Connect with us

Articles

വന്നെത്തി ഒന്നാം വസന്തം

Published

|

Last Updated

റബീഉല്‍ അവ്വല്‍ എന്നാല്‍ വസന്തങ്ങളുടെ തുടക്കം. അറബികള്‍ പൊതുവെ സഫര്‍ മാസത്തിനു ശേഷമുള്ള രണ്ടു മാസങ്ങളെ വസന്തകാലമായിട്ടാണ് കണക്കാക്കാറുള്ളത്. റബീഉല്‍ അവ്വലും റബീഉല്‍ ആഖിറും. വസന്തം സന്തോഷം നല്‍കുന്ന സമയമാണ്. ശൈത്യത്തിനും ഉഷ്ണത്തിനുമിടയില്‍ മിതമായി കാലാവസ്ഥയെ ക്രമീകരിക്കപ്പെടുകയും, മനുഷ്യരും ഇതര ജീവികളും ജീവിതം ഏറ്റവും കൂടുതല്‍ ആസ്വദിക്കുകയും ചെയ്യുന്ന സമയം.
എന്നാല്‍ വിശ്വാസി ലോകം റബീഉല്‍ അവ്വലിനെ നെഞ്ചോടു ചേര്‍ക്കുന്നത് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ വസന്തം പൂത്തുലഞ്ഞ മാസത്തിന്റെ സ്മരണ പുതുക്കാനാണ്. തിരുജന്മം ലോകത്തുള്ള സകല ചരാചരങ്ങള്‍ക്കും അനുഗ്രഹമാണ്. “നബിയേ അങ്ങയെ ലോകത്തിനു അനുഗ്രഹമായിട്ടല്ലാതെ നാം നിയുക്തരാക്കിയിട്ടില്ല” എന്ന വിശുദ്ധ ഖുര്‍ആനിന്റെ പ്രഖ്യാപനമാണിതിന്റെ തെളിവ്. എന്തു കൊണ്ട് ലോകാനുഗ്രഹിയായ പ്രവാചകരുടെ ജന്മം ഏറ്റവും പവിത്രമാസമായ റമസാനിലും ദിവസങ്ങളുടെ നേതാവായ വെള്ളിയാഴ്ചയും നടന്നില്ല? എന്തായിരിക്കാം നബിയുടെ അന്ത്യവിശ്രമ കേന്ദ്രം ചരിത്ര പ്രസിദ്ധമായ മക്ക ആകാതിരുന്നത്? തുടങ്ങിയ ചര്‍ച്ചയുണ്ട് പണ്ഡിതര്‍ക്കിടയില്‍. ഇവ്വിഷയകമായി നടന്ന ചര്‍ച്ചയില്‍ അവര്‍ രേഖപ്പെടുത്തുന്നത് കാണാം. യുദ്ധം നിഷിദ്ധമായ മാസങ്ങളിലും വിശുദ്ധ വെള്ളിയാഴ്ചയുമൊന്നും തിരുജന്മം സംഭവിക്കാതിരിക്കാനുള്ള കാരണം ആ മാസങ്ങളുടെയും ദിവസങ്ങളുടെ പവിത്രത കൊണ്ടാണ് പ്രവാചകര്‍ക്ക് മാഹാത്മ്യം ലഭിച്ചതെന്ന ധാരണ വരരുത് എന്നതിനാലാണ്. മദീന തന്റെ മരണാനന്തര ജീവിതയിടമായി തിരഞ്ഞടുത്തതും അതുപോലെ തന്നെ. കാരണം മക്കയുടെ ചരിത്ര പ്രസിദ്ധികൊണ്ട് ലോക മനസ്സിനെ കീഴടക്കിയതല്ല അശ്‌റഫുല്‍ ഖല്‍ഖ്(സ). അതുകൊണ്ടാണ് അവിടുന്ന് മദീനയില്‍ അന്ത്യവിശ്രമം കൊള്ളുന്നുത്. നബി(സ)തങ്ങളെ മദീന മറോട് ചേര്‍ത്തു പിടിച്ചപ്പോള്‍ വിശ്വാസികള്‍ മദീനയെ ഹൃദയത്തോടടുപ്പിച്ചു. അങ്ങനെ മദീന, മദീനത്തുര്‍റസൂലായി. ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം.

റബീഉല്‍ അവ്വല്‍ വസന്തമാണെന്ന് പറഞ്ഞു. ലോകത്തുള്ള എല്ലാ ജൈവിക വസ്തുക്കള്‍ക്കും സന്തോഷം ലഭിക്കുന്ന സമയം. പ്രകൃതി അതിന്റെ സൗരഭ്യം നല്ല നിലക്ക് പ്രകടിപ്പിക്കുന്ന സമയമാണ് വസന്തം. എന്നാല്‍ മനുഷ്യര്‍ക്കും ഇതര ജീവജാലങ്ങള്‍ക്കും സന്തോഷം ലഭിച്ചു തുടങ്ങിയതെപ്പോഴാണ്? അനുഗ്രഹങ്ങള്‍ അവരാസ്വദിച്ചു തുടങ്ങിയത് എങ്ങെനെയാണ്? ഇത്തരം ചര്‍ച്ചയിലേക്ക് കടക്കുമ്പോഴാണ് റബീഉല്‍ അവ്വലിന്റെ വസന്തം മാനുഷികമായി മാറിയതിലെ പ്രവാചകരുടെ പങ്ക് നമുക്ക് ബോധ്യപ്പെടുക. ഇരുണ്ട കാലഘട്ടമെന്ന് ചരിത്രം രേഖപ്പെടുത്തിയ നൂറ്റാണ്ടിലാണ് നബി(സ) പിറക്കുന്നത്. എന്തുകൊണ്ട് ആ കാല ഘട്ടത്തെ അങ്ങനെ രേഖപ്പെടുത്തിയെന്നത് ചരിത്രാവബോധമുള്ളവര്‍ക്ക് ബോധ്യപ്പെടുത്തേണ്ട അവശ്യമില്ല. യുദ്ധം വിനോദവും പെണ്ണ് ലൈംഗികതയും മദ്യം മുഖ്യ പാനീയവുമാണെന്ന് ധരിച്ചവരായിരുന്നു അവര്‍. ഒട്ടകം വേലി ചാടിയതിന്റെ പേരില്‍ നീണ്ട കാലം യുദ്ധം ചെയ്തവര്‍.
മനുഷ്യവകാശങ്ങള്‍ക്കു വേണ്ടി ശബ്ദിക്കുന്ന നൂറുകണക്കിനു സംഘടനകളും പ്രസ്ഥാനങ്ങളുമുണ്ട്. എന്നാല്‍ മൂല്യം എടുത്തു കളഞ്ഞ കറന്‍സിയുടെ വാല്യൂ പോലും ലഭിക്കാത്ത എത്ര മനുഷ്യരുണ്ട് നമ്മുടെ നാട്ടില്‍. നബി(സ) തങ്ങളുടെ പ്രബോധനത്തിന് മുമ്പുള്ള കാലത്തേക്ക് നമ്മളിതിനെ ചേര്‍ത്തി വായിക്കണം. അവിടെ മനുഷ്യ വര്‍ഗത്തില്‍ ഒരു ഇനമേ ഉണ്ടായിരുന്നുള്ളൂ: പുരുഷന്‍. ഇന്നത്തെ പോലെ പെണ്ണിനെ രണ്ടാം തരക്കാരിയായിട്ടാണ് ആണുങ്ങള്‍ കാണുന്നതെന്ന് പറഞ്ഞു പരത്തുകയല്ല അവര്‍ ചെയ്തിരുന്നത്. മറിച്ച് അവള്‍ മനുഷ്യ കുലത്തില്‍ പെട്ടവളാണെന്ന് സമ്മതിക്കാന്‍ പോലും മനസ്സുകാണിച്ചിരുന്നില്ല.
റസൂലുല്ലാഹി(സ) മദീനാ പള്ളിയില്‍ ക്ലാസെടുക്കുന്ന സമയത്ത്, സത്യമാര്‍ഗം സ്വീകരിക്കും മുമ്പ് തങ്ങള്‍ ജീവനോടെ കുഴിച്ചുമൂടിയ പെണ്‍മക്കളെയോര്‍ത്ത് വാവിട്ടു കരഞ്ഞ എത്രയോ പേരുണ്ടായിരുന്നു. അശ്‌റഫുല്‍ ഖല്‍ഖാണ് സ്ത്രീക്ക് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ലോകത്തെ പഠിപ്പിച്ച നേതാവ്. തുല്യം എന്നുള്ളതല്ല സ്ത്രീപുരുഷ സമത്വം. മറിച്ച് മാനുഷികമായി ലഭിക്കേണ്ട പരിഗണന ലഭിക്കുക എന്നുള്ളതാണ്. ജന്മം കൊണ്ടു തന്നെ ശപിക്കപെട്ടവളായി കണക്കാക്കപെട്ടവരായിരുന്നു സ്ത്രീ സമൂഹം. അവര്‍ക്കാണ് ജീവിക്കാനും സ്വത്തിനും മറ്റുമുള്ള അധികാരം അവിടുന്ന് വിപ്ലവകരമായി നേടികൊടുക്കുന്നത്.

മനുഷ്യന്‍ മനുഷ്യനാകാന്‍ പഠിച്ചത് ഹബീബിലൂടെയാണ്. കറുകറുത്ത എത്യോപ്യക്കാരും വെളുത്ത മിസ്‌റുകാരും പേര്‍ഷ്യക്കാരും ഒരേ തളികയിലിരുന്നു ഭക്ഷണം കഴിപ്പിക്കാന്‍ അശ്‌റഫുല്‍ ഖല്‍ഖി(സ)ന് സാധിച്ചു. മക്ക ജയിച്ചടക്കിയ തിരുനബി വിശുദ്ധ കഅ്ബയുടെ മുകളില്‍ കയറി ഇസ്‌ലാമിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്താന്‍ നിയോഗിച്ചത് കറുത്തവര്‍ഗക്കാരനായ ബിലാലിനെയായിരുന്നു. ലോകത്തെ ഏറ്റവും പവിത്ര ഗേഹമായ വിശുദ്ധ കഅ്ബാലയത്തിന്റെ മുകളില്‍ മക്കയിലെ തലയെടുപ്പുള്ള നേതാക്കളിരിക്കെ ബിലാല്‍(റ) ബാങ്കു വിളിച്ചത് പലര്‍ക്കും രസിച്ചിരുന്നില്ല. എന്നാല്‍ മനുഷ്യന്റെ പ്രത്യക്ഷ ചേഷ്ടകളിലേക്കല്ല അല്ലാഹുവിന്റെ നോട്ടമെന്നും അവന്റെ പ്രവര്‍ത്തനങ്ങളിലേ ആത്മാര്‍ഥതകളിലേക്കാണെന്നും അനുചരന്മാരെ ബോധ്യപ്പെടുത്തി അവിടുന്ന് അവരെ സമത്വം പഠിപ്പിച്ചു.
കെ ജി തലം തൊട്ട് ഗ്രാജ്വേഷനും പോസ്റ്റു ഗ്രാജ്വേഷനും പി എച്ച് ഡിയും പോസ്റ്റ് പി എച്ച്ഡിയുമെല്ലാമായി പത്തു മുപ്പത് കൊല്ലം വിദ്യാഭ്യാസത്തിനു വേണ്ടി ചെലവഴിക്കുന്നവരാണ് നമ്മുടെ മക്കള്‍. എന്നാല്‍ തന്റെ മകന്‍/മകള്‍ പിന്തുടരാന്‍ പറ്റുന്ന മാതൃകയാണെന്ന് പേടിയൊന്നും കൂടാതെ പറയാന്‍ പറ്റുന്ന എത്ര രക്ഷിതാക്കളും ഇവരെ പഠിപ്പിച്ചു വലുതാക്കിയ അധ്യാപകരുമുണ്ടാകും.! ഇനി റസൂലുല്ലാഹി(സ)യെ കുറിച്ചൊന്ന് ആലോചിച്ചു നോക്കൂ. വെറും രണ്ടു ദശകങ്ങള്‍ മാത്രമേ അവിടുന്ന് തന്റെ പ്രബോധന ദൗത്യവുമായി പൊതു രംഗത്തുണ്ടായിരുന്നുള്ളു. എന്നാല്‍ അവിടുന്ന് ഈ ലോകത്തോട് വിടപറയുമ്പോഴേക്ക് ലോകഭൂപടത്തില്‍ ഇസ്‌ലാമിനെ അറിയാത്ത, ഇസ്‌ലാമിനെ പുല്‍കാന്‍ വെമ്പല്‍ കൊള്ളുന്ന ഹൃദയങ്ങളില്ലാത്ത സ്ഥലങ്ങളുണ്ടായിരുന്നില്ല എന്നു തന്നെപറയാം. “ഇരുണ്ടയുഗ”മെന്ന് ആ കാലക്കാരുടെ ചെയ്തികള്‍ കൊണ്ട് ചരിത്രകാരന്മാര്‍ പേരു വെച്ചതാണ്. രണ്ടു ദശകങ്ങളിലെ തന്റെ പ്രബോധനത്തിനു ശേഷം ഇത്തരമൊരു സമൂഹത്തിലേക്ക് വിരല്‍ ചൂണ്ടിയിട്ടാണ് നബി(സ)സധീരം പ്രഖ്യാപിച്ചത്: “”എന്റെ അനുചരന്മാര്‍ നക്ഷത്ര സമാനരാണ്. അവരില്‍ ആരെ നിങ്ങള്‍ പിന്തുടര്‍ന്നാലും നിങ്ങള്‍ സന്മാര്‍ഗം സിദ്ധിക്കും””. പ്രവാചകന്റെ ഈ പ്രഖ്യാപനത്തിലെ ഗൗരവവും ധീരതയും നമ്മള്‍ എത്ര ഉള്‍ക്കൊണ്ടിട്ടുണ്ട്?

