1,200 കോടി രൂപ പണമായി കിട്ടിയില്ലെങ്കില്‍ ശമ്പള വിനിയോഗം നടക്കില്ല: ധനമന്ത്രി

Posted on: November 30, 2016 7:09 am | Last updated: November 30, 2016 at 12:10 am

കൊച്ചി: സംസ്ഥാന ട്രഷറിയിലേക്ക് റിസര്‍വ് ബേങ്ക് 1200 കോടി രൂപ അടിയന്തരമായി പണമായി എത്തിച്ചില്ലെങ്കില്‍ സംസ്ഥാന ജീവനക്കാരുടെ ശമ്പള വിനിയോഗം നടക്കില്ലെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. ഇപ്പോഴത്തെ അവസ്ഥയില്‍ സാങ്കേതികാര്‍ഥത്തില്‍ ശമ്പള വിതരണം നടക്കും.

ശമ്പള വിതരണം മുടങ്ങില്ല, ഓണ്‍ലൈന്‍ പണ കൈമാറ്റം വഴി ജീവനക്കാരുടെ ട്രഷറി അക്കൗണ്ടില്‍ ശമ്പളമത്തെും. എന്നാല്‍, അത് പണമായി മാറിയെടുക്കണമെങ്കില്‍ ട്രഷറിയില്‍ കറന്‍സി നോട്ടുകള്‍തന്നെ വേണം. എങ്കിലേ ജീവനക്കാര്‍ക്ക് ശമ്പളം വിനിയോഗിക്കാന്‍ കഴിയൂ. ഇക്കാര്യം കേന്ദ്ര ധനകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. വായ്പയായോ, സംസ്ഥാനത്തിന്റെ ഗ്രാന്‍ഡില്‍ നിന്നുള്ള മുന്‍കൂര്‍ പണമായോ ഇത് കിട്ടിയാലേ ശമ്പള വിനിയോഗം നടക്കൂ. കേന്ദ്ര സര്‍ക്കാറിന്റെ മറുപടി കാത്തിരിക്കുകയാണ്. അതിനുശേഷമേ അടുത്ത നടപടിയിലേക്ക് കടക്കാന്‍ കഴിയൂ. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ധനമന്ത്രി.