രാഷ്ട്രീയ കൂട്ടായ്മ ആശാവഹം

Posted on: November 24, 2016 6:00 am | Last updated: November 23, 2016 at 10:39 pm
SHARE

സഹകരണ മേഖലയോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന ചിറ്റമ്മനയത്തിനെതിരെ ഇടതുമുന്നണിയും ഐക്യമുന്നണിയും ഒരേ സ്വരത്തിലാണ് ചൊവ്വാഴ്ച നിയമസഭയില്‍ പ്രതികരിച്ചത്. പിന്‍വലിച്ച നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കുന്നതിനും മാറ്റിവാങ്ങുന്നതിനും മറ്റു ബേങ്കുകളെ പോലെ സഹകരണ ബേങ്കുകളെയും അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയത്തെ സഭ അംഗീകരിച്ചതും ഒത്തൊരുമയോടെയായിരുന്നു. പ്രതിപക്ഷം ആവശ്യപ്പെട്ടതനുസരിച്ചു ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് ഇരു മുന്നണികളും സഹകരണ ബേങ്കുകള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയില്‍ ഒരേ വികാരവും സ്വരവും പ്രകടിപ്പിച്ചത്. പ്രശ്‌നം പരിഹൃതമായില്ലെങ്കില്‍ തുടര്‍ന്നുള്ള പ്രക്ഷോഭങ്ങളില്‍ സംസ്ഥാന സര്‍ക്കാറുമായി സഹകരിക്കാനാണ് തിങ്കളാഴ്ച ചേര്‍ന്ന ഐക്യ ജനാധിപത്യ മുന്നണി യോഗത്തിന്റെ വികാരം.
സംസ്ഥാനത്തെ പൊതുവായി ബാധിക്കുന്ന വിഷയങ്ങളില്‍ നിയമസഭ ഒറ്റക്കെട്ടാകുന്നത് ഇതാദ്യമല്ല. മുല്ലപ്പെരിയാര്‍ പശ്‌നത്തിലും മറ്റും സഭ ഐക്യകണ്‌ഠേന പ്രമേയങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ പ്രശ്‌നം പരിഹൃതമാകുന്നത് വരെ ഒന്നിച്ചു പ്രക്ഷോഭം നടത്താനുള്ള തീരുമാനം കേരള രാഷ്ട്രീയത്തില്‍ അപൂര്‍വമാണ്. കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ എതിര്‍പ്പിനെ അവഗണിച്ചാണ് ഇടതുമുന്നണിയുമൊന്നിച്ചു സമരം ചെയ്യാന്‍ യു ഡി എഫ് നേതൃയോഗം തീരുമാനിച്ചത്.
ആശാവഹമായ നീക്കമാണിത്. വ്യത്യസ്ത ആദര്‍ശങ്ങളും രാഷ്ട്രീയ കാഴ്ചപ്പാടുകളും വെച്ചുപുലര്‍ത്തുന്ന കക്ഷികള്‍ക്കും മുന്നണികള്‍ക്കുമിടയില്‍ പരസ്പര വിമര്‍ശവും എതിര്‍പ്പും ശത്രുതയും സ്വാഭാവികമാണെങ്കിലും നാടിനെയോ ജനത്തെയോ ബാധിക്കുന്ന പൊതുവിഷയങ്ങളില്‍ അതെല്ലാം മാറ്റിവെച്ചു ഒന്നിച്ചു നീങ്ങുന്നതാണ് ആരോഗ്യകരമായ രാഷ്ട്രീയം. കക്ഷി സങ്കുചിതത്വം അതിന് വിലങ്ങാകരുത്. തിരഞ്ഞെടുപ്പ് കാലത്തെ വീറും വാശിയുമെല്ലാം അത് കഴയുന്നതോടെ മാറ്റിവെക്കണം. തിരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞാല്‍ ജനപ്രതിനിധികള്‍ എല്ലാവരുടെയും പ്രതിനിധികളാണെന്ന കാര്യം വിസ്മരിക്കരുത്. പിന്നീടുള്ള അവരുടെ പ്രവര്‍ത്തനം സ്വന്തം പാര്‍ട്ടിക്ക് വേണ്ടിയോ, അണികള്‍ക്ക് വേണ്ടിയോ ആകരുത്. മൊത്തം ജനങ്ങള്‍ക്കും നാടിനുമാകണം. കേന്ദ്രത്തിന്റെ അപ്രതീക്ഷിതമായ നോട്ട് അസാധുവാക്കല്‍ നടപടി ജനങ്ങള്‍ക്ക് കൊടിയ ദുരിതമാണ് ബാക്കിവെച്ചത്. അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കാനും മാറ്റിനല്‍കാനും സഹകരണ ബേങ്കുകള്‍ക്ക് അനുമതി നിഷേധിച്ചത് ആ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുമുണ്ട്. ഏതെങ്കിലും ഒരു കക്ഷിയുടെയോ, വിഭാഗത്തിന്റെയോ പ്രശ്‌നമല്ല ഇത്. പൊതുപ്രശ്‌നമാണ്. കക്ഷി രാഷ്ട്രീയ താത്പര്യങ്ങള്‍ക്കതീതമായാണ് അതിനോട് പ്രതികരിക്കേണ്ടതും സമരരംഗത്തിറങ്ങേണ്ടതും. ഇക്കാര്യത്തില്‍ സംസ്ഥാനത്തെ ഇരുമുന്നണി നേതൃത്വങ്ങളും കാണിച്ച രാഷ്ട്രീയ വിവേകം അഭിനന്ദനാര്‍ഹമാണ്.
തുടര്‍ന്നും ഇത്തരം പൊതുപ്രശ്‌നങ്ങളില്‍ യോജിച്ചു പ്രവര്‍ത്തിക്കാനുള്ള വിശാല വീക്ഷണം സംസ്ഥാനത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പ്രകടിപ്പിക്കേണ്ടതുണ്ട്. വര്‍ഗീയതയുടെ കടന്നു കയറ്റം, തീരദേശ നിയന്ത്രണ നിയമം, ഭക്ഷ്യസുരക്ഷാ പ്രശ്‌നത്തിന്റെ പേരില്‍ റേഷന്‍ സബ്‌സിഡി പാടേ എടുത്തുകളായനുള്ള നീക്കം, റെയില്‍ മേഖലയില്‍ കേരളത്തോടുള്ള അവഗണന തുടങ്ങി സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങള്‍ ഒട്ടേറെയുണ്ട്. കേരളത്തിന്റെ തീരദേശങ്ങളില്‍ സാമൂഹിക അടിസ്ഥാന സൗകര്യ വികസനത്തിന് വിഘാതം സൃഷ്ടിക്കുന്നതാണ് കേന്ദ്രം ആവിഷ്‌കരിച്ച തീരദേശ പരിപാലന നിയമം. തീരദേശത്തെ എട്ടു ലക്ഷത്തിലേറെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവനോപാധിയും സാമ്പത്തിക സുരക്ഷയും ഇത് താറുമാറാക്കുകയും ചെയ്യുന്നു. ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ മറവില്‍ റേഷന്‍ വന്‍തോതില്‍ വെട്ടിക്കുറച്ചു കൊണ്ടുള്ള കേന്ദ്ര തീരുമാനം അര്‍ഹതപ്പെട്ട നിരവധി കുടുംബങ്ങള്‍ക്ക് റേഷന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്. കേന്ദ്രത്തിലെ അധികാര മാറ്റത്തോടെ രാജ്യത്ത് രൂക്ഷത പ്രാപിച്ച ഭൂരിപക്ഷ വര്‍ഗീയത സംസ്ഥാനത്തെ സൗഹൃദാന്തരീക്ഷത്തിന് ക്ഷതമേല്‍പിച്ചുകൊണ്ടിരിക്കയാണ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെമാത്രം ബാധിക്കുന്ന പ്രശനമല്ല ഇതൊന്നും. എന്തുകൊണ്ട് ഇത്തരം കാര്യങ്ങളിലും രാഷട്രീയ പ്രസ്ഥാനങ്ങള്‍ക്ക് യോജിച്ചു പ്രക്ഷോഭം നടത്തുകയും ഒരേ സ്വരത്തില്‍ പ്രതികരിക്കുകയും ചെയ്തു കൂടാ?
രാഷട്രീയം കേവല രാഷ്ട്രീയത്തിന് വേണ്ടിയാകരുത്. രാഷ്ട്രത്തിനും ജനങ്ങള്‍ക്കും വേണ്ടിയാകണം. സ്വന്തം കക്ഷിയെ കേന്ദ്രീകരിച്ചു കൊണ്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനവും നിലപാടുമാണ് രാജ്യത്ത് അരാഷ്ട്രീയ ചിന്താഗതി വളര്‍ത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here