അന്താരാഷ്ട്ര മീലാദ് സമ്മേളനം വിജയിപ്പിക്കുക: കാന്തപുരം

Posted on: November 16, 2016 12:41 pm | Last updated: November 16, 2016 at 12:41 pm
SHARE

kanthapuramകാരന്തൂര്‍: മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 25ന് കോഴിക്കോട്ട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം വന്‍വിജയമാക്കി മാറ്റാന്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആഹ്വാനം ചെയ്തു. മര്‍കസ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന മീലാദ് സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപവത്കരണ കണ്‍വെന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
റബീഉല്‍ അവ്വല്‍ മുഴുവന്‍ നബി(സ)യെ പ്രകീര്‍ത്തിച്ചും അനുസ്മരിച്ചും ലോക മുസ്‌ലിംകള്‍ സമ്മേളനങ്ങളും ചര്‍ച്ചകളും സംഘടിപ്പിക്കുന്നത് പ്രവാചകരുടെ സഹിഷ്ണുതയുടെയും സ്‌നേഹത്തിന്റെയും സന്ദേശങ്ങളെ പ്രചരിപ്പിക്കാനും മൗലിദുകളും സ്വലാത്തുകളും വര്‍ദ്ധിപ്പിച്ച് നബിയോടുള്ള അനുരാഗം പ്രകടിപ്പിക്കുവാനുമാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മഹാഭൂരിപക്ഷം വരുന്ന സുന്നി മുസ്‌ലിംകളുടെ നേതൃത്വത്തില്‍ മീലാദ് പരിപാടികള്‍ നടന്നു വരുന്നു. 2004 മുതല്‍ കേരളത്തില്‍ ആരംഭിച്ച അന്താരാഷ്ട്ര മീലാദ് സമ്മേളനങ്ങള്‍ വിപുലമായ രീതിയില്‍ പ്രവാചകരെ പൊതു സമൂഹത്തിന് പരിചയപ്പെടുത്താനും വിശ്വാസികളുടെ ഹൃദയങ്ങളില്‍ പ്രവാചക സ്‌നേഹം സജീവമാക്കാനും നിമിത്തമായിട്ടുണ്ട്. ഡോ. ഉമര്‍ അബ്ദുല്ല കാമില്‍, ഡോ. അബ്ബാസ് അലവി മാലിക്കി മക്ക, സയ്യിദ് ഹബീബ് അലി ജിഫ്‌രി തുടങ്ങിയ ലോകത്തെ പ്രശസ്തരായ സൂഫി പണ്ഡിതരെ കേരളത്തിലേക്ക് മീലാദ് സമ്മേളനത്തിന് കൊണ്ടുവരാനും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രകീര്‍ത്തന സംഘങ്ങളുടെ പ്രവാചക കീര്‍ത്തനാലാപനങ്ങള്‍ നടത്താനും സാധിച്ചത് കേരളീയ മുസ്‌ലിംകള്‍ക്ക് ലഭിച്ച അനുഗ്രഹമാണ്. പ്രവാചകരുടെ സന്ദേശങ്ങളെ വികലമാക്കി മാറ്റാന്‍ മതപരിഷ്‌കരണ വാദികള്‍ ശ്രമിക്കുന്ന കാലത്ത് യഥാര്‍ത്ഥ വസ്തുതകളെ അവലംബിച്ചും പാരമ്പര്യമായി തുടര്‍ന്ന് പോരുന്ന അനുരാഗ പ്രകടനങ്ങള്‍ വര്‍ദ്ധിപ്പിച്ചും വിശ്വാസികള്‍ റബീഉല്‍ അവ്വല്‍ ആഘോഷിക്കണം. ആ തലത്തില്‍ ഈ വര്‍ഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മത-സംസ്‌കാരിക നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും കാന്തപുരം പറഞ്ഞു. കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം ഉദ്ഘാടനം നിര്‍വഹിച്ചു.
സി. മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, ഡോ. എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, മജീദ് കക്കാട് പ്രസംഗിച്ചു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപ്പറമ്പ്, പൊന്മള മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, എന്‍. അലി അബ്ദുല്ല, കെ.എം.എ റഹീം സാഹിബ്, പി.സി ഇബ്‌റാഹീം മാസ്റ്റര്‍, കാസിം കോയ, അബ്ദുറസാഖ് സഖാഫി വെള്ളിയാമ്പുറം, റഹ്മത്തുള്ള സഖാഫി എളമരം, ഫാറൂഖ് നഈമി കൊല്ലം, മജീദ് അരിയല്ലൂര്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here