സഹകരണ മേഖലയെ രക്ഷിക്കാന്‍ ഗ്യാരണ്ടി സ്‌കീം നടപ്പാക്കണം: പ്രതിപക്ഷം

Posted on: November 17, 2016 3:33 pm | Last updated: November 17, 2016 at 3:33 pm

oppositionതിരുവനന്തപുരം: നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് കേരളത്തിലെ സഹകരണ ബാങ്കിംഗ് മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ കോഓപ്പറേറ്റീവ് ഗ്യാരണ്ടി ട്രാന്‍സാക്ഷന്‍ സ്‌കീം നടപ്പാക്കണമെന്ന് പ്രതിപക്ഷം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി തോമസ് ഐസക്ക് തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രതിപക്ഷം ഈ ആവശ്യം ഉന്നയിച്ചത്. സഹകരണ മേഖലയെ രക്ഷിക്കാന്‍ സര്‍ക്കാറിന് എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

സഹകരണ ബേങ്കില്‍ മതിയായ ഡെപ്പോസിറ്റ് ഉണ്ടായിട്ടും ആവശ്യത്തിന് പണം ലഭിക്കാത്ത സ്ഥിതിയാണുള്ളത്. അതിന് പരിഹാരമായി നിക്ഷേപം ഉള്ള ആള്‍ക്ക് ചെക്ക് നല്‍കിയാല്‍ അത് പാസ്സാക്കി ഏത് സ്ഥാപനത്തില്‍ നിന്നാണോ അയാള്‍ക്ക് സേവനം വേണ്ടത് ആ സ്ഥാപനത്തിന് ബാങ്ക് ഗ്യാരണ്ടി നല്‍കുന്ന സംവിധാനമാണ് ഗ്യാരണ്ടി ട്രാന്‍സാക്ഷന്‍ സ്‌കീമിലൂടെ ഉദ്ദേശിക്കുന്നതെന്ന് ചെന്നിത്തല വ്യക്തമാക്കി. പദ്ധതി സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതായും അദ്ദേഹം അറിയിച്ചു.

സഹകരണ മേഖലയെ തകര്‍ക്കാനുള്ള ഒരു ശ്രമത്തോടും യുഡിഎഫിന് യോജിപ്പില്ല. കേരളത്തിന്റെ സാമ്പത്തിക രംഗത്തെ പിടിച്ചുനിര്‍ത്തുന്നത് സഹകരണ മേഖലയാണ്. അവരെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി നടത്തുന്ന പ്രചാരണങ്ങളെ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ പ്രതിപക്ഷം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.