സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ പര്യായം

ബാറ്റിസ്റ്റാ ഏകാധിപത്യവാഴ്ചയെ കടപുഴക്കിയെറിഞ്ഞ ഉജ്ജ്വലമായ ജനകീയ ഗറില്ലാ പോരാട്ടത്തിന്റെ ധീരനായകനായി കടന്നുവന്ന് ക്യൂബയുടെ ജനകീയ നേതാവായി വളര്‍ന്നു അദ്ദേഹം. അതിപിന്നോക്കാവസ്ഥയില്‍ നിന്നു തന്റെ നാടിനെയും ജനങ്ങളെയും ഐശ്വര്യത്തിലേക്കും വികസനത്തിലേക്കും നയിച്ചു. ഏകാധിപത്യത്തിന്റെ ഇരുട്ടില്‍നിന്ന് പൗരാവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും വെളിച്ചത്തിലേക്കു നയിച്ചു. സാമ്രാജ്യത്വത്തിന്റെ ഇടതടവില്ലാത്ത ഉപരോധങ്ങളെയും നൂറുകണക്കായ വ്യക്തിഗത വധഭീഷണികളെയും അതിജീവിച്ച് ക്യൂബയെ സോഷ്യലിസ്റ്റ് കോട്ടയാക്കി ഉറപ്പിച്ചുനിര്‍ത്തി.
മുഖ്യമന്ത്രി
Posted on: November 27, 2016 6:16 am | Last updated: December 1, 2016 at 12:41 am
SHARE

fidal-castroലോകത്തെവിടെയുമുള്ള സാമ്രാജ്യത്വവിരുദ്ധ ചെറുത്തുനില്‍പ്പിന്റെയും പ്രചോദനകേന്ദ്രമായിരുന്നു ഫിദല്‍ കാസ്‌ട്രോ. അമേരിക്കന്‍ സാമ്രാജ്യത്വത്തെ അതിന്റെ തൊട്ടുമുമ്പില്‍ നിന്നു തന്നെ ധീരമായി വെല്ലുവിളിച്ച് സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ അതിജീവനം സാധ്യമാക്കിയ സമാനതകളില്ലാത്ത ശക്തമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം.

ബാറ്റിസ്റ്റാ ഏകാധിപത്യവാഴ്ചയെ കടപുഴക്കിയെറിഞ്ഞ ഉജ്ജ്വലമായ ജനകീയ ഗറില്ലാ പോരാട്ടത്തിന്റെ ധീരനായകനായി കടന്നുവന്ന് ക്യൂബയുടെ ജനകീയ നേതാവായി വളര്‍ന്നു അദ്ദേഹം. അതിപിന്നോക്കാവസ്ഥയില്‍ നിന്നു തന്റെ നാടിനെയും ജനങ്ങളെയും ഐശ്വര്യത്തിലേക്കും വികസനത്തിലേക്കും നയിച്ചു. ഏകാധിപത്യത്തിന്റെ ഇരുട്ടില്‍ നിന്ന് പൗരാവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും വെളിച്ചത്തിലേക്കു നയിച്ചു. സാമ്രാജ്യത്വത്തിന്റെ ഇടതടവില്ലാത്ത ഉപരോധങ്ങളെയും നൂറുകണക്കായ വ്യക്തിഗത വധഭീഷണികളെയും അതിജീവിച്ച് ക്യൂബയെ സോഷ്യലിസ്റ്റ് കോട്ടയാക്കി ഉറപ്പിച്ചുനിര്‍ത്തി. ക്യൂബന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ധീരനായകനായി നിന്നു പൊരുതിക്കൊണ്ടാണ് ഇതൊക്കെ സാധിച്ചത്.
അമേരിക്കന്‍ സാമ്പത്തിക ഉപരോധത്തെയും ആക്രമണശ്രമങ്ങളെയും അതിശക്തമായി ചെറുത്തുകൊണ്ടാണ് ക്യൂബയെ സാമ്പത്തിക സ്വയംപര്യാപ്തതയിലൂടെ കാസ്‌ട്രോ സോഷ്യലിസ്റ്റ് പാതയില്‍ വളര്‍ത്തിയത്. ആ ഘട്ടത്തില്‍ സോവിയറ്റ് സഹായം ക്യൂബയുടെ അതിജീവനത്തിനു പിന്നില്‍ വളരെ പ്രധാനപ്പെട്ട ഘടകമായിരുന്നു. ഐസനോവറും കെന്നഡിയും ബുഷും ഒക്കെ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ക്യൂബയെ കീഴ്‌പ്പെടുത്താന്‍ കഴിയാതിരുന്നത് കാസ്‌ട്രോയുടെ നിശ്ചയദാര്‍ഢ്യവും മനക്കരുത്തും ജനകീയ പിന്തുണയും ഭാവനാപൂര്‍ണമായ തന്ത്രജ്ഞതയും രാഷ്ട്രീയ ഇച്ഛാശക്തിയും കൊണ്ടാണ്.

