പിന്നാക്ക മേഖലയില്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് മുഖ്യമന്ത്രി

Posted on: November 19, 2016 11:14 pm | Last updated: November 20, 2016 at 10:12 am

naveen patnayikഭുവനേശ്വര്‍: സംസ്ഥാനത്തെ പിന്നാക്ക മേഖലകളില്‍ 50000 രൂപയില്‍ കൂടുതല്‍ ബേങ്കുകളില്‍ നിക്ഷേപിക്കുന്നതിന് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇത് കൂടുതല്‍ തവണ ബേങ്കുകളില്‍ പോകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനും ബേങ്കുകളിലെ തിരക്ക് കുറക്കാനും ഉപകരിക്കുമെന്നും നരേന്ദ്ര മോദിക്കയച്ച കത്തില്‍ പട്‌നായിക്ക് അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ 23 ശതമാനത്തോളം വരുന്ന പട്ടിക വിഭാഗക്കാര്‍ തങ്ങളുടെ വരുമാനം പാരമ്പര്യമായി പണമായി വീട്ടില്‍ സൂക്ഷിക്കുന്നവരാണ്. ഇവര്‍ അധിവസിക്കുന്ന മേഖലകളില്‍ ബേങ്കുകള്‍ വളരെ കുറവാണ്. അതുകൊണ്ടുതന്നെ ബേങ്ക് ഇടപാടുകള്‍ നടത്തുന്നവര്‍ ചുരുക്കമാണെന്നും കത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചു.