സംഘടനകള്‍ക്ക് അറ്റസ്‌റ്റേഷന്‍ അനുമതിയില്ല: നോര്‍ക്ക രജിസ്‌ട്രേഷനില്‍ അവ്യക്തത

Posted on: November 23, 2016 5:28 pm | Last updated: November 23, 2016 at 5:28 pm

norkaമസ്‌കത്ത്: പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് രജിസ്‌ട്രേഷന്‍ പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കെ പൂരിപ്പിച്ച അപേക്ഷകള്‍ വൃഥാവിലാകുമോയെന്ന ഭയത്തില്‍ പ്രവാസികള്‍. രജിസ്‌ട്രേഷന്‍ സമയങ്ങളില്‍ ആനുകൂല്യങ്ങള്‍ സംബന്ധമായി സംഘടനകള്‍ നല്‍കുന്ന വിവരങ്ങളും അടിസ്ഥാനരഹിതമാണ്.

നോര്‍ക തിരിച്ചറിയല്‍ കാര്‍ഡ് രജിസ്‌ട്രേഷനുള്ള അപേക്ഷാ ഫോം സ്വീകരിക്കണമെങ്കില്‍ അറ്റസ്‌റ്റേഷന്‍ നിര്‍ബന്ധമാണെന്ന് നോര്‍ക ജനറല്‍ മാനേജര്‍ ഗോപകുമാരന്‍ നായര്‍ വ്യക്തമാക്കി. ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ്, പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍, വാര്‍ഡ് കൗണ്‍സിലര്‍, എംഎല്‍എ, എംപി, കേന്ദ്ര സംസ്ഥാന ഗസറ്റഡ് ഉദ്യോഗസ്ഥര്‍ എന്നിവരിലാരെങ്കിലുമാണ് അപേക്ഷാ ഫോം സാക്ഷ്യപ്പെടുത്തേണ്ടത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഒമാനിലെ കടലാസ് സംഘടനകള്‍ വഴി രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കുന്ന പ്രവാസികള്‍ക്കാണ് നോര്‍ക്ക അനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുമോയെന്ന ആശങ്കയുള്ളത്.
എന്നാല്‍, നോര്‍ക റൂട്ട്‌സില്‍ രജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ക്കും അറ്റസ്റ്റ് ചെയ്യാന്‍ അനുമതിയുണ്ട്. ഒമാനില്‍ നിന്ന് ഒരു സംഘടന പോലും നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

എന്നാല്‍, സംഘടനകള്‍ വഴി എംബസികളില്‍ പൂരിപ്പിച്ച ഫോം എത്തിച്ചാല്‍ അറ്റസ്റ്റ് ചെയ്തു നല്‍കും. എങ്കിലും ഒരു ഫോമിന് 4.900 റിയാല്‍ നല്‍കണമെന്നതിനാല്‍ സംഘടനകള്‍ ഇതിന് തയാറാകുന്നില്ല. ഏതെങ്കിലും സംഘടനകള്‍ ഇത്തരത്തില്‍ ഫോമുകളുമായി ഇതുവരെ മസ്‌കത്ത് ഇന്ത്യന്‍ എംബസിയെ സമീപിച്ചിട്ടുമില്ല. അറ്റസ്‌റ്റേഷന്‍ നിരക്ക് എടുത്തുകളയുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണമെന്നാണ് ഇന്ത്യന്‍ എംബസി വ്യക്തമാക്കുന്നത്. എന്നാല്‍, ഇതിന് ഉടന്‍ നടപടിയുണ്ടാകില്ല.

2008ല്‍ പ്രഖ്യാപിച്ച പദ്ധതിയിലേക്കാണ് ഇപ്പോഴും ആളുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. തെറ്റിദ്ധാരണ മൂലമാണ് രജിസ്‌ട്രേഷന്‍ ഇപ്പോള്‍ ഇത്തരത്തില്‍ നടക്കുന്നതെന്നും അടുത്ത ദിവസങ്ങളില്‍ തന്നെ ഇത് സംബന്ധമായ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് വാര്‍ത്താ കുറിപ്പ് പ്രസിദ്ധപ്പെടുത്തുമെന്നുമാണ് നോര്‍ക്ക റൂട്ട്‌സ് നല്‍കുന്ന വിവരം.
നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത ഉടനെ പലിശ രഹിത വായ്പ്പ ലഭിക്കുമെന്ന തെറ്റിദ്ധാരണ പ്രവാസികള്‍ക്കിടയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇത് രജിസ്‌ട്രേഷന്‍ വര്‍ധിക്കാന്‍ ഇടവരുത്തി. എന്നാല്‍ 20 ലക്ഷം വരെയുള്ള വായ്പ ലഭിക്കുന്നതിന് നിബന്ധനകള്‍ പ്രകാരം അപേക്ഷകര്‍ അര്‍ഹരാണോ എന്ന് ഉറപ്പ് വരുത്തി മാത്രമാണ് വായ്പ അനുവദിക്കുന്നത്. തിരച്ചെത്തുന്ന പ്രവാസികള്‍ക്ക് മാത്രമാണ് വായ്പ. ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചതായുള്ള പ്രചാരണവും ചില സംഘടനകള്‍ നടത്തുന്നുണ്ട്. എന്നാല്‍, ഇത് സംബന്ധമായി ശുപാര്‍ശ കേരള സര്‍ക്കാറിന് മുമ്പില്‍ എത്തിയിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.

