കോടതിയുടെ പ്രഹരം; പ്രതിപക്ഷത്തിന്റെ പക്വത

മതിയായ ബദല്‍ സൗകര്യങ്ങളേര്‍പ്പെടുത്താതെ പൗരന്റെ ജീവിത മാര്‍ഗങ്ങളെ നിശ്ചലമാക്കിയ നടപടി വ്യക്തിസ്വാതന്ത്ര്യത്തിനെതിരായ കടന്ന് കയറ്റമല്ലാതെ മറ്റെന്താണ്? ക്യാബിനറ്റിന്റെ അധിപന് അത്ര വിപുലമായ അധികാരം ഭരണഘടന നല്‍കുന്നുണ്ടോയെന്ന് സമഗ്രമായ പരിശോധനക്ക് വിധേയമാക്കേണ്ടതാണ്. മനുഷ്യര്‍ക്ക് ക്രയശേഷിയില്ലെങ്കില്‍ എന്ത് സാമ്പത്തിക പ്രവര്‍ത്തനമാണ് നടക്കുക. രക്തയോട്ടം നിര്‍ത്തി വെച്ചാല്‍ പിന്നെ എങ്ങനെ എഴുന്നേറ്റ് നടക്കും? ഈ മാന്ദ്യം ബഹുസഹസ്ര കോടികളുടെ നഷ്ടമാണ് സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടാക്കുക. ഇത് കണക്കാക്കേണ്ടേ? ഈ കണക്കുകളെയാകെ വെച്ച് വേണം ഭ്രാന്തന്‍ നയത്തിന്റെ ബാലന്‍സ് ഷീറ്റ് തയ്യാറാക്കാന്‍. അപ്പോള്‍ തെളിയുന്ന നഷ്ടം ആരില്‍ നിന്ന് ഈടാക്കും?
Posted on: November 20, 2016 6:00 am | Last updated: November 19, 2016 at 11:32 pm

moneyഒന്നിനും ഒരു വ്യവസ്ഥയുമില്ല. ഒന്നും പറഞ്ഞ പോലെ നടക്കുന്നില്ല. പ്രധാനമന്ത്രി ജനങ്ങളില്‍ നിന്ന് ഇരന്ന് വാങ്ങിയ ദിനങ്ങള്‍ തീര്‍ന്നു കൊണ്ടിരിക്കെ കൂടുതല്‍ വൈരുധ്യങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥക്ക് മേല്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ജീവന്‍ രക്ഷാ മരുന്നുകളും അനസ്‌തേഷ്യയുമില്ലാത്ത ക്ലിനിക്കല്‍ സര്‍ജറിയായി മാറിയിരിക്കുന്നു. ഭാഗ്യമുണ്ടെങ്കില്‍ രക്ഷപ്പെടുമെന്നതാണ് സ്ഥിതി. കര്‍ഷകര്‍ക്ക് വിത്ത് വാങ്ങാന്‍ പഴയ നോട്ടുകള്‍ ഉപയോഗിക്കാമെന്ന് കൃഷി മന്ത്രാലയം. പറ്റില്ലെന്ന് ധനമന്ത്രാലയം. നോട്ട് മാറാനെത്തുന്നവരുടെ വിരലില്‍ മഷി പുരട്ടണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി. പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. നൂറ് ശതമാനം ഫലപ്രാപ്തിക്ക് വേണ്ടിയാണ് നോട്ട് അസാധുവാക്കല്‍ നടപടി അതീവ രഹസ്യമായി നടപ്പാക്കിയതെന്ന് പ്രധാനമന്ത്രി. ഒന്നും രഹസ്യമായിരുന്നില്ല, അദാനിയെയും അംബാനിയെയുമൊക്കെ കൃത്യമായി അറിയിച്ചിരുന്നുവെന്ന് രാജസ്ഥാനിലെ ബി ജെ പി. എം എല്‍ എ ഭവാനി സിംഗ്. ഗുജറാത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്ന് പിടിച്ച കൈക്കൂലി പണം നാല് ലക്ഷം രൂപ. മുഴുവന്‍ പുതിയ 2000ത്തിന്റെ നോട്ടുകള്‍. ഒരാഴ്ച സമയം കൊണ്ട്, സര്‍ക്കാര്‍ പറയുന്ന നിബന്ധന പാലിച്ച് പണം പിന്‍വലിച്ചാല്‍ എങ്ങനെയാണ് ഇത്രയും പുതിയ നോട്ടുകള്‍ കിട്ടുന്നത്?

നടന്നത് സര്‍ജിക്കല്‍ സ്‌ട്രൈക്കെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിക്കുന്നു. സംഭവിച്ചത് കാര്‍പറ്റ് ബോംബിംഗല്ലേയെന്നാണ് മറു ചോദ്യം. ലക്ഷ്യത്തിലേക്ക് കിറു കൃത്യം നടത്തുന്ന മിന്നലാക്രമണമാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക്. ഒരു മേഖലയാകെ തകര്‍ക്കാനായി വിവേചനരഹിതമായി നടത്തുന്ന ഡ്രോണ്‍ ബോംബാക്രമണമാണ് കാര്‍പെറ്റ് ബോംബിംഗ്. സര്‍വനാശമാണ് ഫലം. ഉന്നം വെച്ചത് കള്ളപ്പണക്കാരെയും കള്ളനോട്ടടിക്കാരെയും. മരിച്ചു വീഴുന്നത് ആം ആദ്മികള്‍. ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലായിരുന്നു പ്രധാനമന്ത്രി. ഇപ്പോള്‍ പാര്‍ലിമെന്റില്‍ നേരാംവണ്ണം ചര്‍ച്ച ചെയ്യാന്‍ പോലുമുള്ള സന്നദ്ധത അദ്ദേഹത്തിനും സംഘത്തിനുമില്ല. ഓരോ ദിവസവും നിഷ്‌കര്‍ഷകള്‍ മാറ്റിപ്പറയുന്നു. ദിവസങ്ങള്‍ പോകെ ദുരിതം കുറയ്ക്കുകയല്ല, പുതിയ സങ്കീര്‍ണതകള്‍ സൃഷ്ടിക്കപ്പെടുകയാണ്. അപദാനം ചൊരിഞ്ഞവരൊക്കെ മെല്ലെ ഉള്‍വലിയുന്നു. നോട്ട് അസാധുവാക്കിയ നടപടി പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്ന് ധനമന്ത്രിക്ക് ആവര്‍ത്തിക്കേണ്ടി വരുന്നു. വിഷയം വൈകാരികമായി തിരിച്ചു വിടാന്‍ പ്രധാനമന്ത്രിക്ക് ഗദ്ഗദകണ്ഠനാകേണ്ടി വരുന്നു. രാജ്യത്താകെ പ്രത്യക്ഷ സമരത്തിന്റെ വേലിയേറ്റം സംഭവിക്കാന്‍ പോകുകയാണ്. തെരുവില്‍ കലാപമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പരമോന്നത കോടതി തന്നെ മുന്നറിയിപ്പ് നല്‍കുന്നു. അത്രമേല്‍ അരാജകമായ സാമ്പത്തിക സാഹചര്യത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്.
