സജ്ജമായോ രാജ്യം കറന്‍സി രഹിതമാകാന്‍ മാത്രം?

ഡിജിറ്റല്‍ സാക്ഷരത തന്നെയാണ് പ്രശ്‌നം. കറന്‍സി രഹിത പണമിടപാടുകള്‍ നടത്തി പരിചയിച്ച് ജനം ഡിജിറ്റലായി വളരേണ്ടതുണ്ട്. ബേങ്ക് അക്കൗണ്ടുള്ളവര്‍ തന്നെ എ ടി എം കാര്‍ഡ് വഴി ലഭിക്കുന്ന സേവനങ്ങള്‍ മുഴുവനായും ഉപയോഗിക്കാത്തവരും അറിയാത്തവരുമാണ്. വിഡ്രോ സ്ലിപ്പ് പൂരിപ്പിക്കാന്‍ അറിയാത്തവര്‍ എത്രയെങ്കിലുമുണ്ട് നമ്മുടെ നാട്ടില്‍. അത്തരമൊരു ജനതയോടാണ് പറയുന്നത് നിങ്ങള്‍ ഇ- കൊമേഴ്‌സിലേക്കും ഇ- വാലറ്റുകളിലക്കും മാറണമെന്ന്. മറ്റൊരു പ്രധാന പ്രശ്‌നം ഇന്റര്‍നെറ്റ് തന്നെയാണ്. ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നതിന് അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ അത്യാവശ്യമാണ്. മെട്രോ നഗരങ്ങളില്‍ 4ജി സേവനങ്ങള്‍ ലഭ്യമാണെങ്കിലും ഗ്രാമപ്രദേശങ്ങളിലെ അവസ്ഥ ഇതില്‍നിന്നും വിഭിന്നമാണ്. ഉപഭോക്താവിന് പണം ട്രാന്‍സ്ഫര്‍ ചെയ്യാനും കച്ചവടക്കാരന് തന്റെ അക്കൗണ്ടില്‍ പണമെത്തിയെന്ന് ഉറപ്പുവരുത്താനും അതിവേഗ ഇന്റര്‍നെറ്റ് കൂടിയേ പറ്റൂ.
Posted on: December 1, 2016 6:10 am | Last updated: December 1, 2016 at 12:12 am

MONEYകറന്‍സി രഹിത ഇന്ത്യക്കായി ചെറുകിട കച്ചവടക്കാരും ബിസിനസുകാരും ഓണ്‍ലൈന്‍ ഇടപാടുകളിലേക്ക് തിരിയണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും പുതിയ അഭ്യര്‍ഥന. അതിലേക്കുള്ള ഒരു ചുവടുവെപ്പു മാത്രമാണ് നോട്ട് അസാധുവാക്കല്‍ നടപടിയത്രേ. ഡിജിറ്റല്‍ ഇടപാടുകള്‍ കള്ളപ്പണക്കാരെയും അഴിമതിക്കാരെയും തുടച്ചുനീക്കാന്‍ സഹായമാകും. ‘ആവശ്യത്തിന് പണമില്ലാത്ത’ അവസ്ഥയില്‍ നിന്നും ‘കറന്‍സിരഹിത ഇന്ത്യ’ എന്ന ലക്ഷ്യത്തിനായി ജനങ്ങള്‍ ഇനിയും പ്രയാസങ്ങള്‍ അനുഭവിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം അഭ്യര്‍ഥിക്കുന്നുണ്ട്. എന്നാല്‍, നമ്മുടെ രാജ്യത്തെ ‘ഡിജിറ്റല്‍ സാക്ഷരത’യും ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും ഇത്തരമൊരു അവസ്ഥയിലേക്ക് വളര്‍ന്നിട്ടുണ്ടോ എന്ന് ആലോചിക്കേണ്ടതുണ്ട്. ജനസംഖ്യയില്‍ കുറേ പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണെങ്കിലും ഇത്തരം ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നവര്‍ വളരെ കുറവാണെന്നതാണ് യാഥാര്‍ഥ്യം.

