രണ്ട് വട്ടം എക്‌സൈസിനെ വെട്ടിച്ചു കടന്ന മദ്യവില്‍പ്പനക്കാരന്‍ പിടിയില്‍

Posted on: November 20, 2016 12:05 am | Last updated: November 19, 2016 at 11:46 pm

തൊടുപുഴ: പിടിയിലായ ഉടന്‍ രണ്ടു വട്ടം എക്‌സൈസ് ഉദ്യോഗസ്ഥരെ വെട്ടിച്ചു കടന്ന വ്യാജമദ്യ വില്‍പ്പനക്കാരന്‍ വീണ്ടും പിടിയിലായി. കുളമാവ് ചെറുകരപ്പറമ്പില്‍ ബെല്ലാരി രാജന്‍ എന്നറിയപ്പെടുന്ന രാജന്‍ ദാനിയേല്‍ (33) ആണ് കുയിലിമല എക്സൈസ് റെയ്ഞ്ച് ഓഫീസില്‍ നിന്നും ചാടിപ്പോകുകയും പിന്നീട് വൈകിട്ടോടെ പിടിയിലാകുകയും ചെയ്തത്.

വെള്ളിയാഴ്ച വൈകീട്ട് 7.30 ഓടെയാണ് ഇയാളെ എക്സൈസ് പിടികൂടിയത്. കുളമാവ് ടൗണില്‍ കുരിശുപള്ളിക്ക് സമീപം റോഡില്‍ വെച്ച് മദ്യം വില്‍ക്കുന്നതിനിടെ ഇടുക്കി എക്സൈസ് സംഘം പിടികൂടുകയായിരുന്നു.

രാത്രിയില്‍ ഇടുക്കി എക്സൈസ് ഓഫീസില്‍ എത്തിച്ച് കസ്റ്റഡിയില്‍ സൂക്ഷിച്ച പ്രതി ഇന്നലെ രാവിലെ ഏഴ് മണിയോടെ ടോയ്‌ലറ്റില്‍ പോകണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കൊണ്ടുപോകും വഴി ഉദ്യോഗസ്ഥരെ വെട്ടിച്ച് വനത്തിലേക്ക് കടന്നുകളഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെ രാവിലെ 11.30 ഓടെ മീന്‍മുട്ടിക്ക് സമീപം കെ എസ് ആര്‍ ടി സി ബസില്‍ നിന്നും ഇയാളെ വീണ്ടും കണ്ടെത്തിയെങ്കിലും ബസിന്റെ ഷട്ടര്‍ വിടവിലൂടെ ചാടി വനത്തിലേക്ക് രക്ഷപെട്ടു. വനത്തില്‍ വ്യാപക തിരച്ചില്‍ നടത്തിയ എക്‌സൈസ് സംഘം രാത്രി ഏഴരയോടെ ഇയാളെ വീണ്ടും പിടികൂടി. ഇയാള്‍ നിരവധി മദ്യകേസുകളില്‍ പ്രതിയാണ്.