എക്‌സിക്യൂട്ടീവിന്റെ തീരുമാനങ്ങള്‍ പൗരന്റെ അവകാശങ്ങള്‍ക്ക് മേല്‍ കടന്നു കയറുമ്പോള്‍ നീതിന്യായ വിഭാഗത്തിന്റെ ഇടപെടല്‍ അനിവാര്യമാണെന്ന് ഭരണഘടന നിഷ്‌കര്‍ഷിക്കുന്നുണ്ട്. കൃത്യമായ മുന്‍ കരുതലുകള്‍ ഇല്ലാതെ 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയ നടപടിക്കെതിരെ സുപ്രീം കോടതികളിലും ഹൈക്കോടതികളിലും ഒരു കൂട്ടം ഹരജികള്‍ എത്തിയത് ഈ ഇടപെടല്‍ ആവശ്യപ്പെട്ടു കൊണ്ടാണ്. ഹരജികളില്‍ പരമോന്നത കോടതി രണ്ട് ദിവസം വാദം കേട്ട് കഴിഞ്ഞു. ജനങ്ങളുടെ ആധിയും ദുരിതവും അകറ്റാന്‍ ഉടന്‍ നടപടി വേണമെന്ന് ഹരജി പരിഗണിച്ച ആദ്യ ദിവസം തന്നെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിഷ്‌കര്‍ഷിച്ചു. കള്ളപ്പണക്കാര്‍ക്കെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്കായിക്കോളൂ, ജനത്തെ വെറുതെ വിടൂ എന്ന് കോടതി വ്യക്തമായ ഭാഷയില്‍ ഉത്തരവിട്ടു. സര്‍ക്കാര്‍ വക്കീല്‍ മുകുള്‍ റോഹ്തഗി എല്ലാം തലയാട്ടി സമ്മതിച്ചുവെന്നല്ലാതെ ഒന്നും നടന്നില്ല. അതുവരെയുണ്ടായിരുന്ന ഇളവുകള്‍ കൂടി കവര്‍ന്നെടുത്ത് പ്രശ്‌നം സങ്കീര്‍ണമാക്കുകയും സാധാരണക്കാരായ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ഇതുവഴി കോടതിയെ അവഹേളിക്കുകയായിരുന്നു. അത്‌കൊണ്ടാണ്, ഇങ്ങനെ പോയാല്‍ നാട്ടില്‍ കലാപമുണ്ടാകുമെന്ന് വെള്ളിയാഴ്ച ഹരജി രണ്ടാമത് പരിഗണിച്ചപ്പോള്‍ കോടതിക്ക് പറയേണ്ടി വന്നത്. മാത്രമല്ല, ഈ വിഷയത്തില്‍ ഹൈക്കോടതികളില്‍ നിലനില്‍ക്കുന്ന ഹരജികള്‍ റദ്ദാക്കണമെന്ന സര്‍ക്കാറിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ച് തള്ളുകയും ചെയ്തു. ഹരജികളില്‍ കഴമ്പുണ്ടെന്ന് തന്നെയാണ് ഇത് കാണിക്കുന്നത്. ഹൈക്കോടതിയില്‍ ശക്തമായ അടി കിട്ടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഭയക്കുന്നുണ്ട്. അത്‌കൊണ്ടാണ് അവര്‍ സ്റ്റേ തേടിയിറങ്ങിയിരിക്കുന്നത്. വൈകിയവേളയില്‍ പ്രതിസന്ധി പഠിക്കാന്‍ പ്രത്യേക സമിതി രൂപവത്കരിക്കുന്നതിന്റെയും കാരണം മറ്റൊന്നല്ല. തങ്ങള്‍ക്ക് അനുകൂലമാണെങ്കില്‍ കോടതിയില്‍ നിന്ന് വരുന്ന ഒരു വരി പരാമര്‍ശം പോലും പൊക്കിപ്പിടിച്ച് നടക്കുന്ന ഭരണ കക്ഷി ഈ പ്രഹരങ്ങളെയൊന്നും കാര്യമാക്കുന്നില്ലെന്ന് പുറത്ത് പറയുന്നുവെന്ന് മാത്രം. ശരിയാണ്, തീരുമാനത്തില്‍ തത്കാലം ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ട്. അത് അധികാര സന്തുലനത്തിന്റെ തത്വം ഉയര്‍ത്തിപ്പിടിക്കുന്നതിന്റ ഭാഗം മാത്രമാണ്.

