Connect with us

International

ജാവേദ് ബജ്‌വ പാക് സൈനിക മേധാവിയായി ചുമതലയേറ്റു

Published

|

Last Updated

ഇസ്‌ലാമാബാദ്: ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ പാക്കിസ്ഥാന്റെ പുതിയ സൈനിക മേധാവിയായി ചുമതലയേറ്റു. ചുമതലയേറ്റയുടന്‍ അദ്ദേഹം ഇന്ത്യ- പാക് നിയന്ത്രണ രേഖയിലെ പ്രശ്‌നങ്ങളെ കുറിച്ചാണ് സംസാരിച്ചത്. നിയന്ത്രണ രേഖയിലെ പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യ- പാക് ബന്ധം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കെയാണ് പാക്കിസ്ഥാന്റെ സൈനിക തലപ്പത്തെ അഴിച്ചുപണി. റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തിന് സമീപത്തെ ഹോക്കി സ്റ്റേഡിയത്തില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ മുന്‍ സൈനിക മേധാവി ജനറല്‍ റഹീല്‍ ശരീഫ് സേനാനായകത്വം ഖമറിന് കൈമാറി.

ചടങ്ങില്‍ പ്രതീകാത്മകായി അധികാരദണ്ഡ് കൈമാറ്റവും നടന്നു. 57കാരനായ പുതിയ സൈനിക മേധാവിയുടെ വരവ് ഗൗരവത്തോടെയാണ് ഇന്ത്യ നോക്കിക്കാണുന്നത്. പ്രധാനമന്ത്രി നവാസ് ശരീഫ് അടക്കമുള്ള പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.
നിയന്ത്രണ രേഖയിലെ നില കൂടുതല്‍ മെച്ചപ്പെടുത്തുമെന്നാണ് ചുമതലയേറ്റയുടന്‍ അദ്ദേഹം ജിയോ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. തന്റെ ചുമലില്‍ ഭാരിച്ച ഉത്തരവാദിത്വമാണുള്ളതെന്നും മാധ്യമങ്ങളുടെ പൂര്‍ണ പിന്തുണ തനിക്കുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സൈനിക പരിശീലന വിഭാഗത്തിലെ ഇന്‍സ്‌പെക്ടര്‍ ജനറലും നിയന്ത്രണ രേഖയിലേതടക്കമുള്ള ഉത്തരവാദിത്വമുള്ള പത്ത് പട്ടാള സംഘം എന്ന പേരില്‍ അറിയപ്പെട്ട സേനയുടെ കമാന്‍ഡറുമായി പ്രവര്‍ത്തിച്ച ബജ്‌വ ബലൂചിസ്ഥാന്‍ റജിമെന്റില്‍ നിന്നാണ് വരുന്നത്. ബജ്‌വയുടെ ജനാധിപത്യ അനുകൂല നിലപാടാണ് പുതിയ സൈനിക മേധാവിയായി തിരഞ്ഞെടുക്കാന്‍ നവാസ് ശരീഫിനെ പ്രേരിപ്പിച്ചത്. പല പ്രമുഖരെയും പിന്തള്ളിയാണ് ബജ്‌വ രാജ്യത്തെ സുപ്രധാന പദവിയിലേക്ക് ഉയരുന്നത്. അതേസമയം, സൈനിക മേധാവിയായി ജനറല്‍ റഹീല്‍ ശരീഫ് നടത്തിയ അവസാന പ്രഭാഷണം അദ്ദേഹത്തിന്റെ സ്ഥാനത്തിന് നിരക്കാത്ത രീതിയിലുള്ളതായി. ഇന്ത്യക്കെതിരെ വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രകോപനപരമായ വാക്കുകളാണ് അദ്ദേഹം ഉപയോഗിച്ചത്. കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ തീവ്രവാദവും അക്രമാസക്തമായ നിലപാടും വര്‍ധിച്ചുവരികയാണെന്ന് അദ്ദേഹം ആരോപിച്ചു. തങ്ങളുടെ ക്ഷമയെ ദൗര്‍ബല്യമായി തെറ്റിദ്ധരിക്കുന്നത് ഇന്ത്യക്ക് ദോഷം ചെയ്യും. കശ്മീര്‍ വിഷയത്തില്‍ പരിഹാരം കാണാതെ ദക്ഷിണേഷ്യയില്‍ സമാധാനം സാധ്യമാകില്ല. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര സമൂഹം ഈ വിഷയത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് റഹീല്‍ ആവശ്യപ്പെട്ടു. രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും പാക് സൈന്യം ആക്രമണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ചൈന- പാക് സാമ്പത്തിക ഇടനാഴി മേഖലയിലെ സമാധാനം ഉറപ്പിക്കാന്‍ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.