ഷെപ്‌കൊയിന്‍സെക്ക് കളിക്കാരെ നല്‍കാമെന്ന് എതിര്‍ ടീമുകള്‍

Posted on: December 1, 2016 11:52 am | Last updated: December 1, 2016 at 11:52 am

3adec04e00000578-3986206-the_stands_at_the_arena_conda_were_packed_as_thousands_of_chapec-a-22_1480516345837ബ്രസീലിയ: മുന്‍നിര താരങ്ങളെയെല്ലാം വിമാന ദുരന്തത്തില്‍ നഷ്ടമായ ഷെപ്‌കൊയിന്‍സെ ക്ലബ്ബിന് കൈത്താങ്ങായി ലീഗിലെ ബദ്ധവൈരികളെന്ന് കരുതിയ ടീമുകള്‍ രംഗത്തെത്തിയിരിക്കുന്നു.
മുന്‍ നിര ക്ലബ്ബുകളായ ഫഌമെംഗോ, പാര്‍മെയ്‌റാസ്, സാവോ പോളോ ക്ലബ്ബുകള്‍ ഷെപ്‌കൊയിന്‍സെ ക്ലബ്ബിന് അവരുടെ കളിക്കാരെ നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചിരിക്കുന്നു.
കളിക്കാരെയും പരിശീലകരെയും മറ്റ് കോച്ചിംഗ് സ്റ്റാഫുകളെയെല്ലാം കൊളംബിയയിലെ വിമാന ദുരന്തത്തില്‍ നഷ്ടമായിരുന്നു ഷെപ്‌കൊയിന്‍സെ ക്ലബ്ബിന്.
ലോകഫുട്‌ബോളിലെ വലിയ ദുരന്തങ്ങളിലൊന്നായി ഇത് മാറി. 1958 ല്‍ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് മ്യൂണിക് വിമാന ദുരന്തത്തില്‍ ടീമിനെ ഒന്നടങ്കം നഷ്ടമായിരുന്നു. ഏതാനും താരങ്ങള്‍ മാത്രമാണ് അന്ന് രക്ഷപ്പെട്ടത്. അന്ന് ലിവര്‍പൂളും നോട്ടിംഗ്ഹാം ഫോറസ്റ്റും കളിക്കാരെ ലോണില്‍ നല്‍കി സഹായിക്കാന്‍ മുന്നോട്ട് വന്നിരുന്നു.
ലീഗിന് പുറത്തുള്ള ബിഷപ് ഓക്‌ലന്‍ഡ് ക്ലബ്ബിന്റെ കളിക്കാരെ വെച്ചാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പിന്നീട് കളിച്ചത്. പുതിയൊരു ടീമിനെ നിര്‍മിച്ചെടുക്കാന്‍ യുനൈറ്റഡ് ടീം അധികൃതര്‍ ഏറെ വിയര്‍പ്പൊഴുക്കിയത് ചരിത്രമാണ്.

ബ്രസീലിയന്‍ ക്ലബ്ബ് ഷെപ്‌കൊയിന്‍സെയും സമാന അവസ്ഥയിലാണ്.
നാലാം ഡിവിഷന്‍ ലീഗില്‍ നിന്ന് പടിപടിയായി ഉയര്‍ന്നു വന്ന ക്ലബ്ബ് കോപ സുഡാമേരിക്കാന ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തിയത് വന്‍ സംഭവമായി മാറിയിരുന്നു. ആ ഫൈനല്‍ കളിക്കാന്‍ പോകുമ്പോഴാണ് ദുരന്തം സംഭവിച്ചത്.
കൃഷി ജീവിതവൃത്തിയായി സ്വീകരിച്ചിട്ടുള്ള ഒരു ഗ്രാമമാണ് ഷെപ്‌കോയിന്‍സെ. രണ്ട് ലക്ഷത്തോളം വരും ജനസംഖ്യ. ദുരന്തം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് ആ ഗ്രാമം മുക്തമായിട്ടില്ല. സ്‌കൂളുകളും കടകളും ഒന്നും പ്രവര്‍ത്തിച്ചില്ല. ക്ലബ്ബിന്റെ സ്റ്റേഡിയത്തിന് പുറത്ത് നടന്ന പ്രത്യേക പ്രാര്‍ഥനയില്‍ വന്‍ ജനപങ്കാളിത്തമുണ്ടായിരുന്നു.

81 പേര്‍ യാത്ര ചെയ്ത വിമാനത്തിലെ 77 പേരും കൊല്ലപ്പെട്ടിരുന്നു.
രക്ഷപ്പെട്ടവരില്‍ മൂന്ന് താരങ്ങളുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഡിഫന്‍ഡര്‍ അലന്‍ റുഷെല്‍, ഹെലിയോ സെംപര്‍, റിസര്‍വ് ഗോള്‍ കീപ്പര്‍ ജാക്‌സന്‍ ഫോള്‍മാന്‍ എന്നിവരാണ് ഗുരുതര പരുക്കുകളുമായി ആശുപത്രിയില്‍ വിദഗ്ധ ചികിത്സയിലുള്ളത്.