ഭരണഘടനയുടെ 21ാം വകുപ്പ് ‘നിയമസ്ഥാപിത നടപടി മുഖേനയല്ലാതെ ഏതൊരാളുടെയും ജീവനോ വ്യക്തി സ്വാതന്ത്ര്യമോ അപഹരിച്ചു കൂടാത്തതാണെന്ന്’ അനുശാസിക്കുന്നു. ഈ വകുപ്പ് സംബന്ധിച്ച കേസില്‍ ജസ്റ്റിസ് മുഖര്‍ജി നടത്തിയ വിധിന്യായത്തില്‍ ഇങ്ങനെ പറയുന്നു: ‘മൗലികാവകാശങ്ങള്‍ നിയമനിര്‍മാണ സഭയുടെ മേല്‍ മാത്രമല്ല പരിമിതികള്‍ ചുമത്തുന്നത്. എക്‌സിക്യൂട്ടീവിന്റെ അധികാര വിനിയോഗത്തിലും അവ നിയന്ത്രണങ്ങള്‍ ചെലുത്തുന്നുണ്ട്. ഒരാളുടെ വ്യക്തിപരമായ സ്വാതന്ത്ര്യം നിഷേധിക്കുന്ന കാര്യത്തില്‍ നിയമാനുസൃതമല്ലാത്ത ഏതെങ്കിലും നടപടി സ്വീകരിക്കുന്നതില്‍ നിന്ന് എക്‌സിക്യൂട്ടീവിനെ വിലക്കുന്ന തരത്തില്‍ അതിന്റെ അതിരു കവിഞ്ഞ പ്രവൃത്തികള്‍ക്ക് കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍ തീര്‍ച്ചയായും മൗലികാവകാശങ്ങള്‍ക്ക് തുല്യം തന്നെ’ ഈ വിധിന്യായം എക്‌സിക്യൂട്ടീവ് അധികാരത്തിന് മേല്‍ നീതിന്യായ വിഭാഗത്തിന്റെ തിരുത്തല്‍ അനിവാര്യമാണെന്ന് പ്രഖ്യാപിക്കുന്നുണ്ട്. മതിയായ ബദല്‍ സൗകര്യങ്ങളേര്‍പ്പെടുത്താതെ പൗരന്റെ ജീവിത മാര്‍ഗങ്ങളെ നിശ്ചലമാക്കിയ നടപടി വ്യക്തിസ്വാതന്ത്ര്യത്തിനെതിരായ കടന്ന് കയറ്റമല്ലാതെ മറ്റെന്താണ്? കറന്‍സികളില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ള ഐ പ്രോമിസ്…. എന്ന് തുടങ്ങുന്ന വാഗ്ദാനത്തിന്റെ ലംഘനം കൂടിയാണ് ഇത്. സ്വത്ത് സമ്പാദിക്കാനുള്ള സ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം തുടങ്ങിയ മൗലികാവകാശങ്ങളെയെല്ലാം ഈ നടപടി മരവിപ്പിച്ച് നിര്‍ത്തുന്നു. അത്‌കൊണ്ടാണ് ഇത് അടിയന്തരാവസ്ഥയാണെന്ന് വിദഗ്ധര്‍ ഒന്നടങ്കം പറയുന്നത്.

ഈ തീരുമാനത്തിന്റെ പ്രത്യാഘാതങ്ങളെ പലരും വിലയിരുത്തുന്നത് സ്വന്തം അനുഭവങ്ങളെ മുന്‍ നിര്‍ത്തിയോ സമൂഹത്തിലെ ഉന്നത ശ്രേണിയെ ആസ്പദമാക്കിയോ ആണ്. രാജ്യത്തെ ഗ്രാമീണരില്‍ മഹാഭൂരിപക്ഷവും ബേങ്കിംഗ് മേഖലയിലെ സൗകര്യങ്ങള്‍ പരിചയിച്ചിട്ടില്ലാത്തവരാണ്. അവരുടെ കൈയില്‍ ഡബിറ്റ് കാര്‍ഡോ മതിയായ തിരിച്ചറിയല്‍ രേഖ പോലുമോ ഇല്ല. പലരും ബേങ്കില്‍ ഒരിക്കല്‍ പോലും പോയിട്ടില്ല. കര്‍ഷത്തൊഴിലാളികളോ കൂലിപ്പണിക്കാരോ ചെറുകിട കര്‍ഷകരോ ആയ ഇവര്‍ പണം പണമായി സൂക്ഷിക്കുന്നവരാണ്. അണ്‍ അക്കൗണ്ടഡ് മണിയെന്ന നിലയില്‍ ഇതും കള്ളപ്പണമാണല്ലോ. ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ക്കിടയില്‍ ഇവര്‍ എങ്ങനെ അവരുടെ ചോര നീരാക്കിയ പണം മാറ്റിയെടുക്കും? കൈയില്‍ പണമുണ്ടായിട്ടും ദരിദ്രരും യാചകരുമായി മാറാന്‍ വിധിക്കപ്പെട്ട ഈ മനുഷ്യര്‍ക്ക് എന്ത് മൗലികാവകശമാണ്, എന്ത് പൗര സ്വാതന്ത്ര്യമാണ് ഭരണകൂടം വകവെച്ച് കൊടുക്കുന്നത്?