പ്രവാസി ഇന്‍ഷ്വറന്‍സ് ഉള്‍പ്പെടെ 300 രൂപയാണ് റജിസ്‌ട്രേഷന് വേണ്ടി നോര്‍ക്ക ഓരോ വ്യക്തിയില്‍ നിന്നും ഈടാക്കുന്നത്. എന്നാല്‍, ഒമാനില്‍ 300 രൂപക്ക് പകരം രണ്ട് മുതല്‍ നാല് റിയാല്‍ വരെ സംഘടനകള്‍ ഈടാക്കുന്നു. മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ഇതിനോട് തുല്യമായ തുകയാണ് സംഘടനകളില്‍ പലതും ഈടാക്കുന്നത്.

മുസ്‌ലിം ലീഗ് പ്രവാസി വിഭാഗമായ കെഎംസിസി, ജമാഅത്തെ ഇസ്‌ലാമി സംഘടനയായ വെല്‍ഫെയര്‍ ഫോറം തുടങ്ങിയ സംഘടനകളാണ് രജിസ്‌ട്രേഷന്‍ നടപടികളുമായി ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. എന്നാല്‍, അറ്റസ്‌റ്റേഷന്‍ ഏത് രൂപത്തില്‍ നടത്തുമെന്നത് സംബന്ധമായി കെഎംസിസി നേതൃത്വത്തിനും വ്യക്തതയില്ല.

ഇടതുപക്ഷ സംഘടനകള്‍ ഒന്നും തന്നെ ഇതുവരെ രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങളുമായി രംഗത്തെത്തിയിട്ടില്ല. വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയ ശേഷം മാത്രമെ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കുകയുള്ളൂവെന്ന് ഇടതുപക്ഷ സംഘടനകള്‍ അറിയിച്ചു. നേരത്തെ നോര്‍ക്ക രജിസ്‌ട്രേഷന്‍ നടത്തിയിരുന്നതായും ഇപ്പോള്‍ പ്രത്യേക നിര്‍ദേശങ്ങളൊന്നും ലഭിക്കാത്തതിനാല്‍ രജിസ്‌ട്രേഷന്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നില്ലെന്ന് ഒഐസിസിയും വ്യക്തമാക്കി.

പ്രവാസി ആനുകൂല്യങ്ങള്‍ക്ക് നോര്‍ക്ക ഐ ഡി ആവശ്യമില്ല
മസ്‌കത്ത്: പ്രവാസി മലയാളികള്‍ക്കായി നോര്‍ക നല്‍കുന്ന ഏതെങ്കിലും ആനുകൂല്യങ്ങള്‍ക്കോ സഹായങ്ങള്‍ക്കോ നോര്‍ക ഐ ഡി കാര്‍ഡ് ആവശ്യമില്ലെന്ന് ജനറല്‍ മാനേജര്‍ ഗോപകുമാരന്‍ നായര്‍ അറിയിച്ചു. ഈ രീതിയില്‍ പ്രചാരണം വിദേശത്തു നടക്കുന്നതായി നിരവധി പരാതികളും അന്വേഷണങ്ങളും ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇത് തീര്‍ത്തും തെറ്റാണ്. ഐ ഡി രജിസ്‌ട്രേഷന്‍ നടത്തിയാല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷയുണ്ടെന്നതു മാത്രമാണ് ആനുകൂല്യം. മറ്റെല്ലാം പ്രവാസി ക്ഷേമ പദ്ധതികള്‍ക്കും പ്രവാസിയാണെന്നു തെളിയിക്കുന്നതിനുള്ള പാസ്‌പോര്‍ട്ട്, വിസ രേഖകള്‍ ഹാജരാക്കിയാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.