ഫ്‌ളോറിഡയില്‍ നിന്ന് 90 കിലോമീറ്റര്‍ മാത്രമകലെ മിസൈലുകള്‍ നിരത്തി ക്യൂബയെ രക്ഷിക്കുന്നതിനു കാസ്‌ട്രോ നടത്തിയ ശ്രമങ്ങള്‍ ഒരിക്കല്‍ കെന്നഡിയെത്തന്നെ ഞെട്ടിച്ചു. ക്യൂബയെ ആക്രമിക്കാനുള്ള അമേരിക്കന്‍ ശ്രമത്തിന് അങ്ങനെയാണ് കാസ്‌ട്രോ ഒരിക്കല്‍ തിരിച്ചടി നല്‍കിയത്. മിസൈല്‍ ക്രൈസിസ് എന്ന് ആ ഘട്ടം ചരിത്രത്തില്‍ സ്ഥാനംപിടിച്ചു.

ഏഷ്യനാഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ ഐക്യദാര്‍ഢ്യ സംഘടന സ്ഥാപിച്ച കാസ്‌ട്രോ മൂന്നാം ലോക രാജ്യങ്ങളുടെയാകെ പ്രചോദനവും ശക്തിയുമായി പിന്നീടു മാറുന്നതാണ് ലോകം കണ്ടത്. അമേരിക്കന്‍ ചാര ഏജന്‍സിയായ സി ഐ എ കാസ്‌ട്രോയെ വധിക്കാന്‍ നൂറ്റമ്പതോളം തവണ പദ്ധതിയിട്ടു. എന്നാല്‍, എല്ലാ തവണയും കാസ്‌ട്രോ വിസ്മയകരമാംവിധം രക്ഷപ്പെട്ടു. ചേരിചേരാ പ്രസ്ഥാനത്തിന്റെ വറ്റാത്ത പ്രചോദനകേന്ദ്രമായി കാസ്‌ട്രോ സാമ്രാജ്യത്വ അസഹിഷ്ണുതയെ അതിജീവിച്ച് ഉയര്‍ന്നു.
ക്യൂബയില്‍ വ്യാപകമായി സ്‌കൂളുകള്‍ സ്ഥാപിച്ച് സാക്ഷരത ഏതാണ്ട് നൂറു ശതമാനമായി ഉയര്‍ത്തിയതും എല്ലാ ക്യൂബക്കാര്‍ക്കും സൗജന്യ ആരോഗ്യ ചികിത്സാ സൗകര്യം നല്‍കിയതും ശിശുമരണനിരക്ക് കാര്യമായി കുറച്ചുകൊണ്ടുവന്നതും ഒക്കെ കാസ്‌ട്രോയെ കൂടുതല്‍ ജനകീയ നേതാവാക്കി.

