ഞാന്‍ ആകാശത്തെ തൊട്ടു

വിപ്ലവ പ്രസ്ഥാനത്തിന്റെ ഒരു ഘട്ടത്തില്‍ ഏതൊരാളും നായക സ്ഥാനത്തുനിന്ന് സ്വയം വിരമിക്കണമെന്നത് അദ്ദേഹത്തിന്റെ സ്വന്തം നിയമമായിരുന്നു. പാര്‍ട്ടിയിലെയും ഗവണ്‍മെന്റിലെയും തന്റെ സ്ഥാനങ്ങള്‍ സ്വമേധയാ വെച്ചൊഴിയുമ്പോള്‍ വിശ്രമ ജീവിതത്തിന്റെ സ്വച്ഛശാന്തിയിലേക്ക് ഒതുങ്ങിക്കൂടാനല്ല ആ വിപ്ലവ മനസ്സ് തീരുമാനിച്ചത്. തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് എഴുതിയ ഗ്രാന്‍മയിലെ ലേഖനത്തില്‍ കാസ്‌ട്രോ പറഞ്ഞു -'ഞാന്‍ ആശയങ്ങളുടെ പടയാളിയായി തുടരും'. അന്ത്യശ്വാസം വരെയും അദ്ദേഹം ആ വാക്കുകള്‍ അക്ഷരംപ്രതി പാലിച്ചു. ആശയങ്ങള്‍ക്ക് വേണ്ടി അദ്ദേഹം പൊരുതി. ആ ആശയങ്ങളത്രയും വിപ്ലവത്തിന്റെതായിരുന്നു. വിപ്ലവം എന്നാല്‍ നീതിയാണെന്നും സ്‌നേഹമാണെന്നും മുട്ടുകുത്താത്ത നിശ്ചയദാര്‍ഢ്യമാണെന്നും അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു.
Posted on: November 27, 2016 6:00 am | Last updated: November 27, 2016 at 12:22 am

castro-newമനസ്സിലേക്ക് ആ ദിനം ഓടിക്കയറുന്നു. 1984 ജനുവരിയിലായിരുന്നു അത്. ഫിദല്‍ കാസ്‌ട്രോയുമായുള്ള എന്റെ ആദ്യത്തെയും അവസാനത്തെയും കൂടിക്കാഴ്ച. 12ാമത് ലോക യുവജനോത്സവത്തിന്റെ (മോസ്‌കോ) ഒന്നാം പ്രിപ്പറേറ്ററി കമ്മിറ്റി യോഗമായിരുന്നു ഹവാനയില്‍ നടന്നത്.
ലോക ജനാധിപത്യ യുവജന ഫെഡറേഷന്റെ (ഡബ്ല്യു എഫ് ഡി വൈ) ഭാരവാഹി എന്ന നിലയില്‍ ഞാന്‍ അതിന്റെ സംഘാടകരില്‍ ഒരാളായിരുന്നു. ഹവാനയിലെ ‘പാലസ് ഓഫ് കോണ്‍ഗ്രസ്’ ഹാളിലായിരുന്നു സമാപന ചടങ്ങുകള്‍. ആയിരക്കണക്കിന് യുവതീയുവാക്കള്‍ തിങ്ങിനിറഞ്ഞ ആ ഹാളിലേക്ക് ഫിദല്‍ കാസ്‌ട്രോ കടന്നുവന്നു. ആവേശം പൊട്ടിത്തെറിച്ച നിമിഷങ്ങള്‍. അവിടെ മുഴങ്ങിയ താളാത്മകമായ ആ സ്പാനിഷ് മുദ്രാവാക്യം ഇപ്പോഴും കാതിലുണ്ട്. ‘ഫിദല്‍ ഫിദല്‍, യാങ്കികളെ തുരത്തൂ’ എന്നാണ് അതിന്റെ മലയാള പരിഭാഷ. ഫിദല്‍ അവരെ നോക്കി കൈകള്‍ വീശി. താളത്തില്‍ വീണ്ടും മുദ്രാവാക്യം മുഴങ്ങി. ‘ഞങ്ങള്‍ ഒരിക്കലും മുട്ടുകുത്തില്ല, സോഷ്യലിസം അല്ലെങ്കില്‍ മരണം’.