ഡിജിറ്റല്‍ ഇന്ത്യ എന്ന് നാഴികക്ക് നാല്‍പ്പത് വട്ടം പറയുന്ന പ്രധാനമന്ത്രി മോദി തന്നെ പറയുന്നുണ്ട് ഇത് പ്രയാസമേറിയ ലക്ഷ്യമാണെന്ന്. ഇന്ത്യയെ പോലെ കൂടുതല്‍ ജനസംഖ്യയും അതിനനുസരിച്ച് പേപ്പര്‍ കറന്‍സിയുമുള്ള ഒരു രാജ്യത്ത് ഓണ്‍ലൈന്‍ ഇടപാടുകളിലേക്കുള്ള പരിവര്‍ത്തനം എത്രമാത്രം എളുപ്പമായിരിക്കുമെന്ന് മനസ്സിലാക്കാന്‍ അധികമൊന്നും ആലോചിക്കേണ്ടതില്ല. ഡിജിറ്റല്‍ കറന്‍സിയെന്നത് അഴിമതി തുടച്ചുനീക്കാനും കള്ളപ്പണക്കാരെ പുറത്തു കൊണ്ടുവരാനും ഉപയുക്തമാകുമെന്ന വാദം അംഗീകരിക്കുമ്പോള്‍ തന്നെ അത്തരമൊരു അവസ്ഥയിലേക്കുള്ള മാറ്റം വളരെയധികം അവധാനത്തിലായിരിക്കേണ്ടതുമുണ്ട്.

ഒന്നാമതായി ഡിജിറ്റല്‍ സാക്ഷരത തന്നെയാണ് പ്രശ്‌നം. ഇത്തരം പണമിടപാടുകള്‍ നടത്തി പരിചയിച്ച് ജനം ഡിജിറ്റലായി വളരേണ്ടതുണ്ട്. ബേങ്ക് അക്കൗണ്ടുള്ളവര്‍ തന്നെ എ ടി എം കാര്‍ഡ് വഴി ലഭിക്കുന്ന സേവനങ്ങള്‍ മുഴുവനായും ഉപയോഗിക്കാത്തവരും അറിയാത്തവരുമാണ്. വിഡ്രോ സ്ലിപ്പ് പൂരിപ്പിക്കാന്‍ അറിയാത്തവര്‍ എത്രയെങ്കിലുമുണ്ട് നമ്മുടെ നാട്ടില്‍ പോലും. അത്തരമൊരു ജനതയോടാണ് പറയുന്നത് നിങ്ങള്‍ ഇ- കൊമേഴ്‌സിലേക്കും ഇ- വാലറ്റുകളിലക്കും മാറണമെന്ന്. ഇതൊക്കെ പടിപടിയായി നടപ്പാക്കേണ്ടതാണ്. അര്‍ധരാത്രിയിലെ കറന്‍സി അസാധുവാക്കല്‍ കൊണ്ട് ഈ ലക്ഷ്യത്തിലെത്താന്‍ കഴിയുമോ?
മറ്റൊരു പ്രധാന പ്രശ്‌നം ഇന്റര്‍നെറ്റ് തന്നെയാണ്. ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നതിന് അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ അത്യാവശ്യമാണ്. മെട്രോ നഗരങ്ങളില്‍ 4ജി സേവനങ്ങള്‍ ലഭ്യമാണെങ്കിലും ഗ്രാമപ്രദേശങ്ങളിലെ അവസ്ഥ ഇതില്‍നിന്നും വിഭിന്നമാണ്. ഇങ്ങനെയൊക്കെയുള്ള അടിസ്ഥാനഘടകങ്ങള്‍ ആദ്യം ഒരുക്കേണ്ടതുണ്ട്. ഉപഭോക്താവിന് പണം ട്രാന്‍സ്ഫര്‍ ചെയ്യാനും കച്ചവടക്കാരന് തന്റെ അക്കൗണ്ടില്‍ പണമെത്തിയെന്ന് ഉറപ്പുവരുത്താനും അതിവേഗ ഇന്റര്‍നെറ്റ് കൂടിയേ പറ്റൂ. രാജ്യത്ത് പല ഗ്രാമപ്രദേശങ്ങളിലും ഇന്റര്‍നെറ്റ് എന്നത് ഇപ്പോഴും കിട്ടാക്കനി മാത്രമാണ്.