സോവിയറ്റ് തകര്‍ച്ചയെ തുടര്‍ന്നുള്ള ഘട്ടത്തില്‍ സോഷ്യലിസ്റ്റ് സിദ്ധാന്തങ്ങള്‍ കാലഹരണപ്പെട്ടു എന്ന സാമ്രാജ്യത്വ പ്രചാരണങ്ങളെ തകര്‍ക്കുന്നതില്‍ കാസ്‌ട്രോയും ക്യൂബയും വഹിച്ച പങ്ക് ചെറുതല്ല. മാര്‍ക്‌സിസ്റ്റ്- ലെനിനിസ്റ്റ് സിദ്ധാന്തങ്ങള്‍ മുറുകെ പിടിച്ചുകൊണ്ട് ‘സോഷ്യലിസം സോഷ്യലിസം മാത്രം’എന്ന് അദ്ദേഹം ആവര്‍ത്തിച്ചുറപ്പിച്ചു. ആ പാതയില്‍ തന്നെ ക്യൂബയെ ഉറപ്പിച്ചുനിര്‍ത്തി.
ചെറുപ്പംതൊട്ടേ എല്ലാ പോരാട്ടങ്ങളിലും ഒപ്പമുണ്ടായിരുന്ന സഹോദരന്‍ റൗള്‍ ക്യൂബയുടെ ഭരണച്ചുമതല ഏറ്റശേഷവും കാസ്‌ട്രോയുടെ ഉപദേശനിര്‍ദേശങ്ങള്‍ ക്യൂബയ്ക്കു വളരെ വിലപ്പെട്ടതായിരുന്നു. പിന്നീടുള്ള ഘട്ടത്തില്‍ ‘ഫിദലിന്റെ ചിന്തകള്‍’ എന്ന പേരില്‍ എഴുതിയിരുന്ന പംക്തിയും ‘എന്റെ ജീവിതം’ എന്ന പേരിലുള്ള ആത്മകഥയും ലോകത്തെ വിമോചന പോരാളികള്‍ക്കാകെ പ്രചോദനകരമായി. 90 വര്‍ഷത്തിനിടെ അമേരിക്കന്‍ പ്രസിഡന്റായിരുന്നുകൊണ്ട് ക്യൂബ സന്ദര്‍ശിച്ച ഏക വ്യക്തി ബരാക് ഒബാമയാണ്. എന്നാല്‍, ആ ഘട്ടത്തില്‍പോലും ‘അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഒരു സംഭാവനയും ഞങ്ങള്‍ക്കു വേണ്ട’ എന്നു പ്രഖ്യാപിക്കാനുള്ള ആര്‍ജവവും ധീരതയും ആത്മാഭിമാനവും ഫിദല്‍ കാട്ടി. ചെ ഗുവേര മുതല്‍ ഹ്യൂഗോ ഷാവേസ് വരെയുള്ള ധീരരായ പോരാളികളുമായുള്ള സൗഹൃദം കൂടി ഉള്‍പ്പെട്ട സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ചരിത്രമാണ് സത്യത്തില്‍ ഫിദലിന്റെ ജീവ ചരിത്രം.

സി പി എം ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിനോട് കാസ്‌ട്രോയ്ക്കുണ്ടായിരുന്ന സുദൃഢമായ സ്‌നേഹബന്ധം പ്രത്യേകം ഓര്‍മിക്കപ്പെടേണ്ടതാണ്. കേരളീയര്‍ക്ക് ക്യൂബയോടും കാസ്‌ട്രോയോടുമുള്ള സ്‌നേഹവായ്പ്പിന്റെ ഭാഗമായി അമേരിക്കന്‍ ഉപരോധത്തില്‍ നട്ടംതിരിഞ്ഞ ക്യൂബയ്ക്ക് വസ്ത്രങ്ങളും മരുന്നും ഭക്ഷ്യവസ്തുക്കളും 90കളുടെ തുടക്കത്തില്‍ നമ്മള്‍ കാര്യമായി പിരിച്ചുനല്‍കിയിട്ടുണ്ട്.

ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസിനെ പോലുള്ള ഉന്നതരായ എഴുത്തുകാര്‍ക്കും മറഡോണയെപ്പോലുള്ള പ്രഗത്ഭരായ ഫുട്‌ബോള്‍ താരങ്ങള്‍ക്കും ഒക്കെ പ്രിയങ്കരനായിരുന്നു കാസ്‌ട്രോ. ക്യൂബയിലെ ഓരോ പൗരന്റെയും ജീവിത സുഹൃത്തായിരുന്നു എന്നതാണു സത്യം. അവരുടെ ജീവിതത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ ഇടപെട്ട രീതികൊണ്ടാണ് ഫിദല്‍ ഓരോരുത്തര്‍ക്കും പ്രിയങ്കരനായത്.

LEAVE A REPLY

Please enter your comment!
Please enter your name here