Connect with us

Gulf

ആഴക്കടല്‍ മഹാത്ഭുതങ്ങള്‍ കണ്ടെത്താന്‍ അംഗപരിമിതയും

Published

|

Last Updated

ദുബൈ: അത്യപൂര്‍വമായ രോഗം പിടിപെട്ട് ഞരമ്പുകളുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ പരിമിതമായ യുവതി അറ്റ്‌ലാന്റിസ് അംബാസിഡര്‍ ലഗൂണില്‍ സ്‌കബാ ഡൈവിംഗിനൊരുങ്ങുന്നു. ഇരുപത്തിയഞ്ചുകാരിയായ ശോഭിക കല്‍റയാണ് സാഹസത്തിന് തയ്യാറെടുക്കുന്നത്.

ഫ്രിഡ്രൈഷ് അറ്റാക്‌സിയ എന്ന രോഗത്തിന്റെ ചികിത്സയിലാണ് ശോഭിക. അംഗ പരിമിതിയുള്ളവര്‍ക്ക് സമൂഹത്തില്‍ കൂടുതല്‍ ഇടപഴുകുന്നതിന് പ്രചോദനമേകുന്നതിനാണ് തന്റെ ശ്രമമെന്ന് ശോഭിക പറഞ്ഞു.
അംഗ പരിമിതരായവരെ സമൂഹത്തിന്റെ ഉന്നതിയിലെത്തിക്കുക എന്നത് ലക്ഷ്യം വെച്ച് വിംഗ്‌സ് ഓഫ് ഏഞ്ചല്‍സ് സംഘടന ശോഭികയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

550 വേദികള്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനോടകം തന്നെ സംഘടിപ്പിച്ചു.
ശോഭികയുടെ പ്രകടനത്തെ കുറിച്ച് അറ്റ്‌ലാന്റിസ് അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. 65,000 ത്തോളം വരുന്ന കടല്‍ ജന്തുക്കളുടെ ഇടയിലൂടെയുള്ള സാഹസികമായ ഡൈവിംഗ് ആദ്യമായിട്ടാണ് യു എ ഇയില്‍ അംഗ പരിമിതയായ ഒരു യുവതി ചെയ്യുന്നത്. അറ്റ്‌ലാന്റിസ് ഹോട്ടല്‍ വക്താവ് അറിയിച്ചു.

എനിക്ക് രണ്ട് വയസുള്ളപ്പോള്‍ ഞാന്‍ നടക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് നീന്തല്‍ പഠിച്ചു. നീന്തല്‍ എനിക്ക് ആയാസകരമായിരുന്നു. പക്ഷെ എന്റെ മസിലുകള്‍ ഇന്ന് വളരെ ദുര്‍ബലമാണ്. വിദഗ്ധ ചികിത്സ തേടിയപ്പോള്‍ നീന്തല്‍ തുടരാമെന്നും അത് പേശികളെ കൂടുതല്‍ ബലപ്പെടുത്തുമെന്നും ഉപദേശം കിട്ടി. മറ്റു രണ്ട് മുങ്ങല്‍ വിദഗ്ധരോടൊപ്പമാണ് ഞാനീ കര്‍ത്തവ്യത്തിന് മുതിരുന്നത്, ശോഭിക പറഞ്ഞു.
20 സന്നദ്ധ സേവകരുടെ സഹായത്തോടെ ഗവണ്‍മെന്റ് സ്വകാര്യ സ്ഥാപനങ്ങള്‍ റസ്റ്റോറന്റുകള്‍ ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക വേദിയുണ്ടാക്കി അംഗ പരിമിതര്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്ന പരിപാടികള്‍ സംഘടിപ്പിച്ചു വരികയാണ് ശോഭിക.

Latest