നോട്ട് പ്രതിസന്ധി; ഡിസംബറില്‍ വിമാനടിക്കറ്റ് നിരക്ക് കുറയുമെന്ന പ്രതീക്ഷ പൊലിഞ്ഞു

Posted on: November 24, 2016 7:48 pm | Last updated: November 29, 2016 at 7:36 pm

ഷാര്‍ജ: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ഇന്ത്യയിലേക്കുള്ള ശൈത്യകാല വിമാന ടിക്കറ്റ് നിരക്ക് കുറയാനിടയാക്കേക്കുമെന്ന പ്രവാസികളുടെ പ്രതീക്ഷ അസ്ഥാനത്തായി. നിരക്കില്‍ കുറവുണ്ടാകുന്നില്ലെന്നു മാത്രമല്ല അനുദിനം ഉയര്‍ന്നുകൊണ്ടിരിക്കുകയുമാണ്. യു എ ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ശൈത്യകാല അവധിക്കായി വിദ്യാലയങ്ങള്‍ അടക്കുന്ന ഡിസം. 15 മുതലാണ് ഇന്ത്യയിലേക്ക്, പ്രത്യേകിച്ച് കേരളത്തിലേക്കും മംഗലാപുരത്തേക്കും യു എ ഇയില്‍ നിന്നും ഏറ്റവും അധികം വിമാന യാത്ര നിരക്ക്.

കേരളത്തിലേക്കും, മംഗലാപുരത്തേക്കും മടക്കയാത്ര അടക്കം ദുബൈയില്‍ നിന്നുള്ള നിരക്ക് 2250 ദിര്‍ഹമിനു മുകളിലാണ്. അവധി ആരംഭിക്കുന്ന ദിവസത്തെ നിരക്കാണിത്. ആഘോഷ ദിവസങ്ങളായ ക്രിസ്തുമസും പുതുവത്സരവും ആസന്നമാകുന്തോറും നിരക്കും കൂടുകയാണ്. ഡിസം. 15ന് ദുബൈയില്‍ നിന്ന് മംഗലാപുരത്തേക്ക് സ്‌പൈസ് ജെറ്റിനുള്ള നിരക്ക് 2200 ദുര്‍ഹം വരും. ഇതില്‍ ചെറിയ മാറ്റങ്ങളുണ്ടാകുമെങ്കിലും വലിയ കുറവിന് സാധ്യതയില്ലെന്നാണ് ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കോഴിക്കോ ട്ടേക്കടക്കം കേരളത്തിലേക്കുള്ള നിരക്കും ഉയരത്തില്‍ തന്നെ. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ലഭിച്ചതിന്റെ ഇരട്ടിയിലധികമാണ് ഇത്തവണത്തെ നിരക്ക്.
അതേസമയം അവധിക്ക് മുമ്പുള്ള ദിവസങ്ങളില്‍ ഈ നിരക്കിന്റെ നേര്‍പകുതിയാണ് നിരക്ക്. ഡിസം. 10 മുതലാണ് നിരക്കില്‍ വന്‍ വര്‍ധനവെന്ന് ഷാര്‍ജയിലെ ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍ പറഞ്ഞു. രണ്ടാഴ്ചയിലധികമാണ് അവധി. ഡിസം 15നു അടക്കുന്ന വിദ്യാലയങ്ങള്‍ ജനുവരി മൂന്നിനാണ് തുറക്കുക.

ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ ബന്ധുമിത്രാദികളോടൊപ്പം ആഘോഷിക്കാമെന്ന ആഗ്രഹത്തിലുമായിരുന്നു പലരും. എന്നാല്‍ ഉയര്‍ന്ന നിരക്ക് മൂലം ടിക്കറ്റ് ബുക്കിംഗ് പതിയെയാണ് തുടങ്ങിയിരുന്നത്. നാലംഗങ്ങളുള്ള ചെറിയ കുടുംബത്തിന് മടക്കയാത്രയടക്കമുള്ള ടിക്കറ്റിന് നിലവിലെ നിരക്ക് അനുസരിച്ച് ചുരുങ്ങിയത് 9000 ദിര്‍ഹമെങ്കിലും വേണ്ടിവരും. ഈ സാഹചര്യത്തില്‍ വിഷമിച്ചിരിക്കെയാണ് നാട്ടില്‍ നോട്ട് പ്രതിസന്ധി ഉടലെടുത്തത്. ഇതേതുടര്‍ന്ന് നിരക്കില്‍ വന്‍ കുറവ് സംഭവിച്ചു. യാത്രക്കാര്‍ കുറഞ്ഞതായിരുന്നു കാരണം.

ടിക്കറ്റെടുത്ത ചിലരെങ്കിലും യാത്ര റദ്ദാക്കുകയും ചെയ്തു. അത്യാവശ്യകാര്യങ്ങള്‍ ഉള്ളവര്‍ മാത്രമാണ് നാട്ടിലേക്ക് തിരിച്ചത്. ടിക്കറ്റ് നിരക്ക് കുറഞ്ഞ് തുടങ്ങിയതോടെ പ്രവാസികള്‍ ഏറെ സന്തോഷിച്ചു. ശൈത്യകാല നിരക്കും കുറയുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. അതുകൊണ്ടുതന്നെ പിന്തിരിഞ്ഞു നിന്ന പലരും യാത്രക്കുള്ള നീക്കം ആരംഭിക്കുകയും ചെയ്തു. മാത്രമല്ല കുറയുന്നതിനുള്ള യാതൊരു സാധ്യതപോലുമില്ലാത്ത സ്ഥിതി സംജാതമാവുകയും ചെയ്തു. ഇതാകട്ടെ യാത്രക്കൊരുങ്ങിയവരെ ഏറെ വിഷമിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.

സാധാരണഗതിയില്‍ മുംബൈ, ഗോവ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് ടിക്കറ്റ് നിരക്കില്‍ വന്‍ കുറവ് വരാറുണ്ടായിരുന്നു. അതിനാല്‍ തുച്ഛവരുമാനക്കാരായ പ്രവാസികള്‍ ഈ സ്ഥലങ്ങളിലേക്കാണ് ഏറെ കഷ്ടപാടുകള്‍ സഹിച്ചും യാത്ര ചെയ്യാനൊരുങ്ങുന്നത്. എന്നാല്‍ ഇത്തവണ ഇവിടങ്ങളിലെ നിരക്കിലും വലിയ കുറവ് ഉണ്ടായിട്ടില്ല. ഇതും മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയായി.