Connect with us

National

ബി ജെ പിയുടെ 'സൈബര്‍ പോരാളി'യില്‍ നിന്ന് പിടിച്ചെടുത്തത് ലക്ഷങ്ങളുടെ കറന്‍സി

Published

|

Last Updated

സേലം: നോട്ട് നിരോധത്തെ പിന്തുണക്കാനായി ഫേസ്ബുക്കിലും വാട്‌സാപ്പിലും വിയര്‍പ്പൊഴുക്കുന്ന ബി ജെ പി യുവ നേതാവില്‍ നിന്ന് ലക്ഷങ്ങളുടെ കറന്‍സി പിടിച്ചെടുത്തു. ഇതോടെ പ്രതിരോധത്തിലായ പാര്‍ട്ടി നേതൃത്വം പിടിച്ചുനില്‍ക്കാനാകാതെ വിയര്‍ക്കുകയാണ്. സേലത്തെ പ്രമുഖ യുവനേതാവ് ജെ വി ആര്‍ അരുണ്‍(36) ആണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളില്‍ നിന്ന് 20.55 ലക്ഷത്തിന്റെ കറന്‍സികളാണ് പിടിച്ചെടുത്തത്. ഇതില്‍ രണ്ടായിരത്തിന്റെ 926 നോട്ടുകളുണ്ട്. 100ന്റെ 1530 നോട്ടുകളും നിരോധിച്ച ആയിരം നോട്ടുകളും പിടിച്ചെടുത്തുവെന്ന് പൊലീസ് പറഞ്ഞു.

അരുണിന്റെ കാര്‍ തടഞ്ഞു നിര്‍ത്തിയാണ് പോലീസ് ഈ തുക പിടിച്ചെടുത്തത്. പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ അരുണിന് സാധിച്ചിട്ടില്ല. സ്രോതസ്സ് വ്യക്തമാക്കാന്‍ ഇയാള്‍ക്ക് സമയം അനുവദിച്ചിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിടിച്ചെടുത്ത പണം ജില്ലാ ട്രഷറിയില്‍ അടച്ചിരിക്കുകയാണ്. അരുണിന് കണക്കിലധികം പുതിയ രണ്ടായിരം നോട്ടുകള്‍ നല്‍കിയ ബേങ്ക് അധികൃതരെ കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങി.

അരുണ്‍ അറസ്റ്റിലായത് ബി ജെ പിയെ കടുത്ത പ്രതിരോധത്തിലാക്കി. ഇതോടെ വിശദീകരണവുമായി നേതാക്കള്‍ രംഗത്തെത്തി. അരുണില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്ന് ബി ജെ പി വക്താവ് പറഞ്ഞു. അരുണിനെ പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും സസ്‌പെന്‍ഡ് ബി ജെപി സംസ്ഥാന അധ്യക്ഷന്‍ തമിഴിശൈ സൗന്ദര്‍രാജന്‍ അറിയിച്ചു. മറുപടി തൃപ്തികരമല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

Latest