Connect with us

Idukki

ദേശീയ പാതയില്‍ രണ്ടര ലക്ഷത്തിന്റെ കളളനോട്ട് കണ്ടെത്തി

Published

|

Last Updated

ഇടുക്കി വളഞ്ഞാങ്ങാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കള്ളനോട്ട്

തൊടുപുഴ: കൊല്ലം- ഡിണ്ടിഗല്‍ ദേശീയ പാതയില്‍ വളഞ്ഞാങ്ങാനത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ട് കണ്ടെത്തി. 2,58,000 രൂപയുടെ ആയിരത്തിന്റെ നോട്ടുകളാണ് കണ്ടെത്തിയത്. വഴിയാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിെൈവ.എസ്.പി വി.എന്‍. സജിയുടെ നിര്‍ദേശാനുസരണം പീരുമേട് പോലീസ് സ്ഥലത്തെത്തി നോട്ടുകള്‍ പെറുക്കിയെടുക്കുകയായിരുന്നു. കണ്ടെടുത്ത നോട്ടുകള്‍ പീരുമേട് പോലീസ് ബാങ്കില്‍ എത്തിച്ച് പരിശോധിച്ചപ്പോഴാണ് കള്ളനോട്ടാണെന്ന് വ്യക്തമായത്.
സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് നിന്നാണ് നോട്ടുകള്‍ കണ്ടെത്തിയത്. നോട്ടുകള്‍ കണ്ടെത്തിയെന്ന വാര്‍ത്ത പരന്നതോടെ പ്രദേശത്തേക്ക് നിരവധിയാളുകളാണ് എത്തുന്നത്. പരിസരത്ത് ഇനിയും നോട്ടുകള്‍ കണ്ടെത്താനാവുമെന്ന പ്രതീക്ഷയില്‍ പോലീസ് തെരച്ചില്‍ ശക്തമാക്കി. അതേസമയം തിങ്കളാഴ്ച ഇന്നോവ കാറില്‍ അസാധുവാക്കിയ നോട്ടുകള്‍ കടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് വാഹന പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. പോലീസ് പരിശോധനാ വിവരം അറിഞ്ഞ് നോട്ടുകള്‍ ഉപേക്ഷിച്ചതാണോ എന്നും സംശയിക്കുന്നുണ്ട്. കണ്ടെടുത്ത നോട്ടുകള്‍ പീരുമേട് പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.പീരുമേട് പോലീസ് അന്വേഷണം ആരംഭിച്ചു.