ഈ തീരുമാനത്തിന് കേന്ദ്ര ക്യാബിനറ്റിന്റെ പോലും അനുമതിയില്ലായിരുന്നുവെന്നാണ് രഹസ്യാത്മകതയെക്കുറിച്ച് ബി ജെ പി നേതൃത്വം പ്രചരിപ്പിക്കുന്ന കഥകള്‍ വിശ്വാസത്തിലെടുത്താല്‍ വ്യക്തമാകുക. എല്ലാം പ്രധാനമന്ത്രിയില്‍ നിക്ഷിപ്തമായിരുന്നു. കീഴ്‌വഴക്കങ്ങള്‍ ഒന്നും പാലിച്ചില്ല. ക്യാബിനറ്റിന്റെ അധിപന് അത്ര വിപുലമായ അധികാരം ഭരണഘടന നല്‍കുന്നുണ്ടോയെന്ന് സമഗ്രമായ പരിശോധനക്ക് വിധേയമാക്കേണ്ടതാണ്. പാര്‍ലിമെന്ററി സംവിധാനത്തിന്റെ മുഖമുദ്ര സുതാര്യതയാണ്. രഹസ്യാത്മകതയാകട്ടേ സ്വേച്ഛാധിപത്യത്തിന്റെതും. ക്രൂരമായ വിശ്വാസരാഹിത്യത്തിന്റെ തലം അതിലുണ്ട്.
സഹകരണ ബേങ്കുകളെ പണ വ്യവസ്ഥയില്‍ നിന്ന് അപ്പാടെ മാറ്റി നിര്‍ത്തുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ കൈകൊണ്ടിരിക്കുന്നത്. പഴയ പണം മാറ്റി നല്‍കാന്‍ അവക്ക് അധികാരം നല്‍കിയില്ലെന്ന് മാത്രമല്ല, വിലക്കിയ പണം നിക്ഷേപമായി സ്വീകരിക്കാന്‍ പോലും അനുവദിച്ചില്ല. ഇത് ഫെഡറല്‍ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്. ഇന്ത്യന്‍ ഭരണഘടന കേന്ദ്ര ഭരണകൂടത്തിന് വ്യക്തമായ മുന്‍ തൂക്കം നല്‍കുന്നുണ്ടെങ്കിലും അത് ഫെഡറല്‍ മര്യാദകള്‍ക്കായി നിലകൊള്ളുന്നു. സംസ്ഥാന സര്‍ക്കാറുകള്‍ പാസ്സാക്കിയ നിയമങ്ങള്‍ക്കനുസരിച്ചാണ് സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഈ നിയമങ്ങളെ മാനിക്കാനുള്ള ബാധ്യത കേന്ദ്ര ഭരണകൂടത്തിനുണ്ട്. റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യക്കും മറ്റ് കേന്ദ്ര പണ അധികാരികള്‍ക്കും ആവശ്യമായ നിഷ്‌കര്‍ഷകള്‍ നല്‍കാം. പക്ഷേ, അത് സംസ്ഥാന നിയമസഭകളുടെ നിയമനിര്‍മാണ അവകാശത്തെ ഹനിക്കുന്ന തരത്തിലാകരുത്. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തെ യൂനിയനായി മുന്നോട്ട് കൊണ്ടുപോകുന്നതിന് ഈ വിശ്വാസത്തിലെടുക്കല്‍ അനിവാര്യമാണ്.

