Connect with us

National

ഉപതിരഞ്ഞെടുപ്പ്: ഭരണകക്ഷികള്‍ നേട്ടമുണ്ടാക്കി; ബിജെപിക്ക് വോട്ടുചോര്‍ച്ച

Published

|

Last Updated

ന്യൂഡല്‍ഹി: ഏഴ് സംസ്ഥാനങ്ങളിലായി രണ്ട് ലോക്‌സഭാ സീറ്റുകളിലേക്കും എട്ട് നിയമസഭാ സീറ്റുകളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ അതതിടങ്ങളിലെ ഭരണകക്ഷികള്‍ കരുത്തുകാട്ടി. അസം, മധ്യപ്രദേശ്, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ ബി ജെ പിയും ത്രിപുരയില്‍ സി പി എമ്മും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനുമാണ് നേട്ടം. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ മണ്ഡലത്തില്‍ എ ഐ എ ഡി എം കെ സ്ഥാനാര്‍ഥി വിജയിച്ചു. പുതുച്ചേരിയിലെ നെല്ലിത്തോപ്പ് മണ്ഡലത്തില്‍ മുഖ്യമന്ത്രി വി നാരായണ സ്വാമി ജയിച്ചു. വിജയത്തോടെ നാരായണസ്വാമിക്ക് മുഖ്യമന്ത്രി പദത്തില്‍ തുടരാം.

ത്രിപുരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റുകളും സിപി എം നിലനിര്‍ത്തി. കോണ്‍ഗ്രസിനെ പിന്നിലാക്കി ബി ജെ പി ഇവിടെ രണ്ടാം സ്ഥാനത്തെത്തി. മധ്യപ്രദേശിലെ നെപാനഗര്‍, ഷാദോള്‍ മണ്ഡലങ്ങളില്‍ ബി ജെ പി സ്ഥാനാര്‍ഥികള്‍ക്കാണ് ജയം. ബംഗാളിലെ തംലുക്, കുച് ബിഹാര്‍ ലോക്സഭാ സീറ്റുകകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ് വിജയം നേടിയത്. അസമിലെ ലക്ഷിംപുരില്‍ ബി ജെ പിയുടെ പ്രധാന്‍ ബറുവ വിജയിച്ചു. അരുണാചല്‍പ്രദേശില്‍ അന്‍ജോ മണ്ഡലത്തിലും ബി ജെ പിക്കാണ് ജയം.

അസമിലും മധ്യപ്രദേശിലും ബിജെപിക്ക് വോട്ടുകള്‍ കുറഞ്ഞിട്ടുണ്ട്. മധ്യപ്രദേശിലെ ഷാഹ്ദലില്‍ ബിജെപി വിജയിച്ചുവെങ്കിലും വോട്ടുകളില്‍ വന്‍ചോര്‍ച്ചയുണ്ടായി. 2014ലെ തിരഞ്ഞെടുപ്പില്‍ 5.25 ലക്ഷം വോട്ടുകള്‍ നേടിയ ബിജെപിക്ക് ഇത്തവണ 4.81 ലക്ഷം വോട്ടുകളേ നേടാനായുള്ളൂ.

---- facebook comment plugin here -----

Latest