ഇസ്‌ലാമിക ചരിത്രത്തില്‍ റബീഉല്‍ അവ്വലിന് നിരവധി പ്രത്യേകതകളുണ്ട്. പ്രവാചക ജീവിതത്തിലെ പല നിര്‍ണായക നിമിഷങ്ങളും സംഭവിച്ചത് ഈ മാസത്തിലാണ്. പ്രവാചക ജന്മം തന്നെയാണ് ഏറ്റവും പ്രധാനം. പ്രവാചകരുടെ പ്രബോധനത്തില്‍ സഹികെട്ട ശത്രുക്കള്‍ നബി(സ)തങ്ങളുടെ കാര്യത്തില്‍ തീരുമാനെമെടുക്കാന്‍ “ദാറുന്നദ്‌വ”യില്‍ സംഘടിക്കുന്നതും ജിബ്‌രീല്‍(അ)മുഖേന അല്ലാഹു അവിടുത്തോട് മദീനയിലേക്ക് പലായനം ചെയ്യാന്‍ പറയുന്നതും അവിടുന്ന് സൗറ് ഗുഹാമുഖത്തെത്തിയ ശത്രുക്കളില്‍ നിന്ന് അത്ഭുതകരമാം വിധം രക്ഷപ്പെടുന്നതും മദീനയിലെത്തുന്നതും റബീഉല്‍ അവ്വലിലാണ്. ചുരുക്കത്തില്‍ റബീഉല്‍ അവ്വല്‍ ലോകത്തിന്റെ വസന്തമായി മാറിയിട്ടുണ്ട്. പ്രകൃതി മനുഷ്യന്റെ അമിതവ്യയം കൊണ്ട് പ്രകൃതിയുടെ വസന്തം മനുഷ്യന് അന്യം നില്‍കേണ്ടെതാണെന്ന തീരുമാനത്തിലെത്തിയെങ്കിലും റബീഇനെ നമുക്ക് നിത്യവസന്തമാക്കി തന്നത് അശ്‌റഫുല്‍ ഖല്‍ഖാണ്.
പാടിയും പറഞ്ഞും ഈ വസന്തത്തെ ആഘോഷിക്കുകയാണ് ലോകം. മുമ്പ് ലോകത്ത് ഈ കേരളത്തില്‍ മാത്രമേ റബീഉല്‍ അവ്വലിന് വിലകല്‍പ്പിച്ചിരുന്നുള്ളൂ എന്ന് പറഞ്ഞ് ചിലര്‍ നമ്മെ വഞ്ചിക്കുകയായിരുന്നു. ഒന്ന് സെര്‍ച്ച് ചെയ്താല്‍ ലോകത്തെവിടെയുള്ള മൗലിദാഘോഷവും സ്‌ക്രീനില്‍ തെളിഞ്ഞുവരും. പല രാജ്യങ്ങളിലും നടക്കുന്ന വിപുലമായ മൗലിദാഘോഷങ്ങളും മീലാദ് റാലികളും നേരിട്ടു കാണുമ്പോള്‍ കേരളത്തിലെ മൗലിദാഘോഷങ്ങള്‍ക്ക് പ്രൗഢി പോരേ എന്നുവരെ ചിന്തിച്ചു പോയിട്ടുണ്ട്. വിപുലമായിട്ടു തന്നെ നമ്മള്‍ റബീഇനെ വരവേല്‍ക്കണം. പന്ത്രണ്ടുവരെ മാത്രം നീണ്ടു നില്‍ക്കുന്നതാകരുത് നമ്മുടെപ്രകീര്‍ത്തന സദസ്സുകള്‍. മറിച്ച്, ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുത്ഭവിക്കുന്ന പ്രവാചക പ്രണയത്തില്‍ നിന്നായിരിക്കണം നമ്മുടെ റബീഉകള്‍ വസന്തം തീര്‍ക്കേണ്ടത്.

Latest