പെരിന്തല്‍മണ്ണയില്‍ നിന്നുള്ള പഠനയാത്രാ സംഘത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് മരണം

Posted on: November 29, 2016 11:43 pm | Last updated: November 29, 2016 at 11:44 pm

15192711_1133184893463497_3062971469480350734_n

പെരിന്തല്‍മണ്ണ: പഠനയാത്ര പോയ നഴ്‌സിംഗ് കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് ക്ലീനറും ടൂര്‍ ഗൈഡും മരിച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 32 പേര്‍ക്ക് പരുക്കേറ്റു. ക്ലീനര്‍ പാണ്ടിക്കാട് ഒറവം പുറം ഓട്ടുപാറ അമീന്‍ (22), ഗൈഡ് മണ്ണാര്‍ക്കാട് ശിവന്‍കുന്ന് ലക്ഷം വീട് സ്വദേശി രാജന്റെ മകന്‍ രാജീവ് (32) എന്നിവരാണ് മരിച്ചത്.
ഹൈദരാബാദ്- ബെംഗളൂരു ദേശീയപാതയില്‍ മെഹബൂബ് നഗര്‍ ജെഡ്ചര്‍ലയില്‍ ഇന്ന്്് രാവിലെ 8.30നാണ് അപകടം. ബസിന് മുന്നിലെത്തെിയ വാഹനത്തെ രക്ഷിക്കാന്‍ ബസ് വെട്ടിച്ചപ്പോള്‍ ലോറിയില്‍ കൊണ്ടുപോയ കൂറ്റന്‍ പൈപ്പ് മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ത്ത് അകത്തേക്ക് കയറിയാണ് അപകടം.

അഞ്ച് ദിവസത്തെ ഹൈദരാബാദ് പഠനയാത്രക്കായി തിങ്കളാഴ്ചയാണ് കിഴാറ്റൂര്‍ അല്‍ശിഫ നഴ്‌സിംഗ് കോളജില്‍ നിന്ന് പുറപ്പെട്ടത്.
ഒറവുമ്പ്രം ഓട്ടുപാറ മുഹമ്മദ്- ആഇശ ദമ്പതികളുടെ മകനാണ് അമീന്‍. സഹോദരങ്ങള്‍: അബ്ദുസലാം, കബീര്‍, മുഹമ്മദ് ഷാജഹാന്‍, ലത്വീഫ്, നൗഫല്‍, രിയാന്‍, റജീന, സുനീറ. ബേബിയാണ് മരിച്ച രാജീവിന്റെ അമ്മ. ഭാര്യ: സുനിത.