Connect with us

Kerala

ഫസല്‍ വധം: പോലീസിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട ഹരജി ഡിസംബര്‍ അഞ്ചിന് പരിഗണിക്കും

Published

|

Last Updated

തലശ്ശേരി: അനുജനെ അകാരണമായി കസ്റ്റഡിയിലെടുത്ത് ക്രൂരമായി പീഡിപ്പിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നപേക്ഷിച്ച് പള്ളൂര്‍ ചെമ്പ്രയിലെ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ സഹോദരന്‍ അജേഷ് നല്‍കിയ ഹരജി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഡിസംബര്‍ അഞ്ചിന് പരിഗണിക്കും. സി പി എം പ്രവര്‍ത്തകന്‍ പടുവിലായി മോഹനന്‍ വധക്കേസിനോടനുബന്ധിച്ച് ഇക്കഴിഞ്ഞ 19ന് വടകര മൂര്യാട് പാലത്തിനടുത്ത് വെച്ചാണ് സുബീഷിനെ പോലീസ് പിടികൂടിയിരുന്നതെന്നും കസ്റ്റഡിയില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ച് ഫസല്‍ കേസിനെ പറ്റി ഇല്ലാത്ത വിവരങ്ങള്‍ പറയാന്‍ നിര്‍ബന്ധിച്ചുവെന്നും ഹരജിയില്‍ പറയുന്നു.

ഡിവൈ എസ് പി പ്രിന്‍സ് എബ്രഹാമിന്റെ നിര്‍ദേശ പ്രകാരമായിരുന്നു പീഡനവും മൊഴിയെടുപ്പും. സഹോദരന്റെ വിവരമന്വേഷിച്ച് ഡിവൈ എസ് പി ഓഫീസിലെത്തിയ തന്നെ അപമാനിച്ച് പറഞ്ഞയക്കുകയായിരുന്നു. ഇതേ സംഭവത്തില്‍ ഇപ്പോള്‍ അറസ്റ്റിലും റിമാന്‍ഡിലുമുള്ള സുബീഷും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, പോലീസ് കംപ്ലയിന്റ് അതോറിറ്റി, സി ബി ഐ മേധാവി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഫസല്‍ കേസില്‍ സി ബി ഐ കുറ്റപത്രം നല്‍കിയ കേസില്‍ തന്നെ പെടുത്താന്‍ പോലീസ് ശ്രമിക്കുന്നതായാണ് സുബീഷിന്റെ പരാതി.

Latest