ഇഷ്ട നമ്പര്‍ നോട്ടുകള്‍ ഓണ്‍ലൈന്‍ വില്‍പ്പനക്ക്; 2,000ന്റെ അഞ്ച് നോട്ടുകള്‍ക്ക് വില 1.51 ലക്ഷം

Posted on: November 20, 2016 6:50 am | Last updated: November 19, 2016 at 11:53 pm

ആലപ്പുഴ: 500, 1000 രൂപ നോട്ടുകള്‍ നിരോധിക്കുകയും പുതിയ 2,000 രൂപ നോട്ട് പുറത്തിറക്കുകയും ചെയ്തത് പുതിയ കച്ചവട മാര്‍ഗമായി സ്വീകരിച്ചിരിക്കുകയാണ് ചില ഓണ്‍ലൈന്‍ വില്‍പ്പനക്കാര്‍. ഭാഗ്യനമ്പര്‍ നോട്ടുകള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുത്ത് വന്‍ ലാഭം കൊയ്യുകയാണിവര്‍. ഇഷ്ടനമ്പര്‍ നോട്ടുകള്‍ സാധാരണ ഗതിയില്‍ സൂക്ഷിച്ചുവെക്കുന്നതിനായാണ് കൂടുതല്‍ പണം നല്‍കി വാങ്ങുന്നത്.
ഈ മാസം എട്ടിന് 500, 1000 രൂപ നോട്ടുകള്‍ നിരോധിക്കുകയും പുതിയ രണ്ടായിരം രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കുകയും ചെയ്തതോടെയാണ് ലാഭക്കണ്ണുമായി ഓണ്‍ലൈന്‍ വില്‍പ്പനക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമായും ഇ ബേയ് എന്ന വെബ്‌സൈറ്റാണ് ഇത്തരത്തില്‍ ഭാഗ്യനമ്പര്‍ നോട്ടുകള്‍ വില്‍പ്പന നടത്തുന്നത്. 2000ന്റെ ഒരു ഭാഗ്യ നമ്പര്‍ നോട്ട് കിട്ടണമെങ്കില്‍ 3,500 രൂപയെങ്കിലും നല്‍കേണ്ടി വരും.
ഭാഗ്യനമ്പര്‍ മതപരമായ ബന്ധമുള്ളതാണെങ്കില്‍ വില അല്‍പം കൂടും. ഉദാഹരണത്തിന് 786 പോലെ ഏറെ പ്രിയമുള്ള നമ്പര്‍ സീരിസ് നോട്ടുകള്‍ ലഭിക്കാന്‍ പത്തും പതിനഞ്ചും ഇരട്ടി വരെ വില നല്‍കണം. 786 നമ്പറിലെ അഞ്ച് സീരിസ് 2,000ന്റെ നോട്ടുകള്‍ക്ക് 1.51 ലക്ഷം രൂപ വരെ ഇ-ബേയ് കമ്പനി ഈടാക്കുന്നതായാണ് വിവരം.
എല്ലാതരം നോട്ടുകള്‍ക്കും ഭാഗ്യനമ്പര്‍ ആവശ്യക്കാരും ഏറിയിട്ടുണ്ടെന്നാണ് ഓണ്‍ലൈന്‍ വില്‍പ്പനക്കാരുടെ വിലയിരുത്തല്‍. ഭാഗ്യനമ്പര്‍ ആവശ്യമുള്ള നോട്ട് നല്‍കുന്നതിന് ഓണ്‍ലൈന്‍ വില്‍പ്പനക്കാര്‍ ചോദിക്കുന്ന പണം ഓണ്‍ലൈന്‍ ട്രാന്‍സ്ഫറിലുടെയോ ക്രെഡിറ്റ് കാര്‍ഡ് മുഖേനയോ അടച്ചു കഴിഞ്ഞാലുടന്‍ ബന്ധപ്പെട്ടവര്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് പതിവ്.
അഞ്ചിന്റെയും പത്തിന്റെയും ഉള്‍പ്പെടെ ചില്ലറ നോട്ടുകള്‍ക്കും ഇത്തരത്തില്‍ ഭാഗ്യനമ്പറുകള്‍ അന്വേഷിച്ചെത്തുന്നവരുണ്ട്. ഇവര്‍ക്കും വന്‍തുക ഈടാക്കി ഇത്തരം നോട്ടുകള്‍ കമ്പനി ലഭ്യമാക്കുന്നുണ്ട്. നിയമ കുരുക്കുകള്‍ ഭയന്ന് ഭാഗ്യനമ്പറുകളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇവര്‍ പരസ്യപ്പെടുത്താറില്ല. ഇന്ത്യന്‍ കറന്‍സിയുടെ ഓണ്‍ലൈന്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഏതാനും കമ്പനികള്‍ക്ക് മധ്യപ്രദേശ് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ഇതാണ് തേടി വരുന്ന ആവശ്യക്കാര്‍ക്ക് മാത്രമായി കമ്പനികള്‍ സേവനം പരിമിതപ്പെടുത്തിയത്.
പുതിയ സീരിയലിലെ ഒരു രൂപ നോട്ടുകള്‍ നൂറിരട്ടിവരെ വില ഈടാക്കിയാണ് ഇവര്‍ വില്‍പ്പന നടത്തുന്നത്. 20ന്റെ മൂന്ന് 786 സീരിയല്‍ നമ്പര്‍ നോട്ടുകള്‍ ലഭിക്കാന്‍ 900 രൂപയും 50ന്റെ ഒരു ഭാഗ്യനമ്പര്‍ നോട്ടിന് അയ്യായിരം രൂപയും കമ്പനികള്‍ ഈടാക്കുന്നു. നോട്ട് നിരോധം മറയാക്കി ഓണ്‍ലൈന്‍ വില്‍പ്പനക്കാര്‍ വന്‍ലാഭം കൊയ്യുമ്പോഴും ഇത്രയേറെ ഭാഗ്യനമ്പര്‍ നോട്ടുകള്‍ ഇവരുടെ കൈവശം എങ്ങനെ എത്തിയെന്നത് ദുരൂഹമാണ്.