Connect with us

Business

ടാലന്‍മാര്‍ക്ക് ഡെവലപ്പേഴ്സ് മര്‍കസ് നോളജ് സിറ്റിയില്‍ കള്‍ച്ചറല്‍ സെന്റര്‍ നിര്‍മിക്കുന്നു

Published

|

Last Updated

ദുബൈ: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഡെവലപ്പേഴ്സായ ടാലന്‍മാര്‍ക്കിന്റെ നേതൃത്വത്തില്‍ മര്‍ക്കസ് നോളജ് സിറ്റിയില്‍ കള്‍ച്ചറല്‍ സെന്റര്‍ ഒരുക്കുന്നു. ഇതിന്റെ നിര്‍മാണപ്രവൃത്തികള്‍ ആരംഭിച്ചതായി മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ദക്ഷിണേന്ത്യയിലെ പ്രഥമ ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പായ മര്‍കസ് നോളജ് സിറ്റിയുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായാണ് കള്‍ച്ചറല്‍ സെന്റര്‍ നിര്‍മിക്കുന്നത്. രാജ്യത്തിന് അകത്തും പുറത്തുമുള്ള വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ഉപയുക്തമായ സൗകര്യങ്ങള്‍ കള്‍ച്ചറല്‍ സെന്ററിലുണ്ടാകും. അന്താരാഷ്ട്ര ഹെറിറ്റേജ് മ്യൂസിയം, റിസര്‍ച്ച് ആന്‍ഡ് അക്കാഡമിക് ലൈബ്രറി, ഡിജിറ്റല്‍ സെമിനാര്‍ ഹാള്‍, ഹിസ്റ്റോറിക്കല്‍ ഹബ്, സ്റ്റുഡന്റ്സ് സ്റ്റഡി ഹോം, കള്‍ച്ചറല്‍ തിയേറ്റര്‍, ലക്ചര്‍ ഹാളുകള്‍, ഡോര്‍മിറ്ററി, പാര്‍ക്കിംഗ് ബേ തുടങ്ങിയ സൗകര്യങ്ങള്‍ കള്‍ച്ചറല്‍ സെന്ററില്‍ ഉണ്ടാകും.

70 കോടി രൂപയാണ് കള്‍ച്ചറല്‍ സെന്റര്‍ നിര്‍മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇസ്ലാമിക, ഇന്ത്യാ ചരിത്രാന്വേഷികള്‍ക്ക് പഠിക്കാനും പകര്‍ത്താനും സഹായകരമായ നിരവധി പ്രദര്‍ശനങ്ങള്‍ ഹെറിറ്റേജ് മ്യൂസിയത്തില്‍ ഒരുക്കും.

കള്‍ച്ചറല്‍ സെന്ററിന്റെ അനുബന്ധമായി നിര്‍മിക്കുന്ന സൂക്ക് മറ്റൊരു പ്രത്യേകതയാണ്. പൗരാണിക മാതൃകയില്‍ പണികഴിക്കുന്ന സൂക്കില്‍ 150ഓളം വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. അന്‍പതിലേറെ വ്യത്യസ്ത വ്യാപാരങ്ങള്‍ക്കുള്ള വിശാലമായ സൗകര്യങ്ങളാണ് ഇവിടെ ഉണ്ടാകുക.

കോഴിക്കോട്ടെ പ്രമുഖ നിര്‍മാണ സംരംഭകരായ ടാലന്‍മാര്‍ക്കിന്റെ നേതൃത്വത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവാസികള്‍ക്ക് സംരംഭവുമായി സഹകരിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.

ടാലന്റ്മാര്‍ക്ക് എംഡി ഹബീബ് റഹ്മാന്‍, ഡയറ്കടര്‍ മുഹമ്മദ് ശക്കീല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. കള്‍ച്ചറല്‍ സെന്ററിന്റെ സംരംഭങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ 8606001100 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ടാലന്‍മാര്‍ക്ക് ഡയറക്ടര്‍ ഹിബത്തുല്ല അറിയിച്ചു.

---- facebook comment plugin here -----

Latest