‘നോട്ടാക്രമണം’ സമ്പദ്‌വ്യവസ്ഥക്ക് ഉണ്ടാക്കുന്ന ലാഭ- നഷ്ടങ്ങള്‍ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടണം. സര്‍ക്കാര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ഒരു കണക്കുണ്ട്. പിന്‍വലിച്ച നോട്ടുകളുടെ മൊത്തം മൂല്യം 14.12 ലക്ഷം കോടി. ആറ് ലക്ഷം കോടിയോ എട്ട് ലക്ഷം കോടിയോ തിരിച്ചു വന്നുവെന്ന് പറയും. ബാക്കി വരുന്നത് കള്ളപ്പണം. ഈ കണക്ക് പ്രചാരണത്തിന് ഉപയോഗിക്കാവുന്ന ലളിത സമവാക്യം മാത്രമാണ്. കണക്ക് ക്ലോസ് ചെയ്ത് ലാഭം പ്രഖ്യാപിക്കും മുമ്പ് വേറെ ചില കാര്യങ്ങള്‍ കൂടി കണക്കിലെടുക്കണം. പുതിയ നോട്ടടിക്കാന്‍ മാത്രം 12,000 കോടി രൂപയുടെ ചെലവുണ്ടാകുമെന്നാണ് കണക്ക്. അത് ബേങ്കുകളില്‍ എത്തിക്കാനുള്ള ഗതാഗത ചെലവും സുരക്ഷാ ചെലവും വേറെയും. ആകെ കള്ളനോട്ടുകളുടെ മൂല്യം 400 കോടി. കാശായിട്ടുള്ള കള്ളപ്പണത്തിന്റെ അളവ് മൊത്തം കള്ളപ്പണത്തിന്റെ ആറ് ശതമാനം മാത്രം. എലിയെ കൊല്ലാന്‍ ഇല്ലം ചുടുകയാണ് ബി ജെ പി സര്‍ക്കാര്‍ ചെയ്തതെന്നതിന് ഈ കണക്ക് മാത്രം പോരേ തെളിവ്?

ഇനി ഈ നടപടി സമ്പദ്‌വ്യവസ്ഥക്കുണ്ടാക്കിയ വിശ്വാസ്യതാ നഷ്ടം കണക്ക് കൂട്ടണം. ആകെ കുത്തഴിഞ്ഞ ഒരു സമ്പദ്‌വ്യവസ്ഥയുടെ ചിത്രമാണ് പുറത്തേക്ക് പോയിരിക്കുന്നത്. ഇത് ഉണ്ടാക്കുന്ന നിക്ഷേപ നഷ്ടത്തിന്റെ മൂല്യമെടുക്കണം. ഇന്നും നാളെയും വീണ്ടെടുക്കാവുന്നതല്ല ഈ നഷ്ടം. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. കാര്‍ഷിക മേഖലയില്‍ വിത്ത് വിതക്കേണ്ട സമയമാണിത്. വിതയില്ല, മണ്ണൊരുക്കലുമില്ല. നിര്‍മാണ മേഖല സ്തംഭിച്ചിരിക്കുന്നു. വ്യാപര, കയറ്റുമതി മേഖല സമ്പൂര്‍ണമായി നിശ്ചലം. സര്‍വ സാമ്പത്തിക പ്രവര്‍ത്തനവും സ്തംഭനാവസ്ഥയിലാണ്. മനുഷ്യര്‍ക്ക് ക്രയശേഷിയില്ലെങ്കില്‍ എന്ത് സാമ്പത്തിക പ്രവര്‍ത്തനമാണ് നടക്കുക. രക്തയോട്ടം നിര്‍ത്തി വെച്ചാല്‍ പിന്നെ എങ്ങനെ എഴുന്നേറ്റ് നടക്കും? ഈ മാന്ദ്യം ബഹുസഹസ്ര കോടികളുടെ നഷ്ടമാണ് സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടാക്കുക. ഇത് കണക്കാക്കേണ്ടേ? ഈ കണക്കുകളെയാകെ വെച്ച് വേണം ഭ്രാന്തന്‍ നയത്തിന്റെ ബാലന്‍സ് ഷീറ്റ് തയ്യാറാക്കാന്‍. അപ്പോള്‍ തെളിയുന്ന നഷ്ടം ആരില്‍ നിന്ന് ഈടാക്കും?

പുതുതലമുറ ബേങ്കുകളുടെയും പേ ടിഎം അടക്കുമുള്ള ഓണ്‍ലൈന്‍ ധനകാര്യ സംവിധാനങ്ങളുടെയും ഉറ്റ ചങ്ങാതിയും സംരക്ഷകനുമാണല്ലോ പ്രധാനമന്ത്രി. എന്നാല്‍ അദ്ദേഹത്തിന് ഇത്തരം സ്ഥാപനങ്ങള്‍ ഈ നിര്‍ണായക ഘട്ടത്തില്‍ പിന്തുണയേകിയോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഒരു ക്രമീകരണത്തിനും കൂടുതല്‍ സേവനത്തിനും ഈ ന്യൂജനുകള്‍ തയ്യാറായില്ല. അതിന്റെ ഉപഭോക്താക്കളോടു പോലും കടമ നിര്‍വഹിച്ചില്ല. ഇവരെ പ്രോത്സാഹിപ്പിക്കുന്ന പ്രധാനമന്ത്രി ഇനിയെങ്കിലും വീണ്ടുവിചാരത്തിന് തയ്യാറാകുമോ? സാധ്യതയില്ല. പക്ഷേ രാജ്യത്തിന്റെ ധനകാര്യ നിയമ സംവിധാനവും നീതിന്യായ വിഭാഗവും ഇവയുടെ കാര്യത്തില്‍ ശക്തമായ പരിശോധനകള്‍ക്ക് തയ്യാറാകണം.
ഒരു കാര്യം തീര്‍ത്ത് പറയാനാകും. പ്രധാനമന്ത്രി ഇങ്ങനെ കരയേണ്ട കാര്യമില്ല. അദ്ദേഹത്തിന് എല്ലാ പിന്തുണയും നല്‍കാന്‍ ഇവിടുത്തെ പ്രതിപക്ഷം തയ്യാറായിട്ടുണ്ട്. മന്‍മോഹന്‍ സിംഗ് മന്ത്രിസഭ കൃത്യമായ തീയതി വെച്ച് സാവകാശം നല്‍കി ഉയര്‍ന്ന ഡിനോമിനേഷന്‍ നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ ബി ജെ പി നടത്തിയത് പോലുള്ള കടന്നാക്രമണങ്ങള്‍ അവര്‍ നടത്തിയില്ലല്ലോ. ഇപ്പോള്‍ പ്രതിപക്ഷത്ത് ബി ജെ പിയായിരുന്നുവെങ്കില്‍ സങ്കല്‍പ്പിച്ചു നോക്കൂ എന്തായിരിക്കും സ്ഥിതി? പ്രതിപക്ഷത്തിന്റെ പ്രതികരണം ഇത്ര ‘പക്വമാ’യതിന് പിന്നില്‍ രണ്ട് കാരണങ്ങളാണ് ഉള്ളത്. ഒന്ന്, ഫാസിസം ഉയര്‍ത്തുന്ന യുക്തികള്‍ക്ക് പൊതു സമൂഹം അതിവേഗം കീഴടങ്ങുന്നുവെന്നത് തന്നെ. രണ്ട്, പ്രതിപക്ഷത്തിന്, പ്രത്യേകിച്ച് കോണ്‍ഗ്രസിന്, ബദല്‍ സാമ്പത്തിക നയം മുന്നോട്ട് വെക്കാനില്ല. ജനങ്ങളെ മുഴുവന്‍ ബേങ്കിംഗ്‌വത്കരിക്കണമെന്നതില്‍ കോണ്‍ഗ്രസിന് എതിരഭിപ്രായമില്ല. എല്ലാവരും പ്ലാസ്റ്റിക് മണിയിലേക്ക് ഉദ്ഗ്രഥിക്കപ്പെടണമെന്നതാണ് അവരുടെയും സ്വപ്‌നം. കോര്‍പറേറ്റുകള്‍ എല്ലാ തരം ഇളവുകള്‍ക്കും അര്‍ഹരാണെന്നതിലും അവര്‍ക്ക് തര്‍ക്കമില്ല. പിന്നെങ്ങനെ പ്രതിഷേധത്തിന്റെ കുന്തമുനയാകാന്‍ അവര്‍ക്ക് സാധിക്കും?