ഒട്ടും വൈകാതെ ഏറെ കാത്തിരുന്ന ആ പ്രസംഗം ആരംഭിച്ചു. ഫിദല്‍ കാസ്‌ട്രോയുടെ പ്രസംഗത്തെ പ്രസംഗമെന്ന് വിളിച്ചാല്‍ മതിയാവില്ല. അതൊരു പ്രവാഹമാണ്. വികാരഭാവങ്ങള്‍ മുഖത്ത് മിന്നിമറയും. അംഗവിക്ഷേപങ്ങളോടെ അദ്ദേഹം അങ്ങോട്ടും ഇങ്ങോട്ടും തിരിയും. സമാന്തര പരിഭാഷയിലൂടെ ഞങ്ങളുടെ കാതിലെത്തിയത് ഇംഗ്ലീഷ് വാക്കുകളായിരുന്നു. ഫിദലിന്റെ വാക്കുകളുടെ ശക്തിയും ഭംഗിയും അതുപോലെ ആവാഹിക്കാന്‍ ഏറ്റവും മികച്ച പരിഭാഷകനു പോലും കഴിഞ്ഞില്ല. എന്നിട്ടും എത്ര മനോഹരമായിരുന്നു വാക്കുകളുടെ ആ കുത്തൊഴുക്ക്.
ലോകം അന്ന് നക്ഷത്ര യുദ്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന കാലമായിരുന്നു. അന്യഗോളങ്ങളില്‍ സൈനിക താവളം ഉണ്ടാക്കാനുള്ള അമേരിക്കന്‍ പദ്ധതി – ‘Strategice defence initiative’ ആണ് നക്ഷത്ര യുദ്ധമെന്ന് അറിയപ്പെട്ടത്. അതിനായി ചെലവഴിക്കുന്ന പണമുണ്ടെങ്കില്‍ ലോകത്തെ പകുതി മനുഷ്യരുടെ പട്ടിണി മാറ്റാന്‍ കഴിയുമെന്ന് അദ്ദേഹം സമര്‍ഥിച്ചു. അന്നത്തെ യുദ്ധത്തിന്റെയും സമാധാനത്തിന്റെയും പ്രശ്‌നങ്ങള്‍ പറഞ്ഞുകൊണ്ട് സാമ്രാജ്യത്വം മാനവരാശിയുടെ ഒന്നാം നമ്പര്‍ ശത്രുവാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
അതിനുശേഷം ഓരത്തെ ഒരു ചെറിയ മുറിയില്‍വെച്ച് ഞങ്ങളില്‍ ചിലരുമായി ഒരു കൂടിക്കാഴ്ചക്കായി അല്‍പ്പസമയം അദ്ദേഹം മാറ്റിവെച്ചു. ഓരോരുത്തരുടെയും അടുത്തുവന്ന് അജാനുബാഹുവായ ആ വിപ്ലവ നായകന്‍ ഹസ്തദാനം ചെയ്തു. ബലിഷ്ഠമായ ആ കരങ്ങള്‍ക്കുള്ളില്‍ എന്റെ കൈ ഏതാനും നിമിഷം അമര്‍ന്നപ്പോള്‍ പ്രസരിച്ച ആ ചൂട് ഇപ്പോഴും അനുഭവപ്പെടുന്നതുപോലെ. ഫിദല്‍ കാസ്‌ട്രോയുടെ സ്മരണക്ക് മരണമില്ലെന്ന് അത് എന്നോട് പറയുന്നു.
വിപ്ലവകാരികളെ സംബന്ധിച്ച പതിവ് വിശേഷണങ്ങളില്‍ ഒതുങ്ങാത്ത വ്യക്തിത്വമാണ് ഫിദല്‍ കാസ്‌ട്രോ. സമ്പന്നമായ കുടുംബത്തില്‍ ജനനം. വേദപുസ്തക അന്തരീക്ഷമുള്ള സ്‌കൂളിലെ പഠനം. അവിടെനിന്ന് ആര്‍ജിച്ച ക്രിസ്തുവിനോടുള്ള സ്‌നേഹം. അതില്‍ നിന്ന് മുന്നോട്ടുനീങ്ങിയ നിലക്കാത്ത അന്വേഷണം. ചുറ്റുപാടുമുള്ള കണ്ണീരിന്റെയും ദുരിതങ്ങളുടെയും പരിഹാരം തേടണമെന്ന അദമ്യമായ ദാഹം. ഭാരതീയ പൈതൃകത്തില്‍ നിന്ന് നോക്കിയാല്‍ ശ്രീബുദ്ധനെപോലെ ആയിരിക്കും അദ്ദേഹം കണ്ണീരിന്റെ കാരണങ്ങള്‍ തേടിയത്. ഫിദല്‍ തിരഞ്ഞെടുത്തത് വിപ്ലവത്തിന്റെ മാര്‍ഗമായിരുന്നു.
ബാറ്റിസ്റ്റയുടെ സ്വേച്ഛാധിപത്യ വാഴ്ചകളില്‍നിന്ന് മോചനമില്ലെങ്കില്‍ ക്യൂബയുടെ ദുരിതങ്ങള്‍ക്ക് പരിഹാരമില്ലെന്ന് ആ യുവ വിപ്ലവകാരിക്ക് ബോധ്യമായിരുന്നു. വിപ്ലവപ്രവര്‍ത്തനത്തിനിടയില്‍ ഏറ്റുമുട്ടലുകളും പരാജയങ്ങളും ഉണ്ടായി. അതിന്റെ ഭാഗമായുള്ള ഒരു വിചാരണാ വേളയില്‍ സ്വേച്ഛാധിപത്യ കോടതിയുടെ പ്രതിക്കൂട്ടില്‍ നിന്നുകൊണ്ട് ഫിദല്‍ കാസ്‌ട്രോ പ്രഖ്യാപിച്ചു -‘ചരിത്രം എന്നെ കുറ്റക്കാരനല്ലെന്ന് വിധിക്കും’ -തുടര്‍ന്നാണ് മുട്ടുകുത്താത്ത നിശ്ചയദാര്‍ഢ്യത്തിന്റെയും വിപ്ലവ പ്രവര്‍ത്തനത്തിന്റെയും ഒടുവില്‍ അര്‍ജന്റിനിയന്‍ തീരത്തുനിന്ന് ആ കൊച്ചുകപ്പല്‍ വിപ്ലവകാരികളെയും വഹിച്ചുകൊണ്ട് ക്യൂബയിലേക്ക് പുറപ്പെട്ടത്. ആ കപ്പലിന്റെ പേര് ഗ്രാന്‍മ എന്നായിരുന്നു. പിന്നീട് ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രത്തിന്റെ പേര് അതായി മാറി. ‘ഒന്നുകില്‍ വിജയം, അല്ലെങ്കില്‍ മരണം’ എന്നതായിരുന്നു ആ പടയാളികളുടെ പ്രതിജ്ഞ. പുറപ്പെട്ടവരില്‍ പകുതിയോളം പേര്‍ പോരാട്ടപഥങ്ങളില്‍ മരിച്ചുവീണെങ്കിലും 1959 ജനുവരി ഒന്നിന് ക്യൂബന്‍ വിപ്ലവം വിജശ്രീലാളിതമായി. വിപ്ലവപൂര്‍വ ക്യൂബയില്‍ തലസ്ഥാനമായ ഹവാന വേശ്യകളുടെയൂം കൂട്ടിക്കൊടുപ്പുകാരുടെയും നഗരമായിരുന്നു. കടലുകള്‍ താണ്ടി കോടീശ്വരന്‍മാര്‍ ചൂതാട്ടത്തിനും വ്യഭിചാരത്തിനും വേണ്ടി വന്നിറങ്ങുന്ന സ്ഥലം. കരീബിയന്‍ തീരത്തെ ആ നാടിന്റെ മുഖഛായ വിപ്ലവം തിരുത്തിക്കുറിച്ചു. ആരെയും അതിശയിപ്പിക്കുന്ന വേഗതയില്‍ ആരോഗ്യ-വിദ്യാഭ്യാസ-കാര്‍ഷിക രംഗങ്ങളില്‍ ക്യൂബ മുന്നേറി. അമേരിക്കയെ അതിശയിപ്പിച്ചുകൊണ്ട് ആയുര്‍ദൈര്‍ഘ്യത്തില്‍ ഒന്നാംസ്ഥാനത്തേക്ക് ക്യൂബ കുതിച്ചുയര്‍ന്നു. ഒരൊറ്റ ആള്‍ പോലും നിരക്ഷരനായി ഇല്ലാത്ത രാജ്യമായി ആ രാജ്യം മുന്നേറി. അതിന്റെയെല്ലാം തലപ്പത്ത് അചഞ്ചലനായ പടനായകനെ പോലെ ഫിദല്‍ കാസ്‌ട്രോ നിലകൊണ്ടു.
