Connect with us

National

നോട്ട് നിരോധനത്തിന്റെ ദുരിതം കേന്ദ്രമന്ത്രിയും അനുഭവിച്ചു; സഹോദരന്റെ മൃതദേഹം ആശുപത്രി അധികൃതര്‍ വിട്ടുനല്‍കിയില്ല

Published

|

Last Updated

മംഗളൂരു: ബില്ലടയ്ക്കാന്‍ മൂല്യമുള്ള നോട്ടില്ലാത്തതിന്റെ പേരില്‍ കേന്ദ്രമന്ത്രി സദാനന്ദഗൗഡയുടെ സഹോദരന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചു. കര്‍ണാടകയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം.

ഇന്നലെ രാവിലെയാണ് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുടെ സഹോദരന്‍ ഭാസ്‌കര്‍ ഗൗഡ മംഗളൂരുവിലെ കസ്തൂര്‍ബാ മണിപ്പാല്‍ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. മഞ്ഞപ്പിത്ത ബാധിതനായി 10 ദിവസമായി ചികിത്സയിലായിരുന്നു ഭാസ്‌കര്‍ ഗൗഡ. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദ്ദേഹം ഏറ്റുവാങ്ങുന്നതിനായി ആശുപത്രിയിലെത്തിയ സദാനന്ദ ഗൗഡ ബില്‍ സ്വീകരിച്ച് പണം ആശുപത്രി അധികൃതര്‍ക്ക്് നല്‍കി.

ബില്‍ തുകയായ 60,000 രൂപ കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയ 500, 1000 നോട്ടുകളായിട്ടാണ് നല്‍കിയത്. എന്നാല്‍, പിന്‍വലിച്ച നോട്ടുകള്‍ സ്വീകരിക്കില്ലെന്ന നിലപാടില്‍ ആശുപത്രി അധികൃതര്‍ ഉറച്ച് നിന്നു.

ഈ മാസം 24വരെ ആശുപത്രികളില്‍ പഴയനോട്ടുകള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേമുള്ളകാര്യം മന്ത്രി പറഞ്ഞെങ്കിലും അധികൃതര്‍ ചെവിക്കൊള്ളാന്‍ തയ്യാറായില്ല. തങ്ങള്‍ക്ക് അത്തരം സര്‍ക്കുലര്‍ ലഭിച്ചിട്ടില്ലെന്നും പിന്‍വലിച്ച നോട്ടുകള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മാത്രമാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്നും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അറിയിക്കുകയായിരുന്നു. അവസാനം ബില്‍തുക ചെക്കായി അടച്ചതിന് ശേഷം ഉച്ചക്ക് പന്ത്രണ്ടോടെ ആശുപത്രി സഹോദരന്റെ മൃതദ്ദേഹം സദാനന്ദ ഗൗഡക്ക് വിട്ടുനല്‍കി. സംഭവം നിര്‍ഭാഗ്യകരമാണെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും സദാനന്ദ ഗൗഡ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Latest