ദിലീപും കാവ്യാമാധവനും വിവാഹിതരായി

Posted on: November 25, 2016 8:43 am | Last updated: November 25, 2016 at 4:57 pm

dileep-kavyaകൊച്ചി: മലയാള സിനിമാ ലോകത്ത് ഏറ്റവുമധികം ഗോസിപ്പുകളില്‍ ഇടംപിടിച്ച ദിലീപ് കാവ്യാ വിവാഹം ഒടുവില്‍ യാഥാര്‍ഥ്യമായി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സിനിമാ മേഖലയില്‍ നിന്ന് ക്ഷണിക്കപ്പെട്ട ചുരുക്കം ചിലരും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.

മമ്മൂട്ടി, ജയറാം, ജനാര്‍ദ്ദനന്‍, സലിം കുമാര്‍, മേനക, ജോമോള്‍, ചിപ്പി, സംവിധായകന്‍മാരായ സിദ്ധീഖ്, രഞ്ജിത് തുടങ്ങിയവരാണ് സിനിമാ മേഖലയില്‍ നിന്ന് ചടങ്ങിനെത്തിയത്.

ദിലീപ് മഞ്ജു വാര്യരുമായി പിരിഞ്ഞതിന് ശേഷം കാവ്യയെ വിവാഹം ചെയ്യുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ഇരുവരും ഇത് നിഷേധിക്കുകയായിരുന്നു. ദിലീപ് മഞ്ജു ബന്ധം തകരാന്‍ കാരണം കാവ്യയുമായി ദിലീപിനുള്ള ബന്ധമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കാവ്യക്കും ഇത് രണ്ടാം വിവാഹമാണ്. നേരത്തെ നിശാല്‍ ചന്ദ്ര എന്നയാളുമായിട്ടായിരുന്നു കാവ്യയുടെ വിവാഹം. ഈ ബന്ധം ഏറെ നാള്‍ നീണ്ടുനിന്നില്ല. കാവ്യക്ക് ദിലീപുമായുള്ള ബന്ധമാണ് വിവാഹബന്ധം തകരാന്‍ ഇടയാക്കിയതെന്ന് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു.