Connect with us

Kerala

നോട്ട് അസാധുവാക്കല്‍ ശമ്പള വിതരണത്തെ ബാധിക്കും

Published

|

Last Updated

തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ സര്‍ക്കാര്‍, പൊതുമേഖലാ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പള വിതരണത്തെ കാര്യമായി ബാധിക്കും. അടുത്ത മാസം ആദ്യം ശമ്പളം നല്‍കിത്തുടങ്ങുന്നതോടെ ബേങ്കുകളിലെയും എ ടി എമ്മുകളിലെയും തിരക്ക് വന്‍തോതില്‍ ഉയരും. ബേങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് പരിധിയുള്ളതിനാല്‍ ജീവനക്കാര്‍ക്ക് ശമ്പളം ഒറ്റയടിക്ക് പിന്‍വലിക്കാനാകില്ല.

പണം പിന്‍വലിക്കുന്നതിന് മറ്റ് ബേങ്കുകള്‍ക്കുള്ള അനുമതി പ്രാഥമിക സഹകരണ ബേങ്കുകള്‍ക്ക് ഇനിയും ലഭിക്കാത്തതിനാല്‍ ഇവിടുത്തെ ജീവനക്കാര്‍ക്ക് എങ്ങനെ ശമ്പളം നല്‍കുമെന്നതിലും വ്യക്തതയില്ല. ശമ്പളം, പെന്‍ഷന്‍ ഇനത്തില്‍ 3,100 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. ഒന്നാം തീയതി 750 കോടി, രണ്ടിന് 700, മൂന്നിന് 450, നാലിന് 400, അഞ്ചിന് 300, ആറിനും ഏഴിനും 250 കോടി എന്നിങ്ങനെയാണ് നല്‍കാറുള്ളത്. ഇതില്‍ അഞ്ച് ലക്ഷം പേര്‍ക്ക് ബേങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ശമ്പളമെത്തുന്നു. 4.5 ലക്ഷം പേര്‍ ട്രഷറി സേവിംഗ് അക്കൗണ്ടിലൂടെയും 50,000 പേര്‍ നേരിട്ട് പണമായും ശമ്പളം വാങ്ങുന്നതാണ് രീതി. ഇതില്‍ ബേങ്ക്, ട്രഷറി വഴി ശമ്പളം നല്‍കുന്നവര്‍ക്ക് അടുത്ത മാസവും അവരുടെ അക്കൗണ്ടില്‍ ശമ്പളമെത്തും. പിന്‍വലിക്കുന്നതിലെ നിയന്ത്രണമാണ് ഇവര്‍ നേരിടുന്ന പ്രതിസന്ധി. നേരിട്ട് ശമ്പളം വാങ്ങുന്ന 50,000 പേരുടെ പണം എങ്ങനെ വിതരണം ചെയ്യുമെന്നതില്‍ വ്യക്തതയില്ല. കരാര്‍, ദിവസ വേതന ജീവനക്കാരും താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവരുമാണ് ഇതില്‍ ഭൂരിഭാഗവും.

പുതിയ നോട്ടിന്റെ അച്ചടി പൂര്‍ത്തിയാകുന്നതിന് കാലതാമസം നേരിടുമെന്നതിനാല്‍ നിയന്ത്രണം പെട്ടെന്ന് നീങ്ങുമെന്ന് കരുതാനാകില്ല. അതിനാല്‍, അടുത്ത മാസത്തെ ശമ്പളം ഒരുമിച്ച് പിന്‍വലിക്കുക ജീവനക്കാര്‍ക്ക് അസാധ്യമാകും. 24,000 രൂപയാണ് അക്കൗണ്ടുകളില്‍ നിന്ന് ചെക്ക് നല്‍കിയോ വിഡ്രോവല്‍ സ്ലിപ്പ് വഴിയോ ഒരാഴ്ചയില്‍ പിന്‍വലിക്കാന്‍ കഴിയുന്നത്. എ ടി എമ്മുകളില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന പരിധി 2500 രൂപയും. ഈ നിയന്ത്രണം പാലിച്ച് പണം പിന്‍വലിക്കാന്‍ ജീവനക്കാര്‍ കൂട്ടത്തോടെ ബേങ്കുകളിലേക്കും എ ടി എമ്മുകളിലേക്കും നീങ്ങേണ്ടിവരും.
സഹകരണ ബേങ്ക് ജീവനക്കാരുടെ ശമ്പളം എങ്ങനെ നല്‍കുമെന്നതില്‍ ഇനിയും വ്യക്തതയില്ല. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ഒരാഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 24,000 രൂപയാണ്. ഇടപാടുകാര്‍ക്ക് നല്‍കാന്‍ തന്നെ ഈ പണം തികയില്ലെന്നിരിക്കെ ജീവനക്കാരുടെ ശമ്പളം എങ്ങനെ നല്‍കുമെന്നതാണ് പ്രതിസന്ധി.

സ്വകാര്യ സ്ഥാപനങ്ങളിലെ ശമ്പള വിതരണവും തടസ്സപ്പെടും. നേരിട്ട് പണം നല്‍കുന്നവര്‍ ചെക്ക് വഴിയോ അക്കൗണ്ട് വഴിയോ നല്‍കേണ്ടിവരും. ഉയര്‍ന്ന തുക വാങ്ങുന്നവര്‍ക്ക് ഇത് പിന്‍വലിക്കാന്‍ തടസ്സം നേരിടുകയും ചെയ്യും.

Latest