Connect with us

Sports

മാധ്യമങ്ങള്‍ വെംഗറിനാണ് പ്രാമുഖ്യം നല്‍കുന്നത്, ചെറിയ ഇടം എനിക്കും തരൂ : മൗറിഞ്ഞോ

Published

|

Last Updated

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മൗറിഞ്ഞോയുടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ആര്‍സെന്‍ വെംഗറുടെ ആഴ്‌സണലും ഇന്ന് നേര്‍ക്കുനേര്‍. ടീമുകളുടെ പോരാട്ടത്തേക്കാള്‍ ശ്രദ്ധേയം പരിശീലകരുടെ വാക്‌യുദ്ധമാണ്. മൗറിഞ്ഞോയും വെംഗറും എപ്പോഴൊക്കെ മുഖാമുഖം വന്നോ അപ്പോഴെല്ലാം പൊരിഞ്ഞ അടിയാണ്. വാക്കുകള്‍ കൊണ്ടുള്ള അടി കഴിഞ്ഞ സീസണില്‍ ഗ്രൗണ്ടില്‍ കൊമ്പുകോര്‍ക്കുന്നത് വരെയെത്തിയിരുന്നു.

ചെല്‍സിയുടെ പരിശീലകനായിരുന്നപ്പോള്‍ ഒരിക്കല്‍ മാത്രമാണ് മൗറിഞ്ഞോ വെംഗറുടെ ആഴ്‌സണലിനോട് പരാജയപ്പെട്ടത്. പ്രീമിയര്‍ ലീഗില്‍ ഇതുവരെ മൗറിഞ്ഞോയെ തോല്‍പ്പിക്കാന്‍ ഗണ്ണേഴ്‌സിന്റെ ഫ്രഞ്ച് കോച്ചിന് സാധിച്ചിട്ടുമില്ല.
ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ആര്‍സെന്‍ വെംഗറെ ലക്ഷ്യമിടാന്‍ മൗറിഞ്ഞോ മറന്നില്ല. മാധ്യമങ്ങള്‍ വെംഗര്‍ക്ക് അമിതപ്രാധാന്യം നല്‍കുകയാണെന്നായിരുന്നു മൗറിഞ്ഞോയുടെ പരാതി. ആഴ്‌സണല്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരാകാന്‍ പോകുന്നില്ല, വെംഗറുടെ ടീമിന് അതിനുള്ള കരുത്തൊന്നും ഇല്ല. താന്‍ അവസാനമായി കിരീട ജയം നേടിയത് പതിനെട്ട് മാസം മുമ്പാണ്, മാധ്യമങ്ങള്‍ പക്ഷേ, പതിനെട്ട് വര്‍ഷമായതു പോലെയാണ് തന്നോട് പെരുമാറുന്നത്- മൗറിഞ്ഞോ പറഞ്ഞു.

ചെല്‍സിയില്‍ നിന്ന് താന്‍ പുറത്താക്കപ്പെട്ടതോടെ തന്റെ കരിയര്‍ പ്രതിസന്ധിയിലായിട്ടില്ല. തനിക്കേറെ ഓഫറുകള്‍ വന്നു, പലരുമായും ചര്‍ച്ചകള്‍ നടത്തി. യൂറോപ്പിലെ വലിയ ക്ലബ്ബുകളുടെ പരിശീലകനായിരുന്നു താന്‍, അതിനാല്‍ തന്നെ വലിയ ക്ലബ്ബിനായി കാത്തിരിക്കുകയായിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ എത്തിയതോടെ വലിയ ആഗ്രഹം സഫലമായി. നാല് വ്യത്യസ്ത ക്ലബ്ബുകളിലായി ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയിട്ടുണ്ട്. പരിശീലിപ്പിക്കുന്ന ക്ലബ്ബുകളില്‍ എല്ലാം ചാമ്പ്യനാകാനാണ് തനിക്കിഷ്ടം. അതിന് വേണ്ടിയാണ് കഠിനാധ്വാനം ചെയ്യുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെയും ചാമ്പ്യന്‍ ക്ലബ്ബാക്കും – മൗറിഞ്ഞോ പറഞ്ഞു.

ഇംഗ്ലീഷ് താരം വെയിന്‍ റൂണി പാര്‍ട്ടിയില്‍ മദ്യപിച്ച് നില്‍ക്കുന്ന ഫോട്ടോ പുറത്തുവന്നത് സംബന്ധിച്ച ചോദ്യത്തോട് മൗറിഞ്ഞോ പ്രതികരിച്ചില്ല. റൂണി കളിക്കാന്‍ തയ്യാറായിക്കഴിഞ്ഞു എന്ന് മാത്രമായിരുന്നു കോച്ചിന്റെ മറുപടി.
റൂണിയുടെ ചിത്രത്തെ കുറിച്ച് വെംഗര്‍ പ്രതികരിച്ചില്ല. എന്നാല്‍ മദ്യപാനത്തെ കുറിച്ച് ചിലത് പറഞ്ഞു. മദ്യപാനം കരിയര്‍ തകര്‍ക്കുമെന്ന ബോധ്യം ഇന്നത്തെ കളിക്കാര്‍ക്കുണ്ടെന്നും ആ ബോധ്യമില്ലാത്തവര്‍ക്ക് അധികം നാള്‍ ഫുട്‌ബോളില്‍ തുടരാന്‍ സാധിക്കില്ലെന്നും വെംഗര്‍ പറഞ്ഞു.

പ്രീമിയര്‍ ലീഗില്‍ 11 റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ 24 പോയിന്റുമായി ആഴ്‌സണല്‍ നാലാം സ്ഥാനത്താണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പതിനെട്ട് പോയിന്റുമായി ആറാം സ്ഥാനത്ത്.

Latest