സഹോദരീ ഭര്‍ത്താവിന് പങ്ക്; വെളിപ്പെടുത്തലുമായി ഫൈസലിന്റെ മാതാവ്

Posted on: November 23, 2016 10:43 am | Last updated: November 23, 2016 at 10:43 am
ഫൈസല്‍ കൊടിഞ്ഞി
ഫൈസല്‍ കൊടിഞ്ഞി

തിരൂരങ്ങാടി: കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റെ വധത്തിന് പിന്നിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി ഫൈസലിന്റെ മാതാവ്. കഴിഞ്ഞ ദിവസം ഒരു ടിവി ചാനലിലൂടെയാണ് ഫൈസലിന്റെ മാതാവ് മീനാക്ഷി വിവരങ്ങള്‍ പുറത്തുവിട്ടത്. സ്വന്തമായാണ് അവന്‍ ഇസ്‌ലാം മതം സ്വീകരിച്ചത്. തന്റെയും ഫൈസലിന്റെ പിതാവിന്റെയും പൂര്‍ണ അറിവോടെയും സമ്മതത്തോടെയുമായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഫൈസലിന്റെ കൊലപാതകത്തിന് ഫൈസലിന്റെ സഹോദരി ഭര്‍ത്താവിന് പങ്കുള്ളതായി മീനാക്ഷി പറയുന്നു. ഇസ്‌ലാംമതം സ്വീകരിച്ചതിനെ തുടര്‍ന്ന് ഫൈസലിന്റെ കഴുത്തറുക്കുമെന്ന് മരുമകന്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് നേരിട്ട് പലതവണ തന്നോടും ഫൈസലിന്റെ അച്ഛനായ കൃഷ്ണന്‍കുട്ടി നായരോടും ഫൈസലിന്റെ സഹോദരിയോടും പറഞ്ഞിരുന്നുവെന്നും മീനാക്ഷി വെളിപ്പെടുത്തുന്നു. വധിക്കുമെന്നുള്ള വിവരം ഫൈസലിനും ലഭിച്ചിരുന്നു. എന്നായാലും ഒരിക്കല്‍ മരിക്കേണ്ടി വരുമെന്നും ഞാന്‍ മരിച്ചാല്‍ മക്കളെ ഒരിക്കലും വിട്ടുകൊടുക്കരുതെന്നും ഇസ്‌ലാംമത ചിട്ടയില്‍തന്നെ വളര്‍ത്തണമെന്നും മകന്‍ തന്നോട് പറഞ്ഞിരുന്നു.
ഏതാനും ദിവസം മുമ്പ് ഫൈസലിന്റെ രണ്ട് സഹോദരിമാര്‍ പുലര്‍ച്ചെ ബൈക്കില്‍ പോകുമ്പോള്‍ ഒരു ജീപ്പ് ഇവരെ പിന്തുടര്‍ന്നിരുന്നു. ഫൈസലാണെന്ന് ധരിച്ച് വകവരുത്താനാണ് അതെന്നും ഫൈസല്‍ ഇല്ലെന്നറിഞ്ഞപ്പോള്‍ പിന്‍മാറുകയുമായിരുന്നുവെന്നും ഇപ്പോഴാണ് മനസ്സിലായത്. അവന്‍ ഗള്‍ഫില്‍ നിന്ന് വരുമ്പോള്‍ ഭീഷണി ഭയന്ന് തിരൂരങ്ങാടിയില്‍ വെച്ച് മക്കളെയും കൂട്ടി പൊന്നാനിയിലേക്ക് പോകുകയാണ് ചെയ്തത്. കൊടിഞ്ഞിയിലെ ഒരു ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയും ഫൈസലിനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നുവെന്നും മാതാവ് ടി വി ചാനലിലൂടെ വ്യക്തമാക്കി.