Connect with us

Kerala

സിനിമാ തിയറ്ററുകളില്‍ നിര്‍ബന്ധമായും ദേശീയ ഗാനം കേള്‍പ്പിക്കണം: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ സിനിമാ തിയറ്ററുകളിലും നിര്‍ബന്ധമായും ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന് സുപ്രീം കോടതി. ഓരോ പ്രദര്‍ശനം ആരംഭിക്കുന്നതിന് മുമ്പും സ്‌ക്രീനില്‍ ദേശീയ പതാക കാണിക്കണം. ദേശീയ ഗാനം കേള്‍പ്പിക്കുന്ന സമയത്ത് സ്‌ക്രീനില്‍ ദേശീയ പതാകയുടെ ചിത്രം കാണിക്കുകയും, ഒപ്പം കാണികള്‍ എഴുന്നേറ്റ്‌നിന്നു ദേശീയഗാനത്തെ ബഹുമാനിക്കണമെന്നും പരമോന്നത കോടതി ഉത്തരവില്‍ പറയുന്നു.

ഇതുസംബന്ധിച്ച പൊതുതാത്പര്യ ഹരജി പരിഗണിക്കവേയായിരുന്നു കോടതി ഉത്തരവ്. ദേശീയ ഗാനത്തെ അവഹേളിക്കുന്നത് തടയണമെന്നും ദേശീയ ഗാനം ആലപിക്കുന്നതും കേള്‍പ്പിക്കുന്നതും സംബന്ധിച്ച് കൃത്യമായ മാര്‍ഗ നിര്‍ദേശം വേണമെന്നുമാണ് പൊതുതാത്പര്യ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. അതേസമയം ഇതിനായി ദേശീയ ഗാനം വാണിജ്യവത്കരിക്കരുതെന്നും, അതില്‍ അനാവശ്യ തരത്തിലുള്ള ചിത്രീകരണങ്ങളോ എഴുത്തോ പാടില്ലെന്നും വ്യക്തമാക്കിയ കോടതി ദേശീയ ഗാനം നാടകവത്കരിക്കരുതെന്നും ഉത്തരവിട്ടിട്ടുണ്ട്. യോഗ്യമല്ലാത്ത വസ്തുക്കളില്‍ ദേശീയഗാനം അച്ചടിക്കരുത്. സാമ്പത്തിക ലാഭം ലക്ഷ്യമിട്ടുകൊണ്ടുള്ള പരസ്യ ചിത്രീകരണം നടത്തരുതെന്നും, ചില പരസ്യങ്ങളില്‍ ദേശീയ ഗാനം പകുതിമുറിച്ച് ഉപയോഗിക്കുന്നത് കുറ്റകരമാണെന്നും ഉത്തരവിലുണ്ട്.

ഇതിനിടെ സുപ്രീം കോടതി ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. ഉത്തരവ് പത്ര മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിധി എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കൈമാറുമെന്നും ദൃശ്യ- ശ്രാവ്യ മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.
നേരത്തെ തിരുവനന്തപുരം കൈരളി തിയറ്ററില്‍ സിനിമ പ്രദര്‍ശിപ്പിക്കും മുമ്പ് ദേശീയ ഗാനം കേള്‍പ്പിച്ചപ്പോള്‍ എഴുന്നേല്‍ക്കാതിരുന്നതിന് യുവാവിനെ അറസ്റ്റുചെയ്തത് വിവാദത്തിനിടയാക്കിയിരുന്നു. ഇതോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദേശീയ ഗാനത്തെ അപമാനിച്ചെന്നുള്ള ആരോപണത്തില്‍ തര്‍ക്കവും കൈയേറ്റവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ദേശീയ ഗാനം കേള്‍പ്പിച്ച സമയത്ത് എഴുന്നേല്‍ക്കാത്തതിനും പലര്‍ക്കും മര്‍ദനമേറ്റിട്ടുണ്ട്. നിലവില്‍ സിനിമാ പ്രദര്‍ശനത്തിന് മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കുന്ന പതിവ് മഹാരാഷ്ട്രയില്‍ മാത്രമാണുള്ളത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest