Connect with us

Editors Pick

ജനം എന്ന കരുത്തില്‍

Published

|

Last Updated

നിങ്ങള്‍ ക്യൂബയെ ആക്രമിക്കുകയാണെങ്കില്‍ ഒരു പിടി ചുവന്ന മണ്ണ് മാത്രമേ ലഭിക്കുകയുള്ളു എന്ന് പ്രഖ്യാപിച്ച ഫിദല്‍ കാസ്‌ട്രോ ക്യൂബന്‍ ജനതക്ക് മാത്രമല്ല ലോകത്തിലെ പൊരുതുന്ന മനുഷ്യര്‍ക്ക് എന്നും ആവേശമാണ്. 1926 ആഗസ്റ്റ് 13നാണ് ഫിദല്‍ കാസ്‌ട്രോ എന്ന ഫിദല്‍ അലക്‌സാണ്ട്രോ കാസ്‌ട്രോയുടെ ജനനം. നിയമപരമായ വിവാഹത്തിന് മുമ്പ് ജനിച്ചു എന്ന അപമാനഭാരത്താല്‍ തന്റെ പേരിന്റെ കൂടെ പിതാവിന്റെ പേരിന് പകരം ഫിദല്‍ അമ്മയുടെ കുടുംബപ്പേരായ റൗള്‍ എന്ന് ചേര്‍ക്കാനാണ് താത്പര്യപ്പെട്ടത്. കര്‍ഷകത്തൊഴിലാളികളൊത്തുള്ള ജീവിതം പില്‍ക്കാലത്ത് ബൂര്‍ഷ്വാസി ജീവിതം സ്വീകരിക്കുന്നതില്‍ നിന്ന് കാസ്‌ട്രോയെ പിന്തിരിപ്പിച്ചു. ആറാം വയസ്സില്‍ മുതിര്‍ന്ന സഹോദരങ്ങളോടൊപ്പം ഒരു അധ്യാപികയുടെ വീട്ടില്‍ താമസിച്ച് പഠിക്കാന്‍ ക്യൂബയിലെ സാന്റിയാഗോയിലെത്തി. വിദ്യാലയങ്ങള്‍ മാറിമാറി കാസ്‌ട്രോ തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
1945ന്റെ അവസാനം ഹവാന സര്‍വകലാശാലയില്‍ കാസ്‌ട്രോ നിയമപഠനത്തിനായി ചേര്‍ന്നു. ഈ സമയം ക്യൂബന്‍ സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള പുസ്തകങ്ങള്‍ ധാരാളമായി വായിക്കാന്‍ തുടങ്ങി. അങ്ങനെയാണ് ക്യൂബന്‍ ഭരണനേതൃത്വത്തിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ഥി സംഘടനകളിലൊന്നില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. അമേരിക്കന്‍ നിയന്ത്രിത ഭരണത്തിനെതിരെയുള്ള ഈ മുന്നേറ്റങ്ങള്‍ വിജയം കണ്ടില്ലെന്ന് മാത്രമല്ല ജയിലിലടക്കപ്പെടുകയുമുണ്ടായി.
ക്യൂബന്‍ പ്രസിഡന്റ് റമോണ്‍ ഗ്രോയുടെ തെറ്റായ നയങ്ങള്‍ക്കെതിരെ കാസ്‌ട്രോ നടത്തിയ ഒരു പ്രസംഗം അദ്ദേഹത്തിന് വളരെയധികം മാധ്യമശ്രദ്ധ നേടിക്കൊടുത്തു. 1950ല്‍ ബിരുദം കരസ്ഥമാക്കിയ കാസ്‌ട്രോ പാര്‍ട്ടി ഓഫ് ദ ക്യൂബന്‍ പീപ്പിള്‍ എന്ന സംഘടനയില്‍ അംഗത്വമെടുത്തു. അഴിമതിക്കെതിരെയും മാറ്റത്തിനു വേണ്ടിയും പരിശ്രമിച്ചിരുന്നുവെങ്കിലും ഈ പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ വിജയം കണ്ടെത്താനായിരുന്നില്ല. പ്രസിഡന്റ് ഗ്രോ വിദ്യാര്‍ഥി പ്രക്ഷോഭകരെ നേരിടാന്‍ പോലീസിനെ നിയോഗിച്ചു. വധഭീഷണിയെ തുടര്‍ന്ന് തോക്കുധാരിയായി മാത്രമാണ് പിന്നീട് കാസ്‌ട്രോ പുറത്തിറങ്ങിയത്. സുഹൃത്തുക്കളായ അംഗരക്ഷകര്‍ എപ്പോഴും അദ്ദേഹത്തിന് സുരക്ഷാവലയം തീര്‍ത്തു.
1947ല്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ അമേരിക്കന്‍ നിയന്ത്രിത സര്‍ക്കാറിനെ തുടച്ചുനീക്കാനുള്ള രഹസ്യ പദ്ധതിയില്‍ കാസ്‌ട്രോ ഭാഗഭാക്കായി. 1,200 ഓളം പേര്‍ വരുന്ന വിപ്ലവസൈന്യത്തെ യാത്ര തുടങ്ങുംമുമ്പുതന്നെ അറസ്റ്റ് ചെയ്തു. പക്ഷേ, കാസ്‌ട്രോ നദിയിലേക്ക് ചാടി നീന്തി രക്ഷപ്പെട്ടു. വിപ്ലവ ശ്രമം പാഴായെങ്കിലും കാസ്‌ട്രോ ഹവാനയില്‍ തിരിച്ചെത്തി ഗ്രോവിന്റെ ദുര്‍ഭരണത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ സജീവമായി. കാറല്‍ മാര്‍ക്‌സ്, ഫ്രെഡറിക് ഏംഗല്‍സ്, ലെനിന്‍ എന്നിവരുടെ കൃതികളില്‍ അതീവ താത്പര്യം പുലര്‍ത്തി ക്യൂബയിലെ പ്രശ്‌നങ്ങള്‍ മുതലാളിത്ത സമൂഹത്തിന്റെ പ്രശ്‌നങ്ങളായി വ്യാഖ്യാനിക്കാന്‍ കാസ്‌ട്രോ ശ്രമിച്ചു. ബൂര്‍ഷ്വാസികളുടെ ഏകാധിപത്യമാണ് ക്യൂബയില്‍ നിലനില്‍ക്കുന്നതെന്ന് കാസ്‌ട്രോ തിരിച്ചറിഞ്ഞു. ഹവാനക്ക് പുറത്ത് വിദൂര ഗ്രാമങ്ങളില്‍ നടക്കുന്ന വംശീയ വിവേചനത്തിന്റെ നീറുന്ന വശങ്ങളിലേക്ക് കാസ്‌ട്രോയുടെ ശ്രദ്ധപതിയുന്നത് അങ്ങനെയാണ്.
ക്യൂബയിലെ പാവപ്പെട്ടവരുടെ അവകാശങ്ങള്‍ സ്ഥാപിച്ചു കിട്ടാന്‍ കാസ്‌ട്രോയും സുഹൃത്തുക്കളും ചേര്‍ന്ന് ഒരു നിയമസഹായവേദി രൂപവത്കരിച്ചിരുന്നു. പക്ഷേ, കേസുകളില്‍പ്പെട്ട് അത് അവസാനിപ്പിക്കേണ്ടിവന്നു. ക്യൂബയിലെ മറ്റൊരു രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന എഡ്വേര്‍ഡോ ഷിബാസിനൊപ്പമായിരുന്നു പിന്നീട് കാസ്‌ട്രോയുടെ രാഷ്ട്രീയ ജീവിതം. ഷിബാസിനും അദ്ദേഹം നേതൃത്വം കൊടുക്കുന്ന ഓര്‍ത്തഡോക്‌സോ പാര്‍ട്ടിക്കും മാത്രമേ ക്യൂബയില്‍ എന്തെങ്കിലും ചെയ്യാനാകു എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. വൈകാതെ, ഷിബാസിന്റെ അക്രമരഹിത നിലപാടുകളില്‍ അദ്ദേഹത്തിന് മടുപ്പ് തോന്നിത്തുടങ്ങി. ആ മടുപ്പില്‍ നിന്നാണ് കാസ്‌ട്രോയുടെ ദി മൂവ്‌മെന്റ് എന്ന വിപ്ലവ സംഘടനയുടെ ജനനം.
ക്യൂബന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, 1952 ജൂണില്‍ നടത്തിയ പട്ടാള അട്ടിമറിയിലൂടെ അധികാരത്തില്‍ വന്ന ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റായെ പുറത്താക്കാന്‍ ഫിദലിന്റെ നേതൃത്വത്തില്‍ 1953ല്‍ നടന്ന ശ്രമമാണ് മൊന്‍കാട പട്ടാളബാരക്ക് ആക്രമണം. മൊന്‍കാട ബാരക്ക് പിടിച്ചെടുത്ത് അവിടുത്തെ ആയുധങ്ങള്‍ കൈക്കലാക്കുകയായിരുന്നു ഈ മുന്നേറ്റത്തിന്റെ ലക്ഷ്യം. കൂടാതെ സാന്റിയാഗോ റേഡിയോ സ്‌റ്റേഷന്‍ പിടിച്ചെടുത്ത് ദ മൂവ്‌മെന്റിന്റെ പ്രകടന പത്രിക അതിലൂടെ പ്രക്ഷേപണം ചെയ്യുക എന്ന ലക്ഷ്യം കൂടി കാസ്‌ട്രോയ്ക്കുണ്ടായിരുന്നു. പരാജയം മണത്ത ഫിദലും സഹോദരനും വിദൂര ഗ്രാമത്തിലെ ഗറില്ലാത്തവളത്തിലേക്ക് മടങ്ങി. അതിനിടെ ദി മൂവ്‌മെന്റ്, 26ജൂലൈ മൂവ്‌മെന്റ് എന്ന് പേര് മാറ്റപ്പെട്ടു.
1958 ഏപ്രില്‍ ഒമ്പതിന് കാസ്‌ട്രോയുടെ നേതൃത്വത്തിലുള്ള 26ജൂലൈ മൂവ്‌മെന്റ് ബാറ്റിസ്റ്റ സര്‍ക്കാരിനെതിരെ യുദ്ധം തുടങ്ങി. തുറന്ന ഒരു യുദ്ധത്തിനു പകരം, ഗറില്ലായുദ്ധം ആണ് കാസ്‌ട്രോ സ്വീകരിച്ചത്. ഗറില്ലാ പോരാളികളെ എങ്ങനെ നേരിടണമെന്നറിയാതെ അവര്‍ വലഞ്ഞു. നവംബറോടുകൂടി പ്രധാന സൈനികതാവളങ്ങളില്‍ വ്യക്തമായ ആധിപത്യം ഉറപ്പിക്കാന്‍ കാസ്‌ട്രോയുടെ സേനക്കു കഴിഞ്ഞു. ബാറ്റിസ്റ്റയുടെ പതനം ഏതാണ്ട് തീര്‍ച്ചയായപ്പോള്‍, പുതിയ ബന്ധങ്ങള്‍ക്കായി അമേരിക്ക ക്യൂബയിലെ അന്നത്തെ പട്ടാള മേധാവിയായിരുന്ന ജനറല്‍ കാന്റിലോയെ സമീപിച്ചു. അമേരിക്കയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഫിദലിനെ സമീപിച്ച് കാന്റില്ലോ വെടിനിര്‍ത്തലിനായി നിര്‍ബന്ധിച്ചു. അതിനിടെ ബാറ്റിസ്റ്റ രാജ്യം വിട്ടു. കാന്റില്ലോ ക്യൂബയുടെ തലവനായി. അന്നത്തെ സുപ്രീം കോടതി ജഡ്ജിയായിരുന്ന കാര്‍ലോസ് പിയദ്രയെ പുതിയ പ്രസിഡന്റായി നിയമിച്ചു.
1959, ഫെബ്രുവരി 16 നാണ് കാസ്‌ട്രോ ക്യൂബയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റെടുക്കുന്നത്. പ്രധാനമന്ത്രിയുടെ അധികാരപരിധി വര്‍ധിപ്പിക്കും എന്ന ഉറപ്പിലാണ് കാസ്‌ട്രോ ഈ സ്ഥാനം ഏറ്റെടുത്തത്. പിന്നീട്, വിപ്ലവകരമായ ഭൂപരിഷ്‌കരണ നിയമമാണ് അദ്ദേഹം ആദ്യം നടപ്പിലാക്കിയത്. ഓരോ ഭൂവുടമയുടെയും ഉടമസ്ഥാവകാശം 993 ഏക്കറില്‍ പരിമിതപ്പെടുത്തി. രണ്ട് ലക്ഷത്തോളം കര്‍ഷകര്‍ക്ക് ഇങ്ങനെ സ്വന്തമായി ഭൂമി ലഭിച്ചു ഭരണത്തിന്റെ ഉന്നത നേതൃത്വങ്ങളിലെല്ലാം മുതിര്‍ന്ന കമ്മ്യൂണിസ്റ്റുകാരെയായിരുന്നു കാസ്‌ട്രോ നിയമിച്ചത്. സെന്‍ട്രല്‍ ബേങ്കിന്റെ ഗവര്‍ണര്‍ സ്ഥാനവും വ്യവസായ മന്ത്രിയുടെ പദവിയും വഹിച്ചത് ചെ ഗുവേരയായിരുന്നു. രാജ്യം കമ്മ്യൂണിസ്റ്റ് ചേരിയിലേക്കു പോകുന്നുവെന്ന് പ്രസിഡന്റ് ഉറുഷ്യ പരസ്യപ്രസ്താവനയില്‍ പ്രതിഷേധിച്ച് കാസ്‌ട്രോ പ്രധാനമന്ത്രി പദം രാജിവെച്ചു.
1976 മുതല്‍ 2008 വരെ ക്യൂബന്‍ പ്രസിഡന്റായി തുടര്‍ന്ന ഫിദല്‍ കാസ്‌ട്രോ ചൈനയിലെ മാവോ സേ തുങിന്റെ നേതൃത്വത്തില്‍ നടന്ന ഗ്രേറ്റ് ലീപ് ഫോര്‍വേഡിനെ അനുകരിച്ച് ക്യൂബയിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള വ്യാപാരസ്ഥാപനങ്ങളും സ്വത്തുക്കളും കണ്ടുകെട്ടാന്‍ തുടങ്ങി. ക്യൂബയുടെ പ്രധാന കയറ്റുമതി പഞ്ചസാരയായിരുന്നു. പ്രധാന വിപണി സോവിയറ്റ് റഷ്യയും. 1969ലെ കൊടുങ്കാറ്റില്‍ കരിമ്പു കൃഷിയില്‍ വന്‍ നാശം നേരിട്ടു. പട്ടാളത്തെ പോലും രംഗത്തിറക്കിയാണ് കരിമ്പ് കൃഷിയിലുണ്ടായ ഈ പ്രതിസന്ധി കാസ്‌ട്രോ അതിജീവിച്ചത്. പ്രതിസന്ധി ഘടത്തിലും കാസ്‌ട്രോയെ തള്ളിപ്പറയാതെ ഒപ്പം നിന്ന ജനം തന്നെയായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്.