Connect with us

Gulf

കരിപ്പൂരിനെ രക്ഷിക്കുക; ഡല്‍ഹി മാര്‍ച്ചിന് ദുബൈയില്‍ നിന്ന് നൂറോളം പേര്‍

Published

|

Last Updated

ദുബൈ: കരിപ്പൂരിനെ രക്ഷിക്കുക എന്ന മുദ്രവാക്യമുയര്‍ത്തി അടുത്ത മാസം അഞ്ചിന് ഡല്‍ഹിയില്‍ നടക്കുന്ന മാര്‍ച്ച് വിജയിപ്പിക്കാന്‍ ദുബൈയില്‍ നിന്ന് ചാര്‍ട്ടര്‍ വിമാനം ഏര്‍പെടുത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലബാര്‍ ഡെവലപ്‌മെന്റ് ഫോറമാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ദുബൈയില്‍ നിന്ന് നൂറോളം പേര്‍ പങ്കെടുക്കും.

റണ്‍വെ വികസനമെന്ന പേരില്‍ അനിശ്ചിത കാലത്തേക്ക്, ഭാഗികമായി അടച്ചിട്ട കോഴിക്കോട് വിമാനത്താവളത്തോടുള്ള അധികാരികളുടെ അവഗണനയിലും, നിരുത്തരവാദ സമീപനത്തിലും മലബാറിലെ പ്രവാസി സമൂഹം മൊത്തം ആശങ്കാകുലരാണ്. മലബാറിന്റെ വിശേഷിച്ചു കോഴിക്കോടിന്റെ വികസന സ്വപ്‌നങ്ങളുടെ നെടുംതൂണായ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചിറകരിയാനുള്ള നീക്കം ഏതു രീതിയിലും തടയപ്പെടണം.

വിമാനത്താവള വിപുലീകരണ പ്രവൃത്തികളിലെ അനിശ്ചിതത്വം പ്രവാസി മലയാളികളെ വിശേഷിച്ചു മലബാര്‍ ഭാഗത്ത് നിന്നുള്ള പ്രവാസി യാത്രക്കാരെ ഏറെ വിഷമവൃത്തത്തിലായിരിക്കുകയാണ്. മലബാറില്‍ നിന്നുള്ളവര്‍ ഏറെ ആശ്രയിച്ചു വരുന്ന വിമാനത്താവളം എന്ന നിലയില്‍ ഗള്‍ഫ് മേഖലയില്‍ മലബാര്‍ ഭാഗത്ത് നിന്നുള്ളവര്‍ നാട്ടില്‍ നിന്നും ഗള്‍ഫിലേക്കും തിരിച്ചും വിമാനങ്ങളുടെ കുറവും സമയ മാറ്റങ്ങളും മൂലം ഏറെ ദുരിതത്തിലായിരിക്കുകയാണ്. സുരക്ഷയുടെ പേരില്‍ ഭാഗികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ച് ഇവിടെ റണ്‍വെ നവീകരണം ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. എന്നിട്ടും നിര്‍ത്തലാക്കിയ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഒരു നടപടികളും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

എയര്‍പോര്‍ട് റണ്‍വേ അറ്റകുറ്റപ്പണിക്കും റീ കാര്‍പെറ്റിങ്ങിനും വേണ്ടിയാണ് 2015 മെയ് ഒന്നു മുതല്‍ വിമാനത്താവളം ഭാഗികമായി അടച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇവിടെ സര്‍വീസ് നടത്തിയിരുന്ന എമിറേറ്റ്‌സ്, ഇത്തിഹാദ്, സഊദി എയര്‍ലൈന്‍സ് തുടങ്ങിയ വന്‍ വിമാനങ്ങളുടെ സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയും ചെയ്തു. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ അറേബ്യ , ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ ചെറു വിമാനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെ സര്‍വീസ് നടത്തുന്നുള്ളൂ. യാത്രക്കാരുടെ സുരക്ഷ പറഞ്ഞു മുന്നറിയിപ്പോടെ അടച്ചിട്ടിരിക്കുന്ന റണ്‍വെയില്‍ ഭാഗ്യവശാല്‍ നവീകരണ പ്രവൃത്തികളും റീ കാര്‍പെറ്റിംഗ് ജോലികളും ഏറെക്കുറെ പൂര്‍ത്തിയായിട്ടും വിമാനത്താവളത്തില്‍ സുഗമമായ പ്രവൃത്തികള്‍ പുനരാരംഭിക്കപ്പെട്ടിട്ടില്ല എന്നതാണ് ആശ്ചര്യകരം. അന്താരാഷ്ട്ര സര്‍വീസുകളുടെ കാര്യത്തില്‍ തീരുമാനം അനിശ്ചിതമായി നീളുകയാണ്.

സ്‌കൂള്‍ അവധിയും, ഈദ്, ഓണം, ആഘോഷങ്ങളുടെയും സമയത്തുപോലും കുടുംബ സമേതവും, അല്ലാതെയും നാട്ടിലേക്കും തിരിച്ചും അവധി ദിവസങ്ങള്‍ ചെലവഴിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന പ്രവാസികള്‍ക്ക് മിക്ക സര്‍വീസുകളും നിര്‍ത്തലാക്കിയത് മൂലം മറ്റു വിമാനത്താവളങ്ങള്‍ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. ഇതിനു പുറമേ പീക്ക് സീസണിലെ അനിയന്ത്രിതമായ ടിക്കറ്റ് നിരക്ക് വര്‍ധനയും അവര്‍ക്ക് ആഘാതമുണ്ടാക്കുന്നു.
വന്‍ വിമാനങ്ങള്‍ നിര്‍ത്തലാക്കിയതുമൂലം പ്രവാസ ലോകത്ത് ചരമമടയുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ പോലും ദൂരെയുള്ള മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടിവരുന്നു എന്നതാണ് ദുഃഖ സത്യം.

ഹജ്ജ് ഹൗസ് സ്ഥിതി ചെയ്യുന്ന കോഴിക്കോട്, വന്‍ വിമാനങ്ങളുടെ വരവ് നിലച്ചതോടെ ഹജ്ജ് ക്യാമ്പ് തന്നെ കൊച്ചിയിലേക്ക് മാറ്റേണ്ട സ്ഥിതിയുണ്ടായി. കൂടാതെ, വിമാന മാര്‍ഗം വിദേശ രാഷ്ട്രങ്ങളിലേക്കുള്ള ചരക്കു ഗതാഗതവും അവതാളത്തിലായിരിക്കുകയാണ്.
ഇത് മലബാര്‍ മേഖലയില്‍ തന്നെ വന്‍ കച്ചവട മാന്ദ്യവും വരുത്തിയിട്ടുണ്ട്. കേരളത്തിലെ മറ്റു പ്രധാന വിമാനത്താവളങ്ങള്‍ സ്വകാര്യ മേഖലകളിലാണെന്നിരിക്കെ കരിപ്പൂരിന്റെ വികസന കാര്യത്തില്‍ സര്‍ക്കാറുകളുടെയും പ്രതിപക്ഷത്തിന്റെയും ബന്ധപ്പെട്ട ജനപ്രധിനിതികളുടെയും മൗനം സംശയാസ്പദമാണ്.

1988ല്‍ ആഭ്യന്തര സര്‍വീസോടെ സ്ഥാപിതമായ കോഴിക്കോട് വിമാനത്താവളത്തിന് 2006 ലാണ് അന്താരാഷ്ട്ര പദവി ലഭ്യമാകുന്നത്. തുടര്‍ന്ന് ഗള്‍ഫ് മലയാളികള്‍ ഏറെയുള്ള മേഖല എന്ന നിലയില്‍ യാത്രക്കാരുടെ എണ്ണത്തിലും തിരക്കിലും ഇന്ത്യയിലെ തന്നെ മുന്‍നിര വിമാനതാവളങ്ങളിലൊന്നായി അതിവേഗം വളരുകയായിരുന്നു. മാത്രവുമല്ല ലോകപ്രശസ്തമായ കോട്ടക്കല്‍ ആര്യവൈദ്യ ശാലയും ഒട്ടനവധി ചരിത്ര പ്രദേശങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും സ്ഥിതിചെയ്യുന്നതിനാല്‍ വിദേശ ടൂറിസ്റ്റുകളെ പോലും കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് ആകര്‍ഷിക്കുകയായിരുന്നു. റണ്‍വേ വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍ വിദൂര സ്വപ്‌നമാണെന്നിരിക്കെ ഗള്‍ഫ് മേഖലയില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള അവരുടെ ഏക ആശ്രയമായ മലബാറിന്റെ വികസന കവാടമായ കോഴിക്കോട് വിമാനത്താവളം സംരക്ഷിക്കപ്പെടേണ്ടതും അന്താരാഷ്ട്ര യാത്ര സുഗമമാക്കുവാനുള്ള പുനഃക്രമീകരണങ്ങള്‍ നടത്തേണ്ടതും അത്യന്താപേക്ഷിതമാണ്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുക, ഹജ്ജ് ക്യാമ്പ് പുനഃസ്ഥാപിക്കുക, കൂടുതല്‍ അന്താരാഷ്ട്ര ബജറ്റ് സര്‍വീസുകള്‍ ആരംഭിക്കുക, സീസണിലെ അമിതമായ യാത്രാകൂലി നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വിവിധ പ്രവാസി സംഘടനകളുടെ സഹകരണത്തോടെ മലബാര്‍ ഡവലപ്‌മെന്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ അഞ്ചിനാണ് ഡല്‍ഹി മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
ഡല്‍ഹി ജന്തര്‍മന്ദറില്‍ നടക്കുന്ന മാര്‍ച്ച് വിജയിപ്പിക്കാന്‍ മലബാറിലെ മുഴുവന്‍ പ്രവാസികളും സഹകരിക്കണമെന്നും മലബാര്‍ പ്രവാസികൂട്ടായ്മ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ ഡോ. ആസാദ് മൂപ്പന്‍, അബ്ദുല്ല കാവുങ്ങല്‍ (ഡല്‍ഹി), അഷ്‌റഫ് താമരശ്ശേരി, എ കെ ഫൈസല്‍ മലബാര്‍, മോഹന്‍ എസ് വെങ്കിട്ട, രാജന്‍ കൊളാവിപ്പാലം, അഡ്വ. മുഹമ്മദ് സാജിദ്, കരീം വെങ്കിടങ്ങ്, മോറിസ് എന്‍ മേനോന്‍, ജമീല്‍ ലത്വീഫ്, ബശീര്‍ ബ്ലൂ മാര്‍ട്ട്, റിയാസ് ഹൈദര്‍, ഇ കെ ദിനേശന്‍, ഹാരിസ് കോസ്‌മോസ് പങ്കെടുത്തു. മാര്‍ച്ചില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 050-7062149 (റിയാസ് ഹൈദര്‍) നമ്പറില്‍ ബന്ധപ്പെടണം.