്റാണ് ഇതിന് കൂട്ടു നിന്നതെന്നും സമരക്കാര്‍ ആരോപിച്ചു. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട യു യു സി മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കോടതി ഉത്തരവിട്ടിട്ടും സര്‍വകലാശാല അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് എം എസ് എഫ് നേതൃത്വം കുറ്റപ്പെടുത്തി.

യു യു സിമാരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനോ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനോ യൂനിവേഴ്‌സിറ്റി അധികൃതര്‍ തയ്യാറാകുന്നില്ലെന്നും ഇവര്‍ പറയുന്നു. വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പ് നീട്ടി കൊണ്ട് പോകാനാണ് ശ്രമം. 2015 – 16 വര്‍ഷത്തെ യൂനിയന്‍ തിരഞ്ഞെടുപ്പ് പോലും ഇതുവരെ നടത്തിയിട്ടില്ല.
വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പ് വൈകുന്നതിനാല്‍ പുതിയ യൂനിയന് ലഭിക്കേണ്ട ഫണ്ട് ഇനത്തില്‍ ലക്ഷക്കണക്കിന് രൂപയാണ് നഷ്ടപ്പെടുന്നത്. ബി സോണ്‍, സിസോണ്‍, ഇന്റര്‍സോണ്‍ കലോത്സവങ്ങളുടെ നടത്തിപ്പും വൈകുന്നു. ഇത് വിദ്യാര്‍ഥികളെയാണ് ബാധിക്കുന്നതെന്ന് എം എസ് എഫ് നേതാക്കള്‍ പറഞ്ഞു.