ലോകത്തിന് അവഗണിക്കാനാവാത്ത രാഷ്ട്രീയ ശക്തിയായി ക്യൂബയെ മാറ്റിയതില്‍ കാസ്‌ട്രോയുടെ പങ്ക് എക്കാലവും ഓര്‍മിക്കപ്പെടും. ചേരിചേരാ പ്രസ്ഥാനത്തിന് സാമ്രാജ്യത്വ വിരുദ്ധ ഉള്ളടക്കം നല്‍കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് അദ്വിതീയമാണ്. ആ ദിനങ്ങളിലാണ് ഇന്ത്യ- ക്യൂബ സൗഹൃദം അതിന്റെ ഉത്തുംഗാവസ്ഥ പ്രാപിച്ചത്. മൂന്നാം ലോക രാജ്യങ്ങളുടെ കടങ്ങള്‍ക്ക് മൊറട്ടോറിയം വേണമെന്ന് ഐ എം എഫിനോടും ലോക ബേങ്കിനോടും പ്രഖ്യാപിക്കുമ്പോള്‍ കാസ്‌ട്രോയോടൊപ്പം ഇന്ദിരാ ഗാന്ധിയും നിലകൊണ്ടു എന്നത് ഇന്ത്യന്‍ ജനതക്ക് മറക്കാനാവില്ല. ‘ഈ കടം തിരിച്ചടിക്കാനുമാവില്ല, പിരിച്ചെടുക്കാനുമാവില്ല’ -കാസ്‌ട്രോ പറഞ്ഞു.
വിപ്ലവ പ്രസ്ഥാനത്തിന്റെ ഒരു ഘട്ടത്തില്‍ ഏതൊരാളും നായക സ്ഥാനത്തുനിന്ന് സ്വയം വിരമിക്കണമെന്നത് അദ്ദേഹത്തിന്റെ സ്വന്തം നിയമമായിരുന്നു. പാര്‍ട്ടിയിലെയും ഗവണ്‍മെന്റിലെയും തന്റെ സ്ഥാനങ്ങള്‍ സ്വമേധയാ വെച്ചൊഴിയുമ്പോള്‍ വിശ്രമ ജീവിതത്തിന്റെ സ്വച്ഛശാന്തിയിലേക്ക് ഒതുങ്ങിക്കൂടാനല്ല ആ വിപ്ലവ മനസ്സ് തീരുമാനിച്ചത്. തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് എഴുതിയ ഗ്രാന്‍മയിലെ ലേഖനത്തില്‍ കാസ്‌ട്രോ പറഞ്ഞു -‘ഞാന്‍ ആശയങ്ങളുടെ പടയാളിയായി തുടരും’. അന്ത്യശ്വാസം വരെയും അദ്ദേഹം ആ വാക്കുകള്‍ അക്ഷരംപ്രതി പാലിച്ചു. ആശയങ്ങള്‍ക്ക് വേണ്ടി അദ്ദേഹം പൊരുതി. ആ ആശയങ്ങളത്രയും വിപ്ലവത്തിന്റെതായിരുന്നു. വിപ്ലവം എന്നാല്‍ നീതിയാണെന്നും സ്‌നേഹമാണെന്നും മുട്ടുകുത്താത്ത നിശ്ചയദാര്‍ഢ്യമാണെന്നും അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു.
ഫിദല്‍ കാസ്‌ട്രോയുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചയെ ഓര്‍ത്തുകൊണ്ട് ഫുട്ബാള്‍ ഇതിഹാസമായ മറഡോണ പറഞ്ഞത് -‘ഞാന്‍ ആകാശത്തെ തൊട്ടു എന്നാണ്’. ഹെമിംഗ്‌വേയും മാര്‍ക്കേസും മാര്‍പാപ്പയും അടക്കമുള്ളവര്‍ ആപാദചൂഡം മാര്‍ക്‌സിസ്റ്റായ ആ മനുഷ്യനെ സ്‌നേഹിച്ചത് മാനവരാശിക്കുവേണ്ടി പോരാടിയ മനുഷ്യസ്‌നേഹിയാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ട്. ഫിദല്‍ കാസ്‌ട്രോ എന്ന ആകാശത്തെ തൊട്ട കൈകൊണ്ട് ഇപ്പോള്‍ ഇത്രമാത്രം എഴുതാനേ എനിക്കാകുന്നുള്ളൂ.