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ അധിക പേരും സോഷ്യല്‍ മീഡിയയില്‍ ഒതുങ്ങുന്നവരാണ്. വാട്ട്‌സ്ആപ്പും ഫേസ്ബുക്കും മാത്രമാണ് അവരുടെ മേച്ചില്‍പ്പുറങ്ങള്‍. ഇതിനപ്പുറത്തേക്ക് കാര്യങ്ങള്‍ എത്തണമെങ്കില്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവരും. സ്വന്തം ബേങ്കിംഗ് ഇടപാടുകള്‍ തന്നെ തെറ്റുകൂടാതെയും തട്ടിപ്പിനിരയാകാതെയും നടത്താന്‍ കഴിയാത്ത ഒരു ജനതയോടാണ് ഒരു സുപ്രഭാതത്തില്‍ നിങ്ങള്‍ ഡിജിറ്റലാകണമെന്ന് പറയുന്നത്.!!
ഓണ്‍ലൈന്‍ രംഗത്ത് നടക്കുന്ന തട്ടിപ്പുകള്‍ തടയാന്‍ മതിയായ സുരക്ഷയൊരുക്കാന്‍ പോലും കഴിയാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും ബേങ്കുകളും എങ്ങനെ ഇത്തരമൊരു മാറ്റത്തിലേക്ക് രാജ്യത്തെ ജനങ്ങളെ എത്തിക്കും. അടുത്തിടെ കേരളത്തില്‍ തന്നെ നിരവധി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നതാണ്. തട്ടിപ്പുകള്‍ക്ക് ഇരയായത് വിദ്യാസമ്പന്നരാണെന്നതും ഓര്‍ക്കേണ്ടതുണ്ട്. ഓണ്‍ലൈന്‍ സേവനങ്ങളും ഇ-വാലറ്റുകളും ഉപയോഗിക്കുമ്പോള്‍ ഉപഭോക്താവിന്റെ പണം നഷ്ടപ്പെടാനുള്ള സാഹചര്യങ്ങള്‍ നിരവധിയാണ്.

ഈ രംഗത്തെ മോഷ്ടാക്കള്‍ ഏതൊരു സുരക്ഷാക്രമീകരണവും തകര്‍ക്കാന്‍ മാത്രം വൈദഗ്ധ്യമുള്ളവരാണ്. അത്തരം സാഹചര്യങ്ങളില്‍ ഉപയോഗിക്കേണ്ട സാങ്കേതിക വശങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് വേണ്ടത്ര അറിവും അവബോധവുണ്ടാക്കേണ്ടതില്ലേ? ചായക്കടക്കാരനും കടലാസ് വില്‍പ്പനക്കാരനും രാജ്യത്തിനു വേണ്ടി ഇത്തരം ഇടപാടുകളിലേക്ക് തിരിയണമെന്ന് പറഞ്ഞത് കൊണ്ട് മാത്രമായോ? ഇ-വാലറ്റുകളില്‍ പരിധിയിലേറെ പണം സൂക്ഷിക്കുകയെന്നത് ബുദ്ധിശൂന്യമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. കാരണം ഇത്തരം കമ്പനികളില്‍ മിക്കതും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയല്ല. അവ ഏത് നിമിഷവും പൂട്ടിപ്പോകാനും സേവനം നിര്‍ത്താനും സാധ്യതയുള്ളവയാണ്. അങ്ങനെ സംഭവിക്കുന്ന പക്ഷം ഉപഭോക്താവിന് പണം നഷ്ടപ്പെടുകയോ അല്ലെങ്കില്‍ പണം സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാതിരിക്കുകയോ ചെയ്യും. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുവരവുള്ള ഓണ്‍ലൈന്‍ കമ്പനിയായ ആമസോണ്‍ പോലും ലാഭത്തിലല്ല എന്നതാണ് വസ്തുത.

കേരളത്തില്‍ നൂറ് ശതമാനം സാക്ഷരത കൈവരിക്കുന്നതിന് സ്വീകരിച്ചതുപോലുള്ള നടപടികള്‍ ഡിജിറ്റല്‍ സാക്ഷരതക്കും വേണ്ടി നമുക്ക് സ്വീകരിക്കാം. വര്‍ഷങ്ങള്‍ നീണ്ട ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മാത്രമേ ‘ഡിജിറ്റല്‍ സാക്ഷരത’ എന്ന ലക്ഷ്യത്തിലെത്താന്‍ കഴിയൂ. എഴുത്തും വായനും പഠിക്കുന്നതു പോലെയല്ല ഡിജിറ്റല്‍ സാക്ഷരതയെന്നത്. സാങ്കേതിക മേഖയിലെ അറിവില്ലായ്മ തന്റെ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെടുത്തും. അപ്പോള്‍ അതിനനുസരിച്ചുള്ള അവബോധം ജനങ്ങളിലുണ്ടാക്കേണ്ടത് അത്യാവശ്യമാണ്. ഇന്റര്‍നെറ്റ് ബേങ്കിംഗിന്റെയും അതുപോലെ തന്നെ ഇ-വാലറ്റുകളുടെയും പാസ്‌വേര്‍ഡുകള്‍ ശക്തമായി നിലനിര്‍ത്തുകയും ഓര്‍ത്തിരിക്കുകയും ചെയ്യുക, ഇത് മറ്റുള്ളവരിലേക്ക് ചോര്‍ന്ന് പോകാതിരിക്കുക തുടങ്ങി കുറേയധികം കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് വരുന്നതാണ്. ഇടപാടുകളൊക്കെ ഓണ്‍ലൈനാകുന്നതോടെ ദിവസത്തില്‍ കുറേയധികം തവണ നെറ്റ് ബേങ്കിംഗും നടത്തേണ്ടതായും ഇ-കൊമേഴ്‌സ് സൈറ്റുകളുമായി ബന്ധപ്പെടേണ്ടതായും വരും. ഇതെല്ലാം തന്നെ മതിയായ സാങ്കേതികജ്ഞാനമില്ലാതെയും സുരക്ഷയൊരുക്കാതെയും ചെയ്യുമ്പോള്‍ പണം നഷ്ടപ്പെടാനുള്ള സാധ്യതകള്‍ വളരെയേറെയാണ്. അതു മാത്രമല്ല, എപ്പോഴും ഇന്റര്‍നെറ്റ് കണക്ടഡ് ആയിരിക്കുക എന്നത് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം സാമ്പത്തികബാധ്യത വരുത്തുകയും ചെയ്യും.

പണം പേപ്പര്‍ കറന്‍സിയായിട്ട് ഉപയോഗിക്കുമ്പോള്‍ നമുക്ക് അതൊരു അധികാരം നല്‍കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും (സൂക്ഷിപ്പ്, ചെലവഴിക്കല്‍) ഉപഭോക്താവില്‍ അര്‍പ്പിതമാണ്. എന്നാല്‍ ഡിജിറ്റല്‍ കറന്‍സിയില്‍ ഇതൊന്നും നമുക്ക് ലഭിക്കുന്നില്ല. അതൊരു കമ്പ്യൂട്ടര്‍ പ്രോഗ്രാം മാത്രമാണ്. നാം എന്ത് ചെലവഴിച്ചാലും അത് മറ്റൊരിടത്ത് എഴുതിവെക്കപ്പെടുന്നു എന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന വാദവും നിലനില്‍ക്കുന്നുണ്ട്. അപ്പോള്‍ ഇത്തരമൊരു മാറ്റത്തിലേക്ക് രാജ്യത്തെ നയിക്കുമ്പോള്‍ ജനങ്ങളായിരിക്കണം പ്രധാനഘടകം. അവരുടെ അഭിപ്രായമായിരിക്കണം വേദവാക്യം.
കറന്‍സി നിരോധനത്തിന് ശേഷം ഇന്ത്യയില്‍ ബിറ്റ്‌കോയിന് ആവശ്യക്കാരേറുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. യഥാര്‍ഥത്തില്‍ 2008ലെ ആഗോള സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്നുള്ള ‘ഡിജിറ്റല്‍ കറന്‍സി’ എന്ന ചിന്തയാണ് ബിറ്റ്‌കോയിന്‍ സൃഷ്ടിപ്പിലേക്ക് വഴിവെച്ചത്. തികച്ചും വിര്‍ച്വല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ളതാണ് ബിറ്റ്‌കോയിന്‍ (Bitcoin). ഇന്റര്‍നെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കാണിത് ഉപയോഗിക്കുന്നത്. എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഇവ ‘ക്രിപ്‌റ്റോ കറന്‍സി’ എന്നും അറിയപ്പെടുന്നുണ്ട്. 2009ല്‍ 2.10 കോടി ബിറ്റ്‌കോയിനുകളാണ് സൃഷ്ടിച്ചത്.

ബിറ്റ്‌കോയിന്‍ സൃഷ്ടിക്കപ്പെട്ടത് വിവിധ രാജ്യങ്ങളുടെയോ കേന്ദ്ര ബേങ്കുകളുടെയോ പിന്തുണയോടെയല്ല എന്നതും രഹസ്യസ്വഭാവം സൂക്ഷിക്കപ്പെടുന്നുവെന്നതും ഇവയുടെ പ്രചാരം വേഗത്തിലാക്കുന്നുണ്ട്. പൂര്‍ണമായും ഡിജിറ്റലാകുമ്പോഴും ഈ രഹസ്യസ്വഭാവം കള്ളപ്പണക്കാര്‍ക്ക് അനുകൂലമാകില്ലേ എന്ന ചിന്തയും തള്ളിക്കളയാനാകില്ല. ബിറ്റ്‌കോയിനുകളുടെ എണ്ണം കൂടുന്നില്ല എന്നതു കൊണ്ടുതന്നെ സാധാരണ കറന്‍സികളെ പോലെ മൂല്യം ഇടിയില്ല. നോട്ടുകള്‍ എത്ര വേണമെങ്കിലും അടിച്ചിറക്കി മൂല്യം കുറക്കാന്‍ കേന്ദ്ര ബേങ്കുകള്‍ക്കു സാധിക്കും. ഇത് കൊണ്ടൊക്കെ ബിറ്റ്‌കോയിന്‍ ഇപ്പോള്‍ ഉയര്‍ന്ന മൂല്യമുള്ള കറന്‍സിയായി തീര്‍ന്നിരിക്കുകയാണ്. 2013ല്‍ ഒരു ബിറ്റ്‌കോയിന് 1200 ഡോളറിലേറെ മൂല്യമുണ്ടായിരുന്നു. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനും ലഹരി വില്‍പ്പന, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ എന്നിവക്കും ബിറ്റ്‌കോയിന്‍ സഹായകമാകും എന്ന കേന്ദ്ര ബേങ്കുകളുടെ എതിര്‍പ്പും ബിറ്റ്‌കോയിന്റെ വളര്‍ച്ചയുടെ വേഗം കുറച്ചിരുന്നു. 2015 നവംബറില്‍ ഒരു ബിറ്റ് കോയിന് 337.80 യു എസ് ഡോളറായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ നിലവാരം 700-750 ഡോളറാണ്. അടുത്തവര്‍ഷത്തോടെ ബിറ്റ്‌കോയിന്റെ വില 4000 ഡോളറിന് മുകളിലെത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം.

യുവാന്റെ മൂല്യം കുറച്ചപ്പോള്‍ ഇടപാടുകാര്‍ ബിറ്റ് കോയിനുകള്‍ വാങ്ങിക്കൂട്ടിയതിനെ തുടര്‍ന്ന് ചൈനീസ് ബേങ്കുകള്‍ക്ക് സംഭവിച്ച തകര്‍ച്ചക്ക് സമാനമായത് ഇന്ത്യയിലും സംഭവിക്കുമോ എന്ന് ആശങ്കപ്പെടുന്നവരുമുണ്ട്. അതേസമയം ഡിജിറ്റല്‍ കറന്‍സി സംവിധാനം പൂര്‍ണമായി ഒരുക്കിയതിനുശേഷം അതിലേക്ക് മാറാനുള്ള വഴികളാണ് ചൈന ഇപ്പോള്‍ ശ്രമിക്കുന്നത്. ബിറ്റ്‌കോയിന് സമാനമായ ഡിജിറ്റല്‍ കോയിന്‍ വികസിപ്പിച്ച് അതിലേക്ക് മാറാനുള്ള ശ്രമത്തിലാണ് ചൈന. ഇത്തരം ശ്രമങ്ങളൊന്നും ഇതുവരെ നമ്മുടെ സര്‍ക്കാറുകളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. മോദിയും ബി ജെ പി സര്‍ക്കാറും ഇപ്പോള്‍ ചെയ്തിരിക്കുന്നത് പെട്ടെന്ന് ഒരു ദിവസം കറന്‍സികള്‍ പിന്‍വലിക്കുകയും അതിനു ശേഷം ഡിജിറ്റല്‍ കറന്‍സിയെന്ന ആശയത്തിലേക്ക് കാര്യങ്ങള്‍ നീക്കുകയുമാണ്. ഇതിനുപകരം സമാന്തരമായി ഈ രണ്ട് പ്രവൃത്തികളും നടത്തുകയും നിശ്ചിത കാലയളവ് വെച്ച് ആ ലക്ഷ്യം നേടിയെടുക്കുകയുമാണ് വേണ്ടത്. അല്ലാതെ രാജ്യത്തെ പൗരന്മാരോട് നിങ്ങള്‍ ഓണ്‍ലൈന്‍ ഇടപാടിലേക്കും ഡിജിറ്റല്‍ കറന്‍സി എന്ന ലക്ഷ്യത്തിലേക്കും സഞ്ചരിക്കണമെന്ന് പറയുകയല്ല വേണ്ടത്. വ്യക്തമായ ലക്ഷ്യവും അതിനനുസരിച്ച് പ്ലാന്‍ ചെയ്ത വഴികളും ഈ ലക്ഷ്യം കൈവരിക്കുന്നതിന് നിര്‍ബന